Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പടത്തിലെ കുട്ടിയെ പിടികിട്ടിയോ?

ബാലതാരത്തിൽ നിന്നു സൂപ്പർതാര പദവിയിലേക്കു നടന്നുകയറിയ സുരേഷ്ഗോപി, മൺമറഞ്ഞ പ്രതിഭ സത്യന്റെ മകൻ സതീഷ് സത്യൻ, മലയാളികളുടെ സ്വന്തം അമ്മ കവിയൂർ പൊന്നമ്മ, തമാശയുടെ തമ്പുരാനായിരുന്ന എസ്.പി. പിളളയുടെ ചെറുമകൾ മഞ്ജു പിള്ള, സംവിധായകൻ കെ.എസ്. സേതുമാധവൻ, വയലാറിന്റെ മകൻ വയലാർ ശരത്ചന്ദ്രവർമ തുടങ്ങി തലമുറകളുടെ സംഗമത്തിന് അരങ്ങൊരുങ്ങി.

പി. കേശവദേവിന്റെ ഓടയിൽ നിന്ന് നോവലിന്റെ 73ാം വാർഷികവും ചലച്ചിത്രത്തിന്റെ അൻപതാം വാർഷികവും ആഘോഷിക്കുന്ന അവസരത്തിലാണു തലമുറകൾ ഒന്നിക്കുന്നത്. നാളെ വൈകുന്നേരം മൂന്നിനു മാസ്കറ്റ് ഹോട്ടലിലാണു ചടങ്ങ്. മലയാളത്തിന്റെ ആക്‌ഷൻ ഹീറോ സുരേഷ്ഗോപി തന്റെ സിനിമാജീവീതം ആരംഭിക്കുന്നത് ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ്. അതും ബാലതാരമായി. സിനിമയുടെ ആഘോഷപരിപാടികൾ നടക്കുമ്പോൾ മുഖ്യ ആകർഷണവും സിനിമയിലെ ഈ പൊലീസ് ഐക്കണിൽ തന്നെയായിരിക്കും.

ഓടയിൽ നിന്ന് സിനിമയുടെ മുന്നിലും അണിയറയിലും പ്രവർത്തിച്ചവരിൽ സംവിധായകൻ സേതുമാധവൻ, കവിയൂർ പൊന്നമ്മ , സുരേഷ് ഗോപി എന്നിവരാണ് ആഘോഷത്തിൽ പങ്കാളികളാകുന്നത്. സതീഷ് സത്യൻ, മഞ്ജു പിള്ള, വയലാർ ശരത്ചന്ദ്രവർമ എന്നിവർക്കു തങ്ങളുടെ മുൻഗാമികളുടെ പ്രതിനിധികളായി പങ്കെടുക്കാനാണു നിയോഗം ഉണ്ടായത്. ഓടയിൽ നിന്നിൽ പപ്പുവായി അഭിനയിച്ച സത്യൻ ഇന്നു ജീവിച്ചിരിപ്പില്ല. റിക്ഷക്കാരനായ എസ്.പി. പിള്ളയും ഗാനങ്ങൾ എഴുതിയ വയലാറും ഇല്ല. അതിനാലാണ് ഇവരുടെ പ്രതിനിധികളാകാൻ പുതിയ തലമുറയ്ക്കു ഭാഗ്യമുണ്ടായത്.

ചടങ്ങ് സ്പീക്കർ എൻ. ശക്തൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേശവദേവ് സാഹിത്യ പുരസ്കാരം പ്രഫ. എം.കെ. സാനുവിനു നൽകും. ഡയാബ്സക്രീൻ കേരള കേശവദേവ് പുരസ്കാരം ആർസിസി അഡീഷനൽ പ്രഫ. ഡോ. പി.ജി. ബാലഗോപാലിനു സമ്മാനിക്കും. ദേവ് ഓർമകളിലൂടെ പുസ്തകം പ്രകാശനം ചെയ്യും. എംഎൽഎമാരായ വി. ശിവൻകുട്ടി, വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.