Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിനോട് ഭാര്യ പറഞ്ഞതിന് നിങ്ങൾക്കെന്താ പ്രശ്നം !

aamir-kiran

പോണപോക്കിന് രണ്ട് ചവിട്ടും കൊട് എന്ന പോലെ കാണുന്നവരും കേൾക്കുന്നവരുമെല്ലാം ആമിർ ഖാന് രണ്ട് കൊട്ടു കൊടുക്കുന്ന തിരക്കിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി ആമീർഖാനെ കുറ്റപ്പെടുത്തിയുള്ള വാർത്തകളും അഭിപ്രായങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആമിർ വിവാദ പ്രസ്താവന നടത്തി, ആമീറിന്റെ പ്രസ്താവന വിവാദമായി ഇങ്ങനെയുള്ള വാർത്തകളോടൊപ്പം സെലിബ്രിറ്റികളുടേയും ബിജെപി ആർഎസ്എസ് നേതാക്കളുടേയെല്ലാം അഭിപ്രായങ്ങളും പ്രചരിക്കുന്നുണ്ട്. 

സത്യത്തിൽ ആമീർ പറഞ്ഞതിൽ എന്താണ് തെറ്റ്? രാജ്യത്തെ വർഗീയതും ജാതിയുടെ പേരിലുള്ള അക്രമവും കൊലപാതകവും അസഹിഷ്ണുതയുമെല്ലാം കാണുമ്പോൾ ഏതൊരു മാതാവിനും ഉണ്ടാകുന്ന വിഷമം ആമിറിന്റെ ഭാര്യ കിരൺ റാവുവിനും ഉണ്ടായി. അത് അവർ അത് ഭർത്താവിനോട് പറഞ്ഞു. അദ്ദേഹം അത് പൊതു വേദിയിൽ പങ്കുവച്ചു . അതാണോ ഇത്ര വലിയ പുകിലായത്. ആദ്യമായി തന്റെ ഭാര്യ കിരൺ ഇന്ത്യ വിട്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ചു. തന്റെ മക്കളെക്കുറിച്ചോർത്ത് അവൾ പേടിക്കുന്നു. ഇതു തന്നെയും അസ്വസ്ഥനാക്കുവെന്നും ആമിർ പറഞ്ഞു.  ഇതു വായിക്കുന്ന നിങ്ങൾ ഒാരോരുന്നരുടെ വീട്ടിലും ഇത്തരം സംസാരങ്ങൾ ഉണ്ടാവാറില്ലേ. ഭാര്യമാർ നിങ്ങളുടെയടുത്ത് അവരുെട ആശങ്കകളും വിഷമങ്ങളുമെല്ലാം തുറന്നു പറയാറില്ലേ. അതോ ചമ്മന്തിക്ക് ഉപ്പില്ല, സാമ്പാറിന് പുളിയില്ല തുടങ്ങിയ കാര്യങ്ങൾ മാത്രമേ നിങ്ങളുടെ കുടുംബങ്ങളിൽ സംസാരിക്കാറുള്ളോ? ഒാരോ രക്ഷാകർത്താവും അവരുടെ കുട്ടികൾ എപ്പോഴും സുരക്ഷിതരായിക്കണമെന്ന് ആഗ്രഹിക്കില്ലേ? അതിന് രാജ്യം വിടുന്നതല്ല മാർഗമെങ്കിൽ പോലും. ‌‌

നമുക്കറിയാവുന്ന ആമിറും ഭാര്യ കിരണും വർഗീയ വാദികളൊന്നുമല്ല. അവർക്കും ഇങ്ങനെയൊരാശങ്കയുണ്ടായെങ്കിൽ അവരോട് നിങ്ങൾ സുരക്ഷിതരാണ് , ഭയപ്പെടേണ്ട എന്ന് പറയാനുള്ള മനസു കാണിക്കുകയും അതിനുള്ള സാഹചര്യമൊരുക്കുകയുമാണ് നാം ഒാരോരുത്തരും ചെയ്യേണ്ടത്, അല്ലാതെ കല്ലെറിയുകയും കരി ഒായിലൊഴിക്കുകയുമൊന്നുമല്ല.

നമ്മൾ സിനിമയിലൂടെയാണ് ആമിറിനേയും ഷാറൂഖിനേയുമെല്ലാം സ്നേഹിച്ചു തുടങ്ങിയത്. ഏതെങ്കിലും മതത്തിന്റേയോ ജാതിയുടേയോ നേതാവായൊന്നുമല്ല നമുക്ക് അവരോട് സ്നേഹവും ആരാധനയുമെല്ലാം തോന്നിയത്. അവരെ രാഷ്ട്രീയവും ജാതിയും മതവുമൊക്കെയായി കൂട്ടിക്കുഴയ്ക്കുന്നതെന്തിനാണ്?  തങ്ങൾ മുസൽമാനയതിൽ അഭിമാനിക്കുന്നുവെന്നോ രാജ്യം ഭിന്നിക്കണമെന്നോ ഒരു പ്രസ്താവന ഇതുവരെ അവർ നടത്തിയിട്ടില്ല. സിനിമകളിൽ കൂടിപോലും ജാതിയും മതവും വർഗീയതയുമൊന്നും പറഞ്ഞിട്ടില്ല. ഷാറൂഖും ആമിറുമെല്ലാം വിവാഹംകഴിച്ചിരിക്കുന്നതുവരെ മറ്റുമതവിഭാഗങ്ങളിൽ പെട്ടവരെയാണ്. ഇനി പ്രമുഖ താരങ്ങളിൽ സൽമാൻ ഖാൻ കൂടിയേ ആക്രമിക്കപ്പെടാൻ ബാക്കിയുള്ളു.

ആമീർ ഖാൻ ബ്രാൻഡ് അംബാസിഡർ ആയ പ്രമുഖ ഇ കൊമേഴ്സ്‌ സ്ഥാപനമായ 'സ്നാപ് ഡീൽ' പുതിയ വിവാദത്തിന്റെ ഭാഗമായിരിക്കുകയാണ്. ആമീർ ഖാന്റെ നിലപാടിനോട് എതിർപ്പ് ഉള്ളവർ സ്നാപ് ഡീൽ സൈറ്റിനെതിരെ ട്വിറ്റർ വഴി ക്യാംപെയ്ൻ തുടങ്ങിയിരിക്കുകയാണ്. #NoDealWithSnapDeal എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ പടരുകയാണ്. ഒപ്പം സ്നാപ്ഡീൽ ആപ്ലിക്കേഷൻ പരമാവധി ബഹിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്.  പലരും സ്നാപ് ഡീൽ ആപ്പ് തങ്ങളുടെ ഫോണിൽ നിന്നും അണ്‍ഇൻസ്ടാൾ ചെയ്യുകയാണ്. ആമീറിനെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും മാറ്റും വരെ സ്നാപ് ഡീൽ ഉപയോഗം പൂർണ്ണമായും ഉപേക്ഷിക്കും എന്ന ഭീഷണിയുമായിട്ടാണ് ഒരു കൂട്ടം ആളുകൾ രംഗത്ത് വന്നിരിക്കുന്നത്.

എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു ആമിറിന്റെ പ്രതികരണം. രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ല. ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അയാളെ മുസ്‍ലിം ഭീകരനെന്നോ ഹിന്ദു ഭീകരനെന്നോ മുദ്രകുത്തി ആദ്യത്തെ തെറ്റ് നമ്മൾ ചെയ്യുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. കുടുംബത്തിൽ പിറന്ന തനിക്ക് ഐഎസ് എന്ന പേരിൽ ഭീകരവാദം നടത്തുന്നവരെ ഇസ്‍ലാം മതത്തിൽപ്പെട്ടവരായി കാണാനാകില്ല. ഇതാണ് ആമിർ പറ‍ഞ്ഞത്.

ആ പുരസ്കാര ദാന ചടങ്ങിന്റെ മാറ്റു കുറയ്ക്കുന്നതായിപ്പോയി പുതിയ  വിവാദങ്ങൾ. മാധ്യമരംഗത്തെ ഏറ്റവും പ്രധാന പുരസ്കാരങ്ങളാണ് ഇൗ ചടങ്ങിലൂടെ സമ്മാനിച്ചത്. അവിടെയുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും മാധ്യമപ്രവർത്തകരാണ്. അവർ തീർച്ചയായും രാജ്യത്തെ അസഹിഷ്മുതയെപ്പറ്റി ആമിറിനോട് ചോദിക്കും. അതിന്റെ മറുപടിയാണ് അദ്ദേഹം പറഞ്ഞത്.  നമ്മൾ ഇൗ നടന്മമാരെയല്ലാം ചേരിതിരിഞ്ഞ് ഇന്ന് ആക്രമിക്കുന്നു. സത്യത്തിൽ ഇതു തന്നെയായിരിക്കില്ലേ ഇൗ അസഹിഷ്ണുത എന്ന വാക്ക് ദുരുപയോഗം ചെയ്തവർ ആഗ്രഹിച്ചിട്ടുണ്ടാവുക. ആർക്കുവേണ്ടിയാണ് ഇൗ തമ്മിത്തല്ലുന്നത്. എത്രയോ ആളുകൾ ഭീകരാക്രമണത്തിൽ മരിക്കുന്നു. എത്രയോ കുരുന്നുകൾ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ തെരുവിൽ അലുന്നു.

അവരോടൊന്നും സ്നേഹവും അനുകമ്പയും ഒന്നും കാണിക്കാൻ നമുക്ക് സമയമില്ല. സ്വന്തം കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും സുഖമാണോ എന്നു പോലും ചോദിക്കാതെ ഫോണുമായി കുത്തിയിരിക്കുന്നവരാണ് വാലും തുമ്പുമൊന്നും കേൾക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നു കരുതി വാളെടുക്കുന്നത്. ഇനിയെങ്കിലും നിർത്തിക്കൂടെ ഇത്തരം വിവാദങ്ങൾ. ആമിറിനേയും കിരണിനേയും പോലെ ആശങ്കയനുഭവിക്കുന്ന ഒത്തിരിപ്പേർ നമുക്കിടയിലുണ്ടാവും. അവർക്ക് സ്നേഹവും സംരക്ഷണവും നൽകുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ അവരുടെ വായടപ്പിക്കുകയും നാടുകടത്തുകയുമല്ല വേണ്ടത്. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.