Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യം: സിനിമയിലേക്ക് തുറക്കുന്ന പടിവാതിൽ

ad-photos.jpg.image.784.410

ദീപിക പദുക്കോണും ഐശ്വര്യറായിയും നയൻതാരയും അമലപോളും തമ്മിലെന്തു സാമ്യം? അല്ലെങ്കിൽ ഗൗതംമേനോനും വി.കെ.പ്രകാശും തമ്മിൽ? ഇവരെല്ലാം ആദ്യം പരസ്യ ചിത്ര (ആഡ് ഫിലിം) രംഗത്തു പ്രശസ്തരായ ശേഷം സിനിമയിൽ വന്നവരാണ്. അഭിനയത്തിലും സംവിധാനത്തിലും പരസ്യചിത്രങ്ങൾ സിനിമാ രംഗത്തേക്കുള്ള പടിവാതിലാകുന്നു.

ലിറിൽ സോപ്പിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടാൽ അടുത്ത പടി ഹിന്ദി സിനിമ എന്നായിരുന്നു പണ്ടുകാലത്ത്. പ്രീതി സിന്റയും ദീപിക പദുക്കോണും അങ്ങനെ വന്നവരാണ്. ഐശ്വര്യറായും സുസ്മിത സെന്നും സൂപ്പർ പരസ്യ മോഡലുകളും ലോകസുന്ദരികളുമായ ശേഷമാണു സിനിമയിലെത്തുന്നത്. മലയാളത്തിൽ ശീമാട്ടിയുടെ പരസ്യമോഡലുകളായിരുന്നു ദീപിക പദുക്കോണും ശ്രിയ ശരണും.

ധാത്രിയുടെ ഹെയർഓയിൽ പരസ്യ ചിത്രങ്ങളിലൂടെയാണ് അമലപോളും ഇഷ തൽവാറും നമിത പ്രമോദും എസ്തേറും താരങ്ങളായത്. ഈ പരസ്യചിത്രങ്ങളുടെ സംവിധായകൻ സിജോയ് വർഗീസും സിനിമയിലെത്തി. നടനായിട്ടാണെന്നു മാത്രം. ബാംഗ്ളൂർ ഡെയ്സിലെ ബൈക്ക് റേസിന്റെ കോച്ചും ജയിംസ് ആന്റ് ആലിസിലെ പത്രോസും സിജോയ് തന്നെ. വികെസി, ഭീമ ജ്വല്ലറി, വണ്ടർലാ, ജോൺസ് കുട തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ ടിവിസി ഫാക്ടറിയുടെ ഉടമയാണു സിജോയ്.

സ്വിസ് വാച്ചിന്റെ പരസ്യത്തിലാണ് ഡയാന ആദ്യം അഭിനയിച്ചത്. പിന്നെ പേരുകൊണ്ടു തന്നെ കണ്ണഞ്ചിക്കുന്ന താരമായി–നയൻതാര. നിറപറയുടെ പരസ്യത്തിലൂടെ വന്ന മോഡലാകുന്നു റിമ കല്ലിങ്കൽ. ചാവറ മാട്രിമണിയുടെ പരസ്യത്തിൽ കെപിഎസി ലളിതയോടൊപ്പം അഭിനയിച്ച ബ്രൈറ്റി ബാലചന്ദ്രൻ പിന്നെ സിനിമയിൽ തകർക്കുന്നതാണു കണ്ടത്. ആ ബ്രൈറ്റിയാണു മൈഥിലി (പാലേരി മാണിക്യം, സോൾട്ട് ആന്റ് പെപ്പർ).

ട്രെൻഡ്സ് ആഡ് ഫിലിം എന്ന സ്വന്തം കമ്പനിയിൽ നിന്നാണ് വി.കെ.പ്രകാശ് (നിർണയം, ട്രിവാൻഡ്രം ലോഡ്ജ്) പ്രശസ്തിയിലേക്ക് ഉയർന്നതെങ്കിൽ തമിഴിൽ അങ്ങനെ പരസ്യലോകത്തു നിന്നു വന്ന രണ്ടു മലയാളികളുണ്ട്. രാജീവ് മേനോൻ (കണ്ടുകൊണ്ടേൻ, മിൻസാരക്കനവ്), ഗൗതംമേനോൻ (വിണ്ണൈ താണ്ടി വരുവായാ).

ബോളിവുഡിൽ ന്യൂജൻ ഹിന്ദി പടങ്ങളുടെ പുത്തൻ സംവിധായക പ്രതിഭകൾ മിക്കതും പരസ്യചിത്രങ്ങളിലൂടെ മാറ്റുതെളിയിച്ചവരാണ്. അനുരാഗ് കശ്യപ് (രാമൻരാഘവ്, ബ്ലാക് ഫ്രൈഡേ) ഷൂജിത് സർക്കാർ (മദ്രാസ് കഫെ, പികു). മലയാളികളും കൂട്ടത്തിലുണ്ട്. ബ്രത്ത് ലെസ് ഫിലിംസിന്റെ വിനിൽ മാത്യു (ഹാസി തോ ഫാസി) ഹൈലൈറ്റ് ഫിലിംസിന്റെ മഹേഷ് മത്തായി (ഭോപ്പാൽ എക്സ്പ്രസ്). കാഡ്ബറീസ്, ഗാർഡൻ വറേലി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികൾക്കു വേണ്ടി മഹേഷ് സൃഷ്ടിച്ച ചിത്രങ്ങളും നെസ്കഫെ, വോഡഫോൺ, എയർടെൽ കമ്പനികൾക്കു വേണ്ടി വിനിൽ മാത്യു സൃഷ്ടിച്ച ചിത്രങ്ങളും പരസ്യലോകത്ത് പെരുമനേടി.

നേരേ തിരിച്ച് സിനിമാ സംവിധായകനായി പേരെടുത്തിട്ട് ആഡ് ഫിലിം രംഗത്തേക്കു പോയവരുമുണ്ട്. ഏറ്റവും പ്രശസ്തൻ നമ്മുടെ പ്രിയദർശൻ. ലാൽ ജോസും ആഡ് ഫിലിമിൽ രംഗത്തുണ്ട്. ഹിന്ദിയിൽ സൂപ്പർതാരമായി മാറിയവരെ മാത്രം പരസ്യത്തിൽ അഭിനയിപ്പിക്കുന്ന ബ്രാൻഡുണ്ട്– ലക്സ്. ഹേമമാലിനി, ശ്രീദേവി, രേഖ, ജൂഹി ചൗള, മാധുരി ദീക്ഷിത്... സിനിമയിൽ മിന്നിത്തിളങ്ങി വർഷങ്ങൾ കഴിഞ്ഞു പരസ്യ മോഡലുകളായ സുന്ദരിമാർ മലയാളത്തിലുണ്ട്–മഞ്ജു വാര്യരും കാവ്യ മാധവനും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.