Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹംപകർന്ന്, കുട്ടിക്കൂട്ടത്തെ കയ്യിലെടുത്ത് സുരേഷ് ഗോപി

suresh-gopi-chat2

അമ്പരപ്പും ആദരവും ആശങ്കയുമൊക്കെയായി ക്ഷുഭിതയൗവനത്തിന്റെ മുന്നിലെത്തിയ കുട്ടിപ്പട മടങ്ങിയത് ’കാക്കിക്കുള്ളിലെ സ്നേഹവാൽസല്യം’ ആവോളം നുകർന്ന്. ‘…ജസ്റ്റ് റിമമ്പർ ദാറ്റ്…’ എന്ന് മേലാളന്മാരുടെ മുഖത്തേക്കു കൈചൂണ്ടി തട്ടുതകർപ്പൻ ഡയലോഗ് കാച്ചുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ അടുത്തുകിട്ടിയതോടെ കുട്ടികളും ആവേശത്തിലായിരുന്നു. സ്വന്തം കുടുംബാംഗത്തെപ്പോലെ ഓരോരുത്തരോടും ഇടപഴകിയതോടെ ‘ലൈൻ ഓഫ് കൺട്രോൾ’ മറികടന്ന് രാഷ്ട്രീയം ഉൾപ്പെടെയുള്ള ചോദ്യങ്ങളുതിർക്കാനും ഇവർ മറന്നില്ല.

മക്കളുടെ ഭാവിയെക്കരുതി ഏതാനും സിനിമാ പ്രോജക്ട് മനസ്സിലുണ്ടെന്ന സൂപ്പർതാരത്തിന്റെ പ്രഖ്യാപനത്തെ പുതുതലമുറ വരവേറ്റത് ഹർഷാരവത്തോടെയാണ്. തലസ്ഥാനത്തെയും കമ്മിഷണറെയും ഏകലവ്യനെയുമൊക്കെ ആവേശത്തോടെ സ്മരിക്കുന്ന അച്ഛനമ്മമാരെപ്പോലെ തങ്ങൾക്കും നെഞ്ചിലേറ്റാനുള്ള കഥാപാത്രങ്ങളെ കിട്ടുമെന്ന ആഹ്ളാദത്തിൽ. മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) പ്രസിഡന്റ് പ്രസാദ് നായരുടെ നേതൃത്വത്തിൽ എത്തിയ സംഘം ആക്ഷൻ ഹീറോയ്ക്കായി പിറന്നാൾ മധുരവും പൂക്കളും കരുതിയിരുന്നു. മൂന്നു വയസുകാരി തൻവി അമ്മ ദിവ്യ രഞ്ജിത്തിന്റെ ഒക്കത്തിരുന്നു മുറിച്ചുനൽകിയ കേക്ക് കഴിച്ചും കുട്ടികളെ കഴിപ്പിച്ചും ഐസ്ക്രീം നൽകിയുമെല്ലാമാണ് കുട്ടികളെ ഏറെ സ്നേഹിക്കുന്ന സുരേഷ് ഗോപി അവരിലൊരാളായി മാറിയത്. 

suresh-gopi-chat1

കുഞ്ഞുവർത്തമാനങ്ങൾക്കായി കാതോർത്തിരുന്ന കുട്ടിക്കൂട്ടായ്മയിൽ രാജ്യസഭാംഗംകൂടിയായ സൂപ്പർസ്റ്റാർ സുരേഷ് ഗോപി മധുരവും സ്നേഹവും പകർന്നും വലിയ കാര്യങ്ങൾ പങ്കുവച്ചും ചുറ്റുംകൂടിയവരുടെ മനം പെട്ടെന്നുതന്നെ കവരുകയായിരുന്നു. അകലെനിന്നു മാത്രം കണ്ടിട്ടുള്ള ആക്ഷൻ ഹീറോയെ അടുത്തറിനായതിന്റെ സന്തോഷത്തിലായിരുന്നു അവർ. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റംവരെയുള്ള പ്രധാന പാതയിൽ, പത്തു കിലോമീറ്റർ ഇടവിട്ട് ടോയ്‌ലറ്റ് സൗകര്യത്തോടുകൂടിയ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി കേന്ദ്ര ടൂറിസം വകുപ്പിനു രേഖാമുലം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നു പ്രഖ്യാപിച്ചപ്പോൾ കയ്യടികൾ ഉയർന്നത് കുട്ടിസംഘങ്ങൾക്കു കൂട്ടായി എത്തിയവരിലെ സ്ത്രീക്കൂട്ടായ്മയുടെ വകയായിരുന്നു. ഐടിഡിസി അംഗീകാരമുള്ള ഭക്ഷണശാലകളോടോ മറ്റോ ചേർന്നാകും ഇതുറപ്പാക്കുക. പദ്ധതി യാഥാർഥ്യമാക്കുന്നതിന് ഇത്തരത്തിൽ കേവലം അറുപതിമൂന്ന് ശൌചാലയങ്ങൾ മതിയാകുമെന്നും ചൂണ്ടിക്കാട്ടിയ താരം, നാട്ടിൽ മൂവായിരം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നിൽ കേവലം പത്തു ടോയ്ലറ്റുകൾ മാത്രമാണുള്ളതെന്ന ദുരവസ്ഥ മാറ്റാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. 

suresh-gopi-children

“കലാകാരന്മാരുടെ പ്രതിനിധിയായി രാഷ്ട്രപതി നാമനിർദേശം ചെയ്തതിനാൽ, ജന്മനാടായ ആലപ്പുഴയ്ക്കോ, കളിച്ചുവളർന്ന കൊല്ലത്തിനോ, താമസയിടമായ തിരുവനന്തപുരത്തിനോ മാത്രമായി ഫണ്ടുകൾ ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവാതെ വരും. രാജ്യമെമ്പാടും എന്തെങ്കിലും ചെയ്യാമെന്നു വച്ചാൽ അതും നടക്കില്ല. അതുകൊണ്ടുതന്നെ ആദിവാസി സമൂഹത്തിന്റെ ഉന്നമനവും ജലാശയങ്ങളുടെ സംരക്ഷണവും വിഭിന്ന ശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങൾക്കുമാകും രാജ്യസഭാംഗം എന്ന നിലയിൽ മുന്തിയ പരിഗണന നൽകുക. ഏറെക്കാലമായി ചെയ്തുവരുന്ന സാമൂഹികപ്രവർത്തനത്തിന് പുതിയ മാനം നൽകാനാകുമെന്നതാണ് രാജ്യസഭാംഗമായതിന്റെ ഗുണം. മുൻപ് സ്വന്തം സമ്പാദ്യത്തിൽനിന്ന് ഒരു കോടി രൂപ നൽകാൻപറ്റിയിരുന്നെങ്കിൽ, ഇപ്പോഴത് അഞ്ചു കോടിയെങ്കിലുമാകുമെന്നതാണ് മെച്ചം. എന്തായാലും സാമൂഹിക സേവനം തുടരാനാകും. നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാർ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ അർഹതയുള്ളവർക്കാകും ആനുകൂല്യങ്ങൾ ലഭ്യമാകുകയെന്ന് അഭിമാനത്തോടെ പറയാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിന്താധാരയുമായി ഏറെ അടുത്തുനിൽക്കുന്നു എന്നതും നാടിനായി ഏറെ കാര്യങ്ങൾ ചെയ്യുന്നതിൽ ഉപകരിക്കുമെന്നാണ് പ്രതീക്ഷ”- എംപിയായ സുരേഷ് ഗോപി നയം വ്യക്തമാക്കി.

suresh-gopi-chat

കൊച്ചുകൂട്ടുകാരി ദിയയ്ക്ക് സുരേഷ് ഗോപി അങ്കിളിനോട് ഒരു ചോദ്യം ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ നാണംകൊണ്ട് അതു മുഴുമിപ്പിക്കാനായില്ല, കൂട്ടുകാരും വീട്ടുകാരുമെല്ലാം പ്രോൽസാഹിപ്പിച്ചിട്ടും. കുഞ്ഞാങ്ങള ഇഷാന്റെ ചെവിയിലേക്കു ചോദ്യം പകർന്നെങ്കിലും, അൽപം സമയമെടുത്തിട്ടാണെങ്കിലും നേരിട്ട് ചോദിച്ചാൽ മതിയെന്നു പറഞ്ഞു സുരേഷ് ഗോപി പ്രോൽസാഹിപ്പിച്ചു. ദിയ പക്ഷേ ദയ കാട്ടിയില്ല. ഒടുവിൽ അച്ഛൻ പ്രശാന്ത് പൈയ്ക്കായി ’വക്താവിന്റെ’ റോൾ.

സൂപ്പർസ്റ്റാർ ആകുന്നതുകൊണ്ട് ഗുണമുണ്ടോ എന്നായിരുന്നു അവൾക്ക് അറിയേണ്ടിയിരുന്നത്. “സൂപ്പർസ്റ്റാർ എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷേ അഭിനേതാക്കൾ എല്ലാവരും കലാകാരന്മാരാണ്. കഠിനാധ്വാനത്തിലൂടെ മികവു കാട്ടുമ്പോഴും പ്രേക്ഷകരെ അമ്പരിപ്പിക്കുമ്പോഴും ആനന്ദിപ്പിക്കുമ്പോഴുമൊക്കെയാണ് കലാകാരന്മാർ സൂപ്പർ താരങ്ങളായി മാറുന്നത്.”- സുരേഷ് ഗോപി വിശദമാക്കി. 

നാടിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള സംസാരത്തിനിടെ, എഴുപതുകളുടെ അവസാനം സൈലൻറ് വാലിയെ ദേശീയ ഉദ്യാനമാക്കി സംരക്ഷിക്കണമെന്ന് ആവശ്യവുമായി സുരേഷ് ഗോപിയുൾപ്പെടെയുള്ള ഒരുപറ്റം വിദ്യാർഥികൾ ഇന്ദിരാഗാന്ധിക്കു കത്തെഴുതിയ കാര്യവും കടന്നുവന്നു. കുടുംബകാര്യങ്ങളും ചർച്ചാവിഷയമായി. അഭിനയത്തെയും ഫാഷനെയും സോക്കർ താരം റൊണാൾഡോയെയുമൊക്കെ പ്രണയിക്കുന്ന മക്കളുടെ വിദ്യാഭ്യാസത്തെയും ഭാവി പദ്ധതികളെയുമൊക്കെക്കുറിച്ചു വാചാലനായ സൂപ്പർസ്റ്റാർ, ‘കുലം നോക്കാത്തവനെ നാടിനും വേണ്ടാതാകുമെന്ന’ പരാമർശത്തോടെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെയും സ്വന്തം ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെയുമൊക്കെ അവശ്യങ്ങളും ചൂണ്ടിക്കാട്ടി. രാഷ്ട്രീയരംഗത്തേക്കുകൂടി ശ്രദ്ധതിരിഞ്ഞതോടെ ജീവിതച്ചിട്ടകളിൽ പലതും കൈമോശം വന്നത് ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്കയും പങ്കുവച്ചു. ടൊറന്റോയിലെ മാർക്കത്ത് നടന്ന ഫൊക്കാന നാഷനൽ കൺവൻഷന് എത്തിയ സുരേഷ് ഗോപി, തിരക്കുകൾക്കിടിയലും കുട്ടിസംഘത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുകയായിരുന്നു; യാത്രയുടെയും തുടർച്ചയാ ചടങ്ങുകളുടെയും ക്ഷീണം മറന്നും…

കുട്ടിസംഘത്തിനൊപ്പം എത്തിയ മാതാപിതാക്കളുടെ തലമുറയിലേക്ക് പ്രതികരണശേഷിയുടെ ഊർജംകുത്തിവച്ച ആക്ഷൻ ഹീറോ പുതുതലമുറയ്ക്ക് നൽകിയ പ്രധാന ഉപദേശം ഇതായിരുന്നു: ‘ബീ യുവർസെൽഫ്’. അധ്യാപകരും മാതാപിതാക്കളുമെല്ലാം പകർന്ന മൂല്യബോധത്തിൽ ഇന്നും അടിയുറച്ചുനിൽക്കുന്നു എന്നതാണ് ജീവിതവിജയത്തിന്റെ രഹസ്യമെന്നും മറുനാട്ടിലെ കുട്ടിത്തലമുറയെ ഓർമിപ്പിക്കാൻ സൂപ്പർതാരം മറന്നില്ല. ആരെയെങ്കിലും എന്തിന്റെയെങ്കിലും പേരിൽ കുറ്റംപറയുന്നവരെ നോക്കിക്കോ, അവരാകും എപ്പോഴും ഏറ്റവും വലിയ കുഴപ്പക്കാരെന്നും ഓർമിപ്പിച്ചു. 

ആതിഥേയ മായ ബിജുവിനെ സ്വാധീനിച്ച് സുരേഷ് ഗോപി തന്നെ കുട്ടികൾക്കായി നൽകിയ ഐസ്ക്രീം നുണഞ്ഞുകൊണ്ടിരിക്കെയാണ് സെലിബ്രിറ്റിക്കൊപ്പം ഫോട്ടോയെടുക്കാനുള്ള സമയമായെന്ന അറിയിപ്പുയർന്നത്. ഓടിയെത്തിയവരിൽ പലരുടെയും കൈകളിൽ ഐസ്ക്രീം. ഇങ്ങനെയാണോ പോസ് ചെയ്യുന്നതെന്നു മാതാപിതാക്കൾ ചോദിച്ചപ്പോൾ, ‘അതിനെന്താ ഐസ്ക്രീമല്ലേ, തോക്കും കത്തിയുമൊന്നുമല്ലല്ലോ’ എന്നായിരുന്നു സൂപ്പർസ്റ്റാറിന്റെ പ്രതികരണം. സെൽഫിയെടുക്കാൻ മതിയാവോളം നിന്നുകൊടുത്തെന്നു മാത്രമല്ല, സെൽഫി സ്റ്റൈലായി എടുക്കാൻവരെ ചിലരെ സഹായിച്ചു. മനംനിറഞ്ഞ കുട്ടികൾ ഓരോരുത്തരായി നന്ദി പറഞ്ഞിറങ്ങുമ്പോൾ, കൂടുതൽ ഉയരങ്ങളിലെത്തുന്ന വാർത്തകൾക്കായാണ് കാതോർത്തിരിക്കുന്നതെന്ന ആശംസകളോടെയാണ് മാതാപിതാക്കൾ യാത്രയായത്.

അപ്പോഴേക്കും അച്ഛന്റെ തോളത്തു കിടന്നുറക്കംപിടിച്ച തൻവിക്ക് സുരേഷ് ഗോപി സമ്മാനിച്ച ‘സൂപ്പർമുത്തം’ മൊബൈലിൽ പകർത്താനായതിന്റെ ആഹ്ളാദവും നിറഞ്ഞു; അമ്മയുടെ മാത്രമല്ല, ചുറ്റംകൂടിയവരുടെ മുഖത്തും. ട്രാഫിക്കിൽ കുടുങ്ങിയ നാലു കുട്ടികൾ ഓടിയെത്തുമ്പോഴേക്കും മറ്റുള്ളവർ പിരിഞ്ഞിരുന്നു. അൽപം ആശങ്കയോടെയാണെങ്കിലും അവർ മണിമുഴക്കി; അവരെയും അമ്പരിപ്പിച്ചു വാതിൽ തുറന്നതുതന്നെ സുരേഷ് ഗോപി. ഒപ്പംനിന്നു ചിത്രങ്ങൾ എടുക്കാനായതോടെ അവർ മടങ്ങിയത് സന്തോഷമായി ‘സുരേഷ് ഗോപിയേട്ടാ’ എന്നു മനസിൽ ഉരുവിട്ടും…