മമ്മൂട്ടി നായകനായെത്തുന്ന കസബയിൽ തമിഴ്നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. തന്റെ ആദ്യ മലയാളചിത്രത്തിൽ മമ്മൂട്ടി എന്ന മഹാനടനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് വരലക്ഷ്മി.
മലയാളത്തിലേക്കുള്ള അരങ്ങേറ്റം ആകസ്മികമായി സംഭവിച്ചതാണെന്ന് നടി പറയുന്നു. ‘ബാല ചിത്രത്തിന് ശേഷം വെല്ലുവിളി നിറഞ്ഞ മറ്റൊരു കഥാപാത്രമാണ് കസബയിലേത്. ആ കഥാപാത്രമാണ് ആകർഷിച്ചത്. മലയാളത്തിൽ തന്നെ മികച്ച തിരക്കഥാകൃത്തിന്റെ മകനാണ് നിഥിൻ. അതുകൊണ്ടൊക്കെയാണ് ചിത്രം ചെയ്യാൻ തീരുമാനിച്ചത്’. വരലക്ഷ്മി പറയുന്നു.
കമല എന്നാണ് വരലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേര്. ഒരു ഗ്രാമത്തെ അടക്കിഭരിക്കുന്ന ഡോൺ ആണ് കമല. ഈ നാട്ടിൽ സ്ഥലം മാറിയെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രം കമലയെ മാറ്റിമറിക്കുന്നു. വരലക്ഷ്മി തന്നെയാണ് കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നതും.
മമ്മൂട്ടി എന്ന മഹാനടനെ കണ്ട് വളർന്ന താരമാണ് താനെന്നും അഭിനയത്തിൽ അദ്ദേഹമൊരു ഇതിഹാസമാണെന്നും വരലക്ഷ്മി പറഞ്ഞു. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് താരം. ചിത്രീകരണത്തിനിടെ ഡയലോഗുകൾ വേഗത്തിൽ പറയുന്നൊരു ശീലം നടിക്കുണ്ട്. എന്നാൽ കസബയുടെ ചിത്രീകരണത്തിനിടെ തന്നോട് ഡയലോഗുകൾ പതുക്കെ പറയണമെന്ന് മമ്മൂട്ടി പറഞ്ഞുതരുമായിരുന്നെന്നും വരലക്ഷ്മി വ്യക്തമാക്കി.
പഴശ്ശിരാജയിൽ വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാറും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. മലയാളത്തിൽ ആദ്യ അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പമായത് അച്ഛനെ ഒരുപാട് സന്തോഷിപ്പിച്ചെന്നും നടി പറഞ്ഞു.