യോഗാസന വിഡിയോയിലൂടെ ആരാധകരെ അമ്പരപ്പിച്ച് നടി സംയുക്ത വർമ

Mail This Article
വീണ്ടും യോഗാസന വിഡിയോയിലൂടെ ആരാധകരെ അമ്പരപ്പിച്ച് നടി സംയുക്ത വർമ. സങ്കീർണമായ വിവിധ യോഗാസനങ്ങൾ അനായാസം ചെയ്യുന്ന സംയുക്തയെ വിഡിയോയിൽ കാണാം. പുഷ്അപ്പിൽ തുടങ്ങി, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങങ്ങൾ കൃത്യതയോടെ ചെയ്യുകയാണ് സംയുക്ത. പൂർണ്ണ മനസ്സോടെ, ശ്വസനത്തിലുള്ള അവബോധത്തോടെ ചെയ്യുന്ന ഏതൊരു പരിശീലനവും യോഗയാകുമെന്ന് വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ സംയുക്ത വർമ വ്യക്തമാക്കി.
സംയുക്ത വർമയുടെ കുറിപ്പിന്റെ പൂർണ്ണരൂപം: 'ഹഠയോഗ പ്രദീപിക, പതഞ്ജലി യോഗസൂത്രങ്ങൾ തുടങ്ങിയ ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന പരമ്പരാഗത യോഗാസനങ്ങളല്ല ഹനുമാൻ ദണ്ഡും വൃശ്ചിക ദണ്ഡും. അവ പരമ്പരാഗത അഖാഡകളിലും ദണ്ഡ്-ബൈട്ടക് അല്ലെങ്കിൽ അഷ്ടാംഗത്തിൽ അധിഷ്ഠിതമായ ശക്തി യോഗ പോലുള്ള ചില യോഗാ ശൈലികളിലുമാണ് പരിശീലിക്കപ്പെടുന്നത്. എന്റെ പരിശീലനങ്ങളിൽ വരുന്ന പ്രായത്തിന്റെ പരിമിതികളെയും സ്ത്രീ ചക്രത്തിന്റെ ശാരീരിക മാറ്റങ്ങളെയും ഞാൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പൂർണ്ണ മനസ്സോടെ, ശ്വസനത്തിലുള്ള അവബോധത്തോടെ ചെയ്യുന്ന ഏതൊരു പരിശീലനവും യോഗയാകും.'
നിരവധി പേരാണ് വിഡിയോ ലൈക്ക് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ എസ്ആർസി കമ്യുണിറ്റി യോഗ ഇൻസ്ട്രകടർ കോഴ്സ്, അഷ്ടാംഗ വിന്യാസത്തിലും മൈസൂർ ഹഠയോഗയിലും ടിടിസി കോഴ്സ് എന്നിവ പൂർത്തിയാക്കിയിട്ടുള്ള സംയുക്ത വർമ മികച്ച യോഗാഭ്യാസിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളും താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.