Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമല വിശ്വാസവഞ്ചന കാണിച്ചു, തുറന്ന് പറഞ്ഞ് വിജയ്

amala-paul

അമല പോൾ – എ എൽ വിജയ് ദാമ്പത്യബന്ധത്തിലെ വിള്ളലിന്റെ കാരണവും സത്യാവസ്ഥയും തുറന്നു പറഞ്ഞ് വിജയ് തന്നെ രംഗത്ത്. താനും അമലയും തമ്മിൽ വേർപിരിഞ്ഞെന്നത് സത്യമാണെന്നും എന്നാൽ മാധ്യമങ്ങളിൽ വരുന്നതല്ല യഥാർഥ കാരണമെന്നും വിജയ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകർന്നാൽ ബന്ധം അർഥശൂന്യമാകുമെന്നും വിജയ് പറയുന്നു.

വിജയ് പറയുന്നതിങ്ങനെ. 

യഥാർഥ കാരണം എന്താണെന്നതിനെ കുറിച്ച് തനിക്കല്ലാതെ മറ്റാർക്കും അറിയില്ല. ഇതേ സംബന്ധിച്ച് സംസാരിക്കാൻ സുഹൃത്തുക്കളും ആരാധകരും മാധ്യമ സുഹൃത്തുക്കളും നിർബന്ധിക്കുകയായിരുന്നു. പക്ഷേ സ്വകാര്യ ജീവിതത്തെ പൊതുമധ്യത്തിൽ കൊണ്ടുവരേണ്ടെന്നു കരുതിയാണു മിണ്ടാതിരുന്നത്. പക്ഷേ ഇതിനിടയില്‍ പിതാവ് അദ്ദേഹത്തിന്റെ മനസിലെ ആകുലതകളെല്ലാം ഒരു ചാനലിനോടു തുറന്നു പറഞ്ഞു. ഏതൊരച്ഛനെയും പോലെയേ അദ്ദേഹവും ചെയ്തുള്ളൂ. പക്ഷേ പിന്നീടുള്ള വാർത്തകളെല്ലാം അതിനെ കേന്ദ്രീകരിച്ചായി. തീർത്തും ദുംഖകരമായ അവസ്ഥയാണിത്. 

ഒമ്പതു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരാളെന്ന നിലയിൽ സമൂഹത്തോടുള്ള ബാധ്യതയെ കുറിച്ചെനിക്ക് വ്യക്തമായ ബോധ്യമുണ്ട്. കുലീനത്വവും ആത്മാഭിമാനവുമുള്ള പെണ്‍കഥാപാത്രങ്ങളാണ് എന്റെ ചിത്രത്തിലുള്ളത്. എന്റെ സിനിമകളിൽ സ്ത്രീകളോടുള്ള എന്റെ നിലപാടുകൾ തന്നെയാണു വരച്ചുകാട്ടിയത്. സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ടവർ തന്നെയാണു സ്ത്രീകളെന്ന നിലപാടിനെ എപ്പോഴും ശക്തമായി പിന്താങ്ങിയിരുന്നു. അമല സിനിമകളിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്നെക്കൊണ്ടു കഴിയാവുന്ന വിധത്തിലെല്ലാം ഞാൻ പിന്തുണച്ചിരുന്നു. കല്യാണ ശേഷം സിനിമയിൽ തുടർന്നതാണു വിവാഹബന്ധം തകരാറിലാക്കിയതെന്നും എന്റെ വീട്ടുകാർക്ക് അതിഷ്ടമില്ലായിരുന്നുവെന്നുമുള്ള അമലയുടെ വാദത്തിൽ ഒട്ടും വാസ്തവമില്ല. 

ഒരു വിവാഹ ജീവിതത്തിന്റെ ആണിക്കല്ലെന്നു പറയുന്നത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. അതില്ലാതാകുന്ന നിമിഷം ആ ബന്ധത്തിനും അർഥമില്ലാതെയാകും. വിവാഹമെന്ന സാമൂഹിക ഉടമ്പടിയ്ക്കും ബന്ധത്തിനും ഞാനേറെ വിലകൽപ്പിക്കുന്നു. 

അമലയോടൊത്തുള്ള വിവാഹബന്ധം ഇങ്ങനെയാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. പക്ഷേ ഇനിയെനിക്ക് ബന്ധങ്ങളില്ല. മനസിലൊരുപാട് വേദനയുണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതിൽ. ജീവിതം അന്തസായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എന്റെ തീരുമാനം. 

എന്താണീ പ്രശ്നത്തിലെ ശരിയായ കാര്യം എന്നറിയാതെ ആൺ-പെൺ വേർതിരിവിൽ തൂങ്ങി പല മാധ്യമങ്ങളും വാർത്ത പടച്ചുവിട്ടു. സ്വകാര്യ ജീവിതത്തിലെ മാത്രമല്ല പ്രൊഫഷണൽ ജീവിതത്തിലെ എന്റെ നിലപാടുകളെ അത് തീര്‍ത്തും മോശമായി ബാധിച്ചു. ഈ വേർപിരിയലിനേക്കാള്‍ വേദനിപ്പിച്ചത് അത്തരം വാക്കുകളാണ്. നിങ്ങൾ സ്വകാര്യ ജീവിതത്തിനു വിലകൽപ്പിക്കുന്നുവെങ്കിൽ അതിനെ മാനിക്കുന്നുവെങ്കിൽ ഇനിയെങ്കിലും ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞുപരത്തുന്നതിൽ നിന്നു പിന്തിരിയണം.

വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും അത് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ വിജയുടെ പൂർണ്ണ പിന്തുണ അമലയ്ക്കുണ്ടായിരുന്നുവെങ്കിലും അതിനിടയിൽ ചില സൂപ്പർ സ്റ്റാറുകളുടെ പേരിൽ ചില മാധ്യമങ്ങളിൽ അമലയ്‌ക്കെതിരെ വന്ന പരാമർശങ്ങൾ വീണ്ടും സ്ഥിതിഗതികൾ വഷളാക്കി. വേർപിരിയൽ വാർത്തയ്ക്ക് സ്ഥിരീകരണമായതോടെ ഇനി അമലയുടെ വാക്കുകൾക്കായാണ് സിനിമാലോകം കാത്തിരിക്കുന്നത്.  

Your Rating: