Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുസിന്റെ നൂൽപ്പാലം കടന്ന് സിദ്ധാർഥിന്റെ തിരിച്ചുവരവ്

sidharth-kpac-lalitha

മകന്റെ ആയുസിനുവേണ്ടി പ്രാർഥിച്ചവരോട് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാത്ത നന്ദിയുമായി അമ്മ കൈകൂപ്പിയപ്പോൾ മകന്റെ കണ്ണുകളും നിറഞ്ഞൊഴുകി. അതു കണ്ട് അമ്മ അടുത്തുചെന്ന് അവന്റെ മൂർധാവിൽ ഉമ്മവച്ചു. കാറപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും മൂന്നാഴ്ചത്തെ ചികിൽസയ്ക്കു ശേഷം ജീവിതത്തിലേക്ക് അദ്ഭുതകരമായി തിരിച്ചെത്തുകയും ചെയ്ത നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന് ആശംസ നേരാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങാണു വികാരസാന്ദ്രമായത്.

പ്രതിസന്ധി ഘട്ടത്തില്‍ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് സിദ്ധാര്‍ഥ് ഭരതന്‍ആശുപത്രി വിട്ടു. ആഴ്ചകള്‍നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് വീട്ടിലേക്ക് മടങ്ങിയത്.

sidharth-kpac-lalitha

അപകടത്തിനു ശേഷം സിദ്ധാർഥ് പിന്നിട്ട പരീക്ഷണങ്ങളും കുടുംബം നേരിട്ട വിഷമങ്ങളും അമ്മ കെപിഎസി ലളിത കണ്ണീരോടെ പറഞ്ഞു.‘‘ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്നു അവൻ. ഒരു ദിവസം ഡോക്ടർ വിളിച്ചുപറഞ്ഞു. സിദ്ധാർഥ് സ്വന്തം പേര് ഓർത്തെടുത്തു പറഞ്ഞു, ഐസിയുവിലേക്കു പെട്ടന്നു വന്നാൽ കാണാം. അവൻ എന്നെ നോക്കി അമ്മേയെന്നു വിളിച്ചു. മോനെ രക്ഷിച്ച ഡോക്ടർമാരോടും അവനു വേണ്ടി പ്രാർഥിച്ചവരോടും നന്ദിയുണ്ട്. ഗുരുവായൂരപ്പനാണ് ഈ രണ്ടാം ജീവിതം ഞങ്ങൾക്കു തന്നത്.’’

‘‘ആദ്യം അവനെ കിട്ടില്ലെന്നാണു കരുതിയത്. രാത്രി രണ്ടു പൊലീസുകാർ വീട്ടിലെത്തി അവന്റെ പഴ്സ് തന്നിട്ട് അപകടം പറ്റിയെന്നറിയിച്ചു. ആശുപത്രിയിൽ ഞാൻ ചെല്ലുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണു കാണുന്നത്. അവനില്ലെങ്കിൽ പിന്നെ ഞാനുമുണ്ടാകില്ലെന്ന് ഉറപ്പിച്ചു. ഡോക്ടർമാരും സുഹൃത്തുക്കളും പറഞ്ഞ വാക്കുകളാണു പിടിച്ചുനിർത്തിയത്. രഞ്ജിത്തും ദിലീപും നൽകിയ ആശ്വാസം ചെറുതല്ല.’’

‘‘നല്ല ദൈവഭാഗ്യമുണ്ടെന്നു തോന്നുന്നു. എനിക്കുവേണ്ടി പ്രാർഥിച്ചവരോടു നന്ദിയുണ്ട്’’- സിദ്ധാർഥിന്റെ പ്രതികരണം ഇത്രമാത്രം.

സിദ്ധാർഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ന്യൂറോ സർജൻ ഡോ. സുധീഷ് കരുണാകരൻ, ഓർത്തോപീഡിക് സർജൻ ഡോ. ബിബിൻ തെരുവിൽ എന്നിവർ അറിയിച്ചു. ഇപ്പോൾ വോക്കറിലാണ് നടക്കുന്നത്. പതിയെ സാധാരണനിലയിലെത്തും. അടുത്ത ദിവസം തന്നെ ആശുപത്രി വിടാമെന്നാണു കരുതുന്നത്.

കഴിഞ്ഞ പതിമൂന്നിനുണ്ടായ അപകടത്തിൽ തലയ്ക്കും കൈകാലിനും സാരമായ പരുക്കുണ്ടായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചത് സ്ഥിതി സങ്കീർണമാക്കി. തലച്ചോറിലേക്കുള്ള രക്തസമ്മർദത്തിന്റെ തോത് ഐസിപി മോനിട്ടറിങ് സംവിധാനം വഴി നിരീക്ഷിക്കാനായതും മരുന്നുകൾ പെട്ടന്നു ഫലം ചെയ്തതും രക്ഷയായി. ജീവിതത്തിലേക്കു മടങ്ങിയെത്തണമെന്ന സിദ്ധാർഥിന്റെ ഇച്ഛാശക്തിയും തുണയായതായി ഡോക്ടർമാർ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.