ADVERTISEMENT

‘പടക്കളം’ എന്ന ചിത്രത്തിൽ അഭിനയിച്ച ഇഷാൻ ഷൗക്കത്ത് എന്ന യുവ നടനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു. കണ്ടംപററി ഡാൻസറായ അദ്ദേഹം ക്‌ളൈമാക്‌സിൽ പെട്ടെന്നുണ്ടായ മാറ്റത്തിന് വേണ്ടി ക്ലാസ്സിക്കൽ ഡാൻസ് രണ്ടുദിവസം പരിശീലിച്ച് ചെയ്തതാണ് ഇപ്പോൾ ട്രോൾ ചെയ്യപ്പെടുന്ന ആ രംഗമെന്ന് വിജയ് ബാബു പറയുന്നു.  തന്റെ ഇമേജിനെ ബാധിക്കുമെന്ന് പേടിച്ച് മാറിനിൽക്കാതെ സിനിമയ്ക്ക് വേണ്ടി രണ്ടു ദിവസം ക്ലാസ്സിക്കൽ ഡാൻസ് പഠിച്ച്  ആ നൃത്തരംഗം ചെയ്യാൻ ഇഷാൻ സ്വയം തയാറാവുകയായിരുന്നു. പോസിറ്റീവ് ആയ വിമർശനങ്ങൾ തുറന്ന മനസ്സാലെ സ്വീകരിക്കുന്നുവെന്നും യുവനടന്മാരുടെ മനോവീര്യം തകർക്കുന്ന തരത്തിൽ അവരെ ടാർഗറ്റ് ചെയ്യരുതെന്ന അഭ്യര്‍ഥനയുണ്ടെന്നും വിജയ് ബാബു കുറിച്ചു. ‘അൺപോപ്പുലർ ഒപീനിയൻസ് മലയാളം’ എന്ന ഗ്രൂപ്പിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.

‘‘ഈ പേജ് ഞാൻ ഫോളോ ചെയ്യുന്നുണ്ട്. പടക്കളത്തെക്കുറിച്ച് നിങ്ങൾ എഴുതിയ കമന്റുകൾ എല്ലാം ഞാൻ കണ്ടു.  സിനിമയെ സ്വീകരിച്ച എല്ലാവർക്കും നന്ദി. എല്ലാവരുടെയും പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങളും നിർദേശങ്ങളും ഞാൻ അതുപോലെയെടുക്കുന്നു. പക്ഷേ ചില കഥാപാത്രങ്ങളുടെ കാസ്റ്റിങ് മോശമായിരുന്നു എന്ന നിങ്ങളുടെ അഭിപ്രായങ്ങളിലും ആ ആർട്ടിസ്റ്റുകളെ ടാർഗറ്റ് ചെയ്ത് അവരെ കളിയാക്കുന്നതിലും എനിക്ക് വിയോജിപ്പുണ്ട്. അവരെ കാസ്റ്റ് ചെയ്തത് എന്തുകൊണ്ടെന്ന് അറിയാതെയാണ് നിങ്ങൾ പ്രതികരിക്കുന്നത്.  

ഇഷാൻ ഷൗക്കത്തിനെ ടാർഗറ്റ് ചെയ്യുന്ന കുറച്ച് പോസ്റ്റുകൾ കാണിനിടയായി. ഒരുപാട് കഴിവുകളുള്ള ഒരു ചെറുപ്പക്കാരനാണ് അവൻ, ആ കഥാപാത്രത്തിലേക്ക് അവനെ കാസ്റ്റ് ചെയ്‌തതിനു പല കാരണങ്ങളുണ്ട്.  അവൻ ഒരു ക്ലാസിക്കൽ ഡാൻസറല്ല മറിച്ച് കണ്ടംപററി നൃത്തം പഠിച്ചആളാണ്. ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിച്ചതിനുശേഷം സംഗീതത്തിനനുസരിച്ച് അവസാന നിമിഷം ചില മാറ്റങ്ങൾ വേണ്ടിവന്നിരുന്നു. രണ്ട് ദിവസം ക്ലാസിക്കൽ സ്‌റ്റെപ്പുകൾ പരിശീലിച്ച് ആ സീൻ ചെയ്യാമെന്ന് ഇഷാൻ സമ്മതിക്കുകയായിരുന്നു. 

അവന്റെ കലയുടെ പൂർണതയെ മോശമായി ബാധിക്കുമെന്ന് മനസ്സിലാക്കി അവന്‌ വേണമെങ്കിൽ അതിൽ നിന്ന് പിന്മാറാമായിരുന്നു. പക്ഷേ അതൊരു കോളേജ് പരിപാടിയായതുകൊണ്ട് തന്നെ പെർഫെക്ട് ആകണമെന്ന് നിർബന്ധമില്ലെന്നും അവന്റെ കഥാപാത്രം അത്തരത്തിലായതുകൊണ്ട് നൃത്തം പെർഫെക്റ്റ് ആയില്ലെങ്കിലും കുഴപ്പമില്ലെന്നും ഞങ്ങൾക്ക് തോന്നി. നല്ല വിമർശനങ്ങളെയെല്ലാം തന്നെ സ്വീകരിക്കുന്നു, അഭിനന്ദിക്കുന്നു. പക്ഷേ യുവ കലാകാരന്മാരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ അവരെ ടാർഗറ്റ് ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. എല്ലാവർക്കും നന്ദി.’’ വിജയ് ബാബു കുറിച്ചു. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ മനു സ്വരാജ് സംവിധാനം ചെയ്ത സിനിമയാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഒടിടിയിലും ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  നിരഞ്ജന അനൂപ്, അരുൺ അജികുമാർ, ഇഷാൻ ഷൗക്കത്ത്,  പൂജാ മോഹൻരാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

English Summary:

Vijay Babu, the producer of the film 'Padakkalam', has responded to criticism leveled against the young actor Ishan Shoukath.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com