യോഗ ശീലമാക്കാൻ ആഹ്വാനം ചെയ്ത് സുരേഷ് ഗോപി; പ്രേക്ഷകർക്കൊപ്പം യോഗ ചെയ്ത് താരം

Mail This Article
രാജ്യാന്തര യോഗാ ദിനത്തോട് അനുബന്ധിച്ച് പ്രേക്ഷകരുമൊത്ത് യോഗ ചെയ്ത് സൂപ്പര്‍താരം സുരേഷ് ഗോപി. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജെഎസ്കെ’ (ജാനകി vs സ്റ്റേറ്റ് ഓഫ് കേരള) ജൂൺ 27നു ലോകമെമ്പാടുമായുള്ള തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റി കൊച്ചിയും ചേർന്ന് യോഗാ പരിശീലനം സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്കെ’ സിനിമയുടെ അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
യോഗ നമ്മെ നയിക്കുന്ന സൂപ്പർ പവർ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ വ്യക്തിജീവിതത്തിൽ യോഗ വരുത്തിയ മാറ്റങ്ങൾ വെളിപ്പെടുത്തിക്കൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ചത്. ‘രാവിലെ 45 മിനിറ്റ് ഞാൻ സ്ഥിരം ചെയ്യുന്ന യോഗ സെഷൻ ചെയ്തിട്ടാണ് ഈ പരിപാടിക്ക് വന്നത്. കഴിഞ്ഞ മൂന്നു നാലു ദിവസമായി മഴയത്ത് നിന്നാണ് ഫൈറ്റ് ചെയ്തുകൊണ്ടിരുന്നത്. അതിന്റെ പ്രശ്നങ്ങളുണ്ട്. പ്രായത്തെ ഒട്ടും ബഹുമാനിക്കാത്ത ആളാണ് ഞാൻ. അതിന്റെ ചെറിയ ബുദ്ധിമുട്ടുകളുണ്ട്.
കഴിഞ്ഞ ജൂലൈ മാസം മുതലാണ് ഒരു ആവശ്യമായി തിരിച്ചറിഞ്ഞ് യോഗ ചെയ്തു തുടങ്ങിയത്. 45 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ നീളുന്ന സെഷനാണ് ചെയ്തത്. സ്ഥിരമായി ചെയ്തപ്പോൾ ഞാൻ നല്ല ഫിറ്റായി. വയറൊക്കെ പോയി. ജനുവരിയിൽ ഒരു പനി വന്നു. ദിനചര്യ പോലെ ചെയ്തിരുന്ന യോഗ ആ ദിവസങ്ങളിൽ മുടങ്ങി.

10 ദിവസം കിടപ്പിലായി പോയി. അതിനുശേഷമാണ് നല്ല വയർ വച്ചത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് അത്രയും വയർ വയ്ക്കുന്നത്. ഇന്ന് ഈ പരിപാടിക്ക് വരുന്നതിന് മുൻപ് ഇവിടെ കൂടെ ഇരിക്കുന്നവരോട് യോഗ ചെയ്യാൻ ആത്മാർഥമായി പറയാൻ കഴിയുന്നതിനായി ഞാൻ രാവിലെ 45 മിനിറ്റ് യോഗ ചെയ്തു. അതിന്റെ സുഖത്തിലാണ് നിങ്ങളോടു സംസാരിക്കുന്നത്. യോഗ ശീലമാക്കൂ... അത് നമ്മെ നയിക്കുന്ന സൂപ്പർ പവർ ആകട്ടെ,’ സുരേഷ് ഗോപി പറഞ്ഞു.

അഞ്ഞൂറിലധികം പേർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് സ്വാഗതം ആശംസിച്ചു. ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് െചയർമാൻ വേണു രാജമണി, ദിവ്യ പിള്ള, പ്രവീണ്‍ നാരായണൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഡോ. അഖില വിനോദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ജൂൺ 21 രാവിലെ 6:30 ക്കാണ് കൊച്ചി ഇൻഫോപാർക്കിൽ ഉള്ള ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ യോഗാ പരിശീലനം ആരംഭിച്ചത്.
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്യുന്ന ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ഒരു കോർട്ട് റൂം ത്രില്ലർ ആണ്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്,രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു,വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജൂൺ 27നു ചിത്രം ആഗോള റിലീസായി എത്തും.