കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് കഴിവല്ല: ജഗതി ശ്രീകുമാറിന്റെ അഭിനയ രീതിയെ വിമർശിച്ച് ലാൽ

Mail This Article
ജഗതി ശ്രീകുമാറിനെപ്പറ്റി നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം ചർച്ചയാകുന്നു. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി. ‘കേരള ക്രൈം ഫയല്‍സ്’ െവബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാലിന്റെ വാക്കുകൾ: ‘‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം.
അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്‌ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ട് വരും.
ചിലപ്പോൾ നമ്മൾ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോ ദുർബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാൾ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഈ സ്വന്തമായി അല്ലെങ്കിൽ സ്പൊണ്ടേനിയസ് ആയി ഇടുക എന്നു പറയുന്നത് ഒട്ടും നല്ല ലക്ഷണമല്ല.’’