‘ഒരു സീനിയർ തന്ന വിവരമാണ് പങ്കുവച്ചത്, കാൽക്കൽ വീഴാനും ഞാൻ തയാറാണ്’; പ്രേംനസീർ വിവാദത്തിൽ മാപ്പ് ചോദിച്ച് ടിനി ടോം

Mail This Article
പ്രേംനസീർ വിവാദത്തിൽ മാപ്പ് ചോദിച്ച് നടൻ ടിനി ടോം. അറിഞ്ഞുകൊണ്ട് മോശം പരാമർശം നടത്തിയതല്ലെന്നും താൻ പറഞ്ഞ കാര്യങ്ങളെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചതാണെന്നും ടിനി ടോം പറഞ്ഞു. തന്റെ ഭാഗത്തു നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും നടൻ പറഞ്ഞു. പ്രേംനസീറിനെപ്പോലുള്ള ലെജന്റുകളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാന്‍ തനിക്ക് പറ്റില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ ടിനി ടോം വ്യക്തമാക്കി.
‘വളരെ വൈകിയാണ് ഒരു വാർത്ത ഞാൻ കണ്ടത്. നസീർ സാറിനെ ഞാൻ മോശം പരാമർശം നടത്തി എന്ന് പറഞ്ഞിട്ട്. ദ ഗോഡ് ഓഫ് മലയാളം സിനിമ, ദ ലെജന്റ് ഓഫ് മലയാളം സിനിമ നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേർ ലോകത്തുണ്ട്. അതിൽ ഉൾപ്പെടുന്ന ചെറിയ ഒരാളാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയ ഒരു സ്റ്റാറിനെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ഒരു ഇന്റർവ്യൂവിലെ ചെറിയ ഭാഗം അടർത്തി എടുത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ പല വാർത്തകളും പുറത്തുവിടുകയാണ് ഉണ്ടായത്. ഞാൻ നസീർ സാറിനെ നേരിട്ട് കണ്ടിട്ടുകൂടി ഇല്ല. ഒരു സീനിയർ തന്ന വിവരം. ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരംവച്ച് ഷെയർ ചെയ്ത കാര്യമാണ്. അതൊരിക്കലും ആരെയും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരൊക്കെ തിരിച്ചു കിട്ടാത്ത ലെജന്റ്സ് ആണ്. പല സീനിയേഴ്സ് മരിക്കുമ്പോഴും ഞാൻ അവിടെ പോകാറുണ്ട്. എന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അത് നാട്ടുകാരെ കാണിക്കാനല്ല. കാരണം ഇവരെയൊന്നും ഇനി നമുക്ക് തിരിച്ച് കിട്ടില്ല. അത്രയും ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ആരെയും വാക്ക് കൊണ്ടു പോലും വേദനിപ്പിക്കരുതെന്ന് വിചാരിച്ച് അതിനനുസരിച്ച് ജീവിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെ ഒരു സംഭവം ഞാൻ ഉൾപ്പെടെയുള്ളവർക്ക് വേദന ഉണ്ടാക്കുന്നതാണ്.
പ്രത്യേകിച്ച് പ്രേംനസീര്‍ സുഹൃത് സമിതി ലോകം മുഴുവൻ ഉണ്ട്. അതിൽ എന്റെ സുഹൃത്തുകളുണ്ട്. ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന പ്രസിഡന്റ് ഒക്കെ എനിക്ക് അടുത്ത് അറിയാവുന്നവരാണ്. ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാൻ ഞാൻ തയാറാണ്. അത്രയും വലിയ ലെജന്റിന്റെ കാൽക്കൽ വീഴാനും ഞാൻ തയാറാണ്. അദ്ദേഹത്തിന്റെ മകൻ ഷാനവാസ് ഇക്കയുമായി ഞാൻ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ട്. ആരാധന കൊണ്ട് തന്നെയാണ്. അതുപോലെ സത്യൻ മാഷിന്റെ മകൻ സതീഷ് സത്യൻ മാഷിനോട് ചോദിച്ചാൽ അറിയാം അദ്ദേഹത്തെ ഓണർ ചെയ്യണം എന്ന് പറഞ്ഞ് വാദിച്ച ഒരാളാണ് ഞാൻ. ഇത്തവണത്തെ മീറ്റിങ് നസീർ സാറിന്റെ ശബ്ദത്തിൽ തുടങ്ങണമെന്ന് പറഞ്ഞ് വാദിച്ച ഒരാളാണ്. അതിന്റെ ഒരു എഐ ക്രിയേറ്റ് ചെയ്തിട്ടാണ് തുടങ്ങിയത്. അതുകൊണ്ട് മനസാ വാചാ കർമണാ ഇങ്ങനെ വാർത്തയിൽ വന്ന പോലെ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല എന്നെ കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.’, ടിനി ടോം പറഞ്ഞു.
നടൻ പ്രേംനസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവനയിൽ അദ്ദേഹത്തെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ‘പ്രേംനസീർ സാർ അവസാന കാലങ്ങളിൽ സിനിമയില്ലാതെയായപ്പോൾ അടൂർ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന ടിനി ടോമിന്റെ പ്രസ്താവന എനിക്ക് കുറേപ്പേർ അയച്ചു തന്നിരുന്നു. എൺപത്തിയഞ്ചു വരെ മദ്രാസിലുണ്ടായിരുന്ന, അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത, അദ്ദേഹത്തിന്റെ എല്ലാ നന്മയും അനുഭവിച്ച ഞങ്ങൾക്ക് ആ പ്രസ്താവന വേദനയുണ്ടാക്കുന്നതാണ്’, ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രേംനസീറിനെ അപമാനിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ബന്ധുവും സംവിധായകനുമായ എംഎ നിഷാദ് കടുത്ത ഭാഷയിലാണ് ടിനി ടോമിനെതിരെ പ്രതികരിച്ചത്. പ്രേംനസീർ സിനിമ ഇല്ലാതെ സ്റ്റാർഡം പോയി മനസ്സുവിഷമിച്ച് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയിരുന്നു കരഞ്ഞിരുന്നു എന്ന് ടിനി ടോം പറഞ്ഞതായി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമ കിട്ടാതെ കരഞ്ഞു കരഞ്ഞാണ് പ്രേം നസീർ മരിച്ചതെന്നും ടിനി ടോം പറഞ്ഞു എന്ന് എംഎ നിഷാദ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. സുന്ദരനും സമ്പന്നനുമായിരുന്ന പ്രേം നസീറിന് ടിനി ടോമിനെപ്പോലെ വിഗ് വച്ച് മേക്കപ്പിട്ട് ഇറങ്ങേണ്ട ആവശ്യമില്ല എന്നാണ് എംഎ നിഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവുന്നത് ടിനി ടോം നിർത്തണമെന്നും എം എ നിഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.