Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ ശാരീരികമായി ഉപദ്രവിച്ചു; പരാതിയുമായി മലയാളിനടി ഇഷാര‌‌‌‌‌

ishara ഇഷാര സംവിധായകൻ കെവിനൊപ്പം

സതുരംഗ വേട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ മലയാളിതാരം ഇഷാര അഭിനയിക്കുന്ന പുതിയ ചിത്രമാണ് എങ്കടാ ഇരുന്തിങ്ക ഇവ്വളവ് നാളാ? (എവിടെയായിരുന്നടാ ഇത്രയും നാൾ). കെവിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ ആണ് നായകനായി എത്തുന്നത്. എന്നാൽ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നടി ഇഷാര ഇപ്പോൾ വിവാദത്തിന്റെ നടുവിലാണ്.

ഈ സിനിമയ്ക്ക് നിർമാതാവും സംവിധായകനും ഇങ്ങനെയൊരു പേരിട്ടത് ഏതോ രാഹുകാലത്തായിരിക്കാമെന്നാണ് കോടമ്പാക്കത്തെ സംസാരം. പടത്തിന്റെ പേരുപോലെ തന്നെ കാണാതായ നായികയെ തിര‍ഞ്ഞു നടക്കുകയാണത്രെ നിർമ്മാതാവും സംഘവും. കഴിഞ്ഞ ഫെബ്രുവരിയിലാണത്രേ മലയാളിയായ ഐശ്വര്യ എന്ന ഇഷാരയെ 4 ലക്ഷം രൂപ ശമ്പളം പേശി 75000 മുൻകൂർ നൽകി കരാർ ചെയ്തത്. ഇരുപത് ദിവസത്തേക്കായിരുന്നു കോൾഷീറ്റ് കരാർ. എങ്കിലും നായിക വന്ന് അഭിനയിച്ചത് കേവലം രണ്ടു ദിവസം.

ishara-kevi

രണ്ടു ദിവസം പൂർണ സഹകരണം നൽകിയ നടി പിന്നെ മുങ്ങിയിട്ട് ഇതുവരെ കോടമ്പാക്കത്ത് പൊങ്ങിയിട്ടില്ലത്രെ. പല വഴിയിലൂടെ നടിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ലെന്ന് നിർമ്മാതാക്കൾ. ഒടുവിൽ നടി കേരളത്തിലുണ്ടെന്ന് അറിഞ്ഞ് ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും നിർമ്മാതാവിന്റെയും സംവിധായകന്റെയും മാത്രമല്ല ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടേയും നമ്പരുകൾ നടി ബ്ലോക്ക് ലിസ്റ്റിലേക്ക് മാറ്റി എന്നും അതുകാരണം ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞുവെന്നും നിർമ്മാതാവ്. ഇതിനിടെ പത്രക്കാരെ അറിയിച്ച് നാണം കെടുത്തുമെന്ന് നിർമ്മാതാവ് ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും 'Go ahead' എന്നായിരുന്നുവത്രെ നടിയുടെ പക്ഷത്തു നിന്നുമുള്ള മറുപടി.

നടി മുങ്ങിയത് കാരണം ദശലക്ഷങ്ങളുടെ നഷ്ടമാണ് തനിക്കുണ്ടാവുകയെന്ന് നിർമ്മാതാവ് ജോസഫ് ലോറൻസ് പറയുന്നു. നടികർ സംഘത്തിൽ പരാതികൊടുക്കാമെന്ന് കരുതിയപ്പോൾ അവർ സംഘത്തിലും മെമ്പറല്ല. ഇനി അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടിയെ അനുനയിപ്പിച്ച് അഭിനയിക്കാനുള്ള ശ്രമത്തിലാണ് നിർമാതാവ്.

എന്നാൽ ഇഷാരയ്ക്ക് പറയാനുള്ളത് മറ്റൊരു കഥ. പകുതി ഘട്ടം പൂർത്തിയാക്കിയ സിനിമയുടെ ചിത്രീകരണത്തിന് പോകാൻ പോലും ഇഷാരയ്ക്ക് ഭയമാണ്. ചിത്രത്തിന് വേണ്ടി ആറുമാസത്തെ ഡേറ്റ് ആയിരുന്നു ഇഷാര നൽകിയത്. എന്നാല്‍ ഈ നാലുമാസത്തിനിടെ എന്റെ ഭാഗം ഷൂട്ട് ചെയ്തത് വെറും രണ്ടേ രണ്ടു ദിവസം. ഇനി ഈ സിനിമയ്ക്ക് വേണ്ടി കൂടുതൽ ഡേറ്റ് നൽകാനാകില്ല. മാത്രമല്ല സംവിധായകന്റെ പെരുമാറ്റവും അത്ര നല്ലതായിരുന്നില്ലെന്ന് ഇഷാര പറയുന്നു.

kev-ishara

എടീ, പോടീ എന്നൊക്കെയായിരുന്നു സെറ്റിൽ എന്നെ വിളിച്ചിരുന്നത്. മാത്രമല്ല എല്ലാവരുടെയും മുന്നിൽ വച്ച് സീൻ വിവരിച്ച് തരുന്നത് വൃത്തികെട്ടരീതിയിലും. എനിക്കത് തുറന്നുപറയാൻ തന്നെ ബുദ്ധിമുട്ടാണ്.

ഈ സമയത്ത് എന്റെ ശരീരത്തിൽ സ്പർശിച്ചാണ് അയാൾ സീൻ വിവരിക്കുന്നത്. മാത്രമല്ല ഭിത്തിയിൽ തള്ളിക്കൊണ്ടുപോയി ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെടും. ഇതൊരു പ്രൊഫഷനൽ രീതി അല്ല. ഇഷാര വ്യക്തമാക്കുന്നു.

മാത്രമല്ല ഈ സിനിമയിൽ എന്നെ കാർ ചെയ്സ് ചെയ്യുന്ന രംഗമുണ്ട്. അതിനിടെ ബ്രേക്ക് ചവിട്ടാൻ മറന്ന് എന്നെ യഥാർത്ഥത്തിൽ ഇടിപ്പിച്ചു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കാറിന്റെ ബ്രേക് പ്രവർത്തിക്കുന്നില്ലെന്നായിരുന്നു എന്നാണ് ഇതിന് കാരണമായി ഇവർ പറഞ്ഞത്. എന്നാൽ ഇതും മനഃപൂർവം ചെയ്തതാണോ എന്ന് സംശയമുണ്ട്. ഇങ്ങനെയുള്ള സെറ്റിൽ എങ്ങനെ മനസമാധനത്തോടെ പ്രവർത്തിക്കാനാകും. ഇത് അവരുെട ആദ്യ ചിത്രമാണ് അതുകൊണ്ട് നടികർ സംഘത്തിൽ പരാതി നൽകാതിരുന്നത്.

ഇനി ഈ സിനിമയിൽ ഞാൻ പ്രവർ‌ത്തിക്കില്ല. അവര്‍ എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നു. ‍ഞാനെന്തും നേരിടാൻ തയാറാണ്. ഇഷാര പറഞ്ഞു.

എന്നാൽ സംവിധായകൻ കെവിൻ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഈ സിനിമയിൽ അശ്ലീല രംഗങ്ങളൊന്നും ഇല്ലെന്നും ഇപ്പോൾ ഇഷാര അഭിനയിച്ചത് സിനിമയിൽ ഇടവേളയ്ക്ക് ശേഷമുള്ള രംഗമാണെന്നും സംവിധായകൻ പറഞ്ഞു. ആദ്യ ഭാഗം നടി ഇനിയും അഭിനയിക്കാനുണ്ടെന്നും അത് മനസ്സിലാക്കാതെയാണ് നടി ഈ നിലപാട് എടുത്തിരിക്കുന്നതെന്നും കെവിൻ പറയുന്നു.
 

Your Rating: