Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂരിനെ കല്ലെറിഞ്ഞ് ആളാകാൻ നോക്കല്ലേ...

adoor-mammootty

ജയിൽ എന്ന വാക്കു കേൾക്കുമ്പോഴേ മനസ്സിൽ ഒരു ചിത്രം ഉണ്ടാകുന്നുണ്ട്. അഴികളിട്ട ലോക്കപ്പുമുറിക്കും പൊലീസുകാർക്കുമൊപ്പും ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന ഒരു കൻമതിൽ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ സിനിമയായി സാക്ഷാത്കരിക്കണമെന്നു തീരുമാനിച്ചപ്പോൾ അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി ജയിൽ സന്ദർശിച്ചു. പൂജപ്പൂരയിലേക്കു കുന്നുകയറുന്ന റോഡരികിൽ ഒരു സാധാരണ മതിലിനോടു ചേർന്ന ഗേറ്റിനുമുകളിലായി അർധവൃത്താകൃതിയിൽ തടിയിൽ കൊത്തിവച്ച ‘ട്രിവാൻഡ്രം സെൽട്രൽ പ്രിസൺ’ എന്ന ബോർഡും കടന്ന് ജയിലനകത്തേക്കു നടന്നു.

mathilukal

വട്ടത്തിൽ കെട്ടിയ ജയിലിന്റെ പുറം മുതിൽ ആദ്യകാഴ്ചയിൽത്തന്നെ അടൂരിനെ നിരാശനാക്കി. അതു മാനത്തുമുട്ടുന്നില്ല എന്നു മാത്രമല്ല, ഇഷ്ടികയിൽ ഇരുപതടി പൊക്കത്തിൽ കെട്ടി കുമ്മായം തേച്ച് പണ്ടെന്നോ കാവിയടിച്ചുവച്ചത്. മതിൽ ഇങ്ങനെതന്നെ സിനിമയിൽ കാട്ടിയാൽ ബഷീറിന്റെ മതിലുകളുടെ വായനക്കാർ തൃപ്തരാകുമോ എന്ന് അടൂരിനു സംശയം. കഥ വായിച്ചപ്പോൾ മനസ്സിലുയർന്ന മതിൽ ഇതല്ല. ഇതു കാണിച്ചു പ്രേക്ഷകരെ മതിലിന്റെ ഭീകരത ബോധ്യപ്പെടുത്താനുമാവില്ല. തടവിൽ കഴിഞ്ഞ എഴുത്തുകാരന്റെ ദുരിതപൂർണമായ ഭൂതകാലം ഒർമയിൽ ഘനീഭവിച്ചുണ്ടായ കൻമതിൽ പൂജപ്പൂരയിലെ സെൻട്രൽ ജയിലിന്റെ യഥാർഥ മതിലുപോലെയല്ലെന്നു ബോധ്യമായ നിമിഷത്തിൽ അടൂർ ഷൂട്ടിങ് ജയിലിൽവച്ചു വേണ്ടെന്നു തീരുമാനിച്ചു. കുറേ അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരത്ത് പടിഞ്ഞാറക്കോട്ടയുടെ ചില ഭാഗങ്ങൾ ചുവരെഴുത്തും കേടുപാടുമൊന്നുമില്ലാതെ ഭദ്രമായി നലകൊള്ളുന്നതു കണ്ടു. കൻമതിൽക്കോട്ടയുടെ മേലറ്റം ദൃശ്യപരിധിക്കു പുറത്താക്കി മാനം മുട്ടെ അതുയർന്നുപോകുന്നുവെന്ന പ്രതീതിയുളവാക്കി അടൂർ ചിത്രീകരണം തുടങ്ങി.

മതിലുകൾ സിനിമയാക്കാൻ തീരുമാനിക്കുന്ന ഏതു സംവിധായകനും നിസ്സംശയം ലൊക്കേഷനായി പൂജപ്പൂര സെൻട്രൽ ജയിൽ തിരഞ്ഞെടുക്കുമെന്നു നൂറുശതമാനം ഉറപ്പാണെങ്കിലും അടൂർ സ്വീകരിച്ചതു വേറിട്ട വഴി. ഒരു വായനക്കാരന്റെ മനസ്സ് സൃഷ്ടിച്ച മതിൽ പുതുതായി കണ്ടെത്തി സിനിമയുടെ പശ്ഛാത്തലമാക്കുകയായിരുന്നു അദ്ദേഹം. യഥാർഥ മതിൽ ഒഴിവാക്കി കൃത്രിമ മതിലിലിന്റെ ചാരത്തു ചിത്രീകരിച്ചു മതിലുകൾ സാക്ഷാത്‌കരിച്ചപ്പോൾ അടൂർ ലക്ഷ്യമിട്ടത് അനുഭവപരമായ സത്യന്ധത.മതിലുകൾ എന്ന സിനിമ കണ്ടിട്ടുള്ളവർ ബഷീറിനെ മറന്നാലും നാരായണിയെ മറന്നാലും ഉയരുകയും താഴുകയും ചെയുന്ന ചുള്ളിക്കമ്പ് മറന്നാലും ആ മതിൽ മറക്കില്ല. പ്രത്യേകിച്ചും ജയിൽ വാർഡർ ബഷീറിനെ തടവുമുറിയിലേക്കു കൊണ്ടുചെന്നാക്കുന്ന സുദീർഘരംഗത്തിലെ മാനംമുട്ടെ ഉയർന്നുനിൽക്കുന്ന കൻമതിൽ. ലോകത്തെങ്ങുമുള്ള അത്ഭുതപ്രതിഭാശാലികളായ, മാസ്റ്റേഴ്സ് എന്നു വിളിക്കാവുന്ന സംവിധായകരുടെ കൂട്ടത്തിൽ എന്തുകൊണ്ട് അടൂർ ഗോപാലകൃഷ്ണൻ തലയുയർത്തി നിൽക്കുന്നുവെന്ന ചോദ്യത്തിന്റെ മറുപടി മതിലിന്റെ തിരഞ്ഞെടുപ്പിലുണ്ട്.

adoor-1

ചിത്രീകരിക്കുന്ന ഓരോ രംഗത്തിലും പുലർത്തുന്ന കൃത്യതയും സൂക്ഷ്മതയും. ഉൾക്കാഴ്ചയും അപൂർവപ്രതിഭ തെളിയിക്കുന്ന ദൃശ്യവിന്യാസങ്ങളും. 1972 ൽ നിർമിച്ച സ്വയംവരം മുതൽ ഈ വർഷം പുറത്തിറങ്ങിയ ‘പിന്നെയും ’ വരെ ഓരോ സിനിമകളിലുമുണ്ട് ചലച്ചിത്രകലയ്ക്കു ജീവിതം സമർപ്പിച്ച ഒരു മനുഷ്യന്റെ കയ്യൊപ്പ്. അടൂർ എന്ന സംവിധായകനെ രൂക്ഷമായി ആക്രമിക്കുന്നവർപോലും സമ്മതിക്കുന്നൊരു കാര്യമുണ്ട്: അടൂരിന്റെ പേരി‍ൽപുറത്തുവന്ന സിനിമകൾ അദ്ദേഹത്തിനു മാത്രം ചെയ്യാൻ കഴിയാവുന്നയെന്ന്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു അടൂർസിനിമയിലെ രംഗം കണ്ടാൽ ബുദ്ധിമാനായ മലയാളി അത് അടൂർചിത്രമെന്നു തിരിച്ചറിയും. വേറിട്ടുമാത്രം ഓരോ പാട്ടും പാടുന്ന ഗായകനെപ്പോലെ , ഓരോ വാക്കിലും സർഗാത്മകതയുടെ കാന്തി ജ്വലിപ്പിക്കുന്ന എഴുത്തുകാരനെപ്പോലെ ദൃശ്യങ്ങളിൽ മൗലികതയുടെ തൊങ്ങൽചാർത്തിയ സംവിധായകൻ നാൽപത്തിനാലു വർഷത്തെ ചലച്ചിത്രസപര്യയിലൂടെ കീഴടക്കിയ ഔന്നത്യങ്ങൾ. മലയാളത്തിൽ മറ്റൊരു സംവിധായകനും കീഴടക്കാനാവാത്ത സാക്ഷാത്‌കാരത്തിന്റെ തനിമയും പൂർണതയും.

adoor-kavya-dileep

അടൂരിന്റെ ഏറ്റവും പുതിയ സിനിമ പിന്നെയും തിയറ്ററുകളിലെത്തിയത് ആഴ്ചകൾക്കുമുമ്പ്. മുമ്പൊക്കെ തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ തിയറ്ററുകളിലും ചലച്ചിത്രമേളകളിലും മാത്രം ഒരു ആചാരം പോലെ പ്രദർശിപ്പിക്കാറുണ്ടായിരുന്ന അടൂർചിത്രത്തിന് ഇത്തവണ കിട്ടിയത് വൈഡ് റിലീസ്. മിക്ക നഗരങ്ങളിലെ മുൻനിര തിയറ്ററുകളിലും പ്രദർശനം. പബ്ളിസിറ്റിയും നന്നായി ഉണ്ടായിരുന്നതിനാൽ നിരൂപകർക്കും പണ്ഡിതർക്കും ചലച്ചിത്രവിദ്യാർഥികൾക്കുമൊപ്പം സാധാരണജനവും കണ്ടു പിന്നെയും സിനിമ. ഒന്നോ രണ്ടോ ദിവസത്തിനകം ഇതുവരെയില്ലാത്ത രീതിയിൽ ചർച്ച തുടങ്ങുകയായി. പിന്നെയും പിന്നെയും ചർച്ചകൾ. മലയാളത്തിലെ ചില സംവിധായകർ മുതൽ സാധാരണക്കാർവരെ സോഷ്യൽമീഡിയയിൽ നിരൂപകവേഷം കെട്ടി തകർത്താടുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലേക്കാൾ തിരക്ക് നവസാമൂഹിക മാധ്യമങ്ങളിൽ.

അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായി വിമർശിച്ചും കമന്റുകളുടെ വെള്ളപ്പൊക്കം. മാറിനിന്നു നോക്കുമ്പോൾ ഒന്നു പറഞ്ഞേപറ്റൂ: അടൂരിന്റെ സിനിമയെ വിമർശിക്കുന്നതിലൂടെ ഒരോരുത്തരും അവരവരെത്തന്നെ ഒരൽപം ഉയരത്തിൽ പ്രതിഷ്ഠിക്കുകയാണ്. അടൂർ സിനിമ കണ്ട ഒരാൾ എന്നു പറയുന്നതിൽപ്പോലും ഒരഭിമാനം കാത്തുസൂക്ഷിക്കുന്നവർ. സിനിമയെ വിമർശിക്കുന്നതിലൂടെ താനും ഇതിനൊക്കെ ആളായി എന്നൊരു പ്രഖ്യാപനം. അരനൂറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിലൂടെ അടൂർ മലയാളത്തിനു സംഭാവന ചെയ്ത ഏറ്റവും വലിയ കാര്യവും ഇതുതന്നെ; ചലച്ചിത്രാസ്വാദനത്തിന്റെ നിലവാരം ഉയർത്തൽ. ഓരോ പുതിയ സിനിമയും വരുമ്പോൾ അദ്ദേഹം സാക്ഷാത്‌കാരത്തിന്റെ നിലവാരം ഓരോ പടി ഉയർത്തുന്നു.

dileep-adoor-mg

സ്വയംവരത്തിൽനിന്നു കൊടിയേറ്റത്തിലൂടെ എലിപ്പത്തായം കയറിയിറങ്ങി അനന്തരവും മുഖാമുഖവും വിധേയനിലും എത്തുമ്പോൾ അദ്ദേഹം മലയാളികളെ കുറേക്കൂടി ഉയരങ്ങളിക്കു കൊണ്ടുപോകുന്നു.വിമർശനങ്ങളും ചർച്ചകളും കമന്റുകളും പ്രവഹിക്കുമ്പോൾ ഏറ്റവും കൂടൂതൽ സന്തേഷിക്കുന്നതും അടൂർ തന്നെയായിരിക്കും. ചിത്രലേഖ എന്ന ഫിലിം സൊസൈറ്റിയിലൂടെ നവതരംഗ സിനിമകളെ മലയാളിക്കു പരിചയപ്പെടുത്തിയ, ചലച്ചിത്രമേളകളിൽ ഒരു വിദ്യാർഥിയെപ്പോലെ മികച്ച സിനിമകൾ ആദ്യാവസാനം കാണുന്ന ചലച്ചിത്രപ്രവർത്തകനായ അടൂർ ഗോപാലകൃഷ്ണൻ.

kavya-adoor-dileep

മലയാളത്തിലെ മികച്ച എഴുത്തുകാരുടെ കഥകൾ അടൂർ സിനിമയാക്കി. ബഷീറിന്റെയും തകഴിയുടെയും സക്കറിയയുടെയും മികച്ച സൃഷ്ടികൾ. കഥകൾ വായിച്ചതിനുശേഷം സിനിമ കാണുമ്പോൾ പ്രേക്ഷകനു ബോധ്യമാകുന്നുണ്ട് എഴുത്തുകാരൻ മനസ്സിൽ കണ്ട കഥാപാത്രങ്ങളല്ല അടൂരിന്റെ സൃഷ്ടികൾ. മറിച്ച് ഒരു വായനക്കാരൻ മനസ്സിൽ മെനഞ്ഞെടുത്ത കഥാപാത്രങ്ങൾ. ബഷീറിന്റെ മതിലുകളിൽ കഥാപാത്രം ഞാൻ ആണെങ്കിൽ അടൂരിന്റെ മതിലുകളിൽ കഥാപാത്രം ബഷീർ തന്നെയായി. ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ വിധേയനായപ്പോഴും മൗലികമായ മാറ്റങ്ങളുണ്ടായി. പേരിൽപ്പോലും വലിയൊരു മാറ്റവും മുന്നേറ്റവും സൃഷ്ടിക്കാനായി അടൂരിന്. വിധേയൻ എടുത്തതിനുശേഷം ഇതേച്ചൊല്ലി വാദപ്രതിവാദങ്ങളുമുണ്ടായി. അടൂർ എന്നും തന്റെ തട്ടകത്തിൽ ഉറച്ചുതന്നെ നിന്നു: തന്റെ സിനിമകൾ തന്റേതു മാത്രം. അത് അനുകരണമോ വികലമായ കാഴ്ചയോ ഉപരിപ്ളവമായ ചിന്തയോ അല്ല; ഒരു സംവിധായകന്റെ ഭാവനയുടെയും ഉൾക്കാഴ്ചയുടെയും ദർശനത്തിന്റെയും ഉത്തമഫലങ്ങൾ.

ഇന്ത്യൻ സിനിമയിലെ ജീനിയസ് അപ്പോൾ പൊട്ടിച്ചിരിച്ചു

ഏറ്റവും പുതിയ സിനിമയിലെത്തുമ്പോഴും അടൂരിന്റെ വലിയ വിമർശകർ അംഗീകരിക്കേണ്ട ഒരു വസ്തുതയുണ്ട്: കേരളത്തിൽ ഏറ്റവും കോളിളക്കം ഉണ്ടാക്കിയ, പ്രമാദമായ ഒരു കൊലപാതകത്തിന്റെ ഇതുവരെ ആരുംപറയാത്ത ഒരു കഥയാണ് അടൂർ പറയുന്നത്. എത്ര മികച്ച കഥയുമായിക്കോട്ടെ . അതുവായിച്ചയുടൻ സിനിമയാക്കാൻ മുതിരുന്നയാളല്ല താനെന്ന് അടൂർ പറഞ്ഞിട്ടുണ്ട്. ഒരു കഥ ആദ്യം വായിച്ചു പത്തുവർഷം കഴിഞ്ഞിട്ടും തനിക്കതു മറക്കാനാവുന്നില്ലെങ്കിൽ, ആദ്യംവായിച്ച അതേ തീഷ്ണത വീണ്ടും തോന്നുന്നുവെങ്കിൽ മാത്രമേ കഥ സിനിമയാക്കാൻ താൻ ആലോചിക്കൂയെന്ന്. കാൽനൂറ്റാണ്ടിലേറെമുമ്പു നടന്നെങ്കിലും ഇന്നും മലയാളികൾക്കു മറക്കാനാവാത്ത ഒരു സംഭവമാണ് ഇപ്പോൾ അടൂർ സിനിമയാക്കുന്നത്. എത്രയോ ചർച്ചചെയ്യപ്പെട്ട പത്രങ്ങളുടെ എണ്ണമറ്റ പേജുകൾ നിറച്ച സംഭവം. അരുംകൊല ചെയ്ത ഒരാളെ അടൂർ വെള്ളപൂശുകയാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്.

സമൂഹത്തിന്റെ ആക്ഷേപവും പരിഹാസവും അവഗണനയും നേരിട്ട ഒരു കുടുംബത്തെ അടൂർ ശുദ്ധീകരിക്കുകയാണെന്നും പറയുന്നവരുണ്ട്. കുറ്റത്തെ വെറുത്തോളൂ, കുറ്റവാളിയെ വെറുക്കരുതെന്ന ആചാര്യൻമാർ ഉരുവിട്ട ആപ്തവാക്യത്തെ ഇവിടെ വിമർശകർ നിഷേധിക്കുകയല്ലേ ചെയ്യുന്നത്.

ഒരു കുറ്റവാളിയെ വീണ്ടും തൂക്കിലേറ്റാനോ വെടിവച്ചു കൊല്ലാനോ ഇരയുടെ കുടുംബത്തിന്റെ തോരാക്കണ്ണീർ കാണിച്ചു സഹതാപം നേടാനോ അല്ല അടൂരിന്റെ ശ്രമം; മറിച്ച് പൈശാചികമായ ഒരു കൊലപാതകത്തിലേക്ക് ഒരു യുവാവിനെ നയിച്ച സാമൂഹിക – സാമ്പത്തിക ഘടകങ്ങൾ കണ്ടെത്തുകയാണ്. വെള്ള പൂശാനല്ല, സമൂഹത്തിന്റെ കരിപിടിച്ച മുഖം തുറന്നുകാണിക്കാൻ. മാനുഷിക വികാരങ്ങളുടെ തിരശ്ശീലയ്ക്കുള്ളിൽ ഓരോരുത്തരും മറച്ചുവച്ചിരിക്കുന്ന ക്രൂരതയുടെയും പ്രതികാരത്തിന്റെയും ഹിംസയുടെയും ആർത്തിയുടെയും വിഷപ്പല്ലുകൾ കാണിക്കാൻ. എതിർക്കാം. ആക്ഷേപിക്കാം. ആക്രമിക്കുകയും ചെയ്യാം. എങ്കിലും മറക്കരുത് ചർച്ച ചെയ്യാൻ. പിന്നെയും എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങൾ നമ്മുടെ സമൂഹം ആത്മാർത്ഥമായി ചർച്ച ചെയ്യണം. സിനിമയ്ക്കു പിന്നിലെ സാമൂഹിക യാഥാർഥ്യം ഒറ്റപ്പെട്ടതായിരുന്നുവെങ്കിൽ പിന്നീടു കേരളത്തിൽ നിഷ്കളങ്കരെ ബലിയാടാക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതായിരുന്നു.

adoor-onv

കൊലപാതകങ്ങളും ഹത്യകളും അവസാനിക്കേണ്ടാതായിരുന്നു. ഒറ്റപ്പെട്ടതല്ല അരുംകൊലയെന്നും ദിനംപ്രതി സമൂഹമനസ്സിൽ വിഷം പടരുകയാണെന്ന് ഇന്ന് എല്ലാവർക്കുമറിയാം. ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട് സമൂഹമനസ്സ്. പോസ്റ്റ്മോർട്ടംചെയ്തു നോക്കേണ്ടതുണ്ട് വ്യക്തിയുടെ മനസ്സ്. പിന്നെയും എന്ന സിനിമയിൽ അടൂർ ചെയ്യുന്നതും ഒരു വിശകലനം. നമ്മുടെ തന്നെ മനസ്സും പ്രവൃത്തികളും. പിന്നീടു ലജ്ജിക്കേണ്ടിവരുന്ന, പശ്ഛാത്തപിക്കേണ്ടിവരുന്ന നിമിഷങ്ങളിലേക്ക് തള്ളിവിടുന്ന മനോവികാരങ്ങൾ. പിന്നെയും പിന്നെയും പരിശോധിക്കേണ്ട വികാര വിചാരങ്ങൾ.


പിന്നെയും സിനിമയെക്കുറിച്ചു വന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഒറ്റപ്പെട്ടുനിന്നു സിവിക് ചന്ദ്രന്റെ വ്യക്തവും മൗലികവുമായ അഭിപ്രായപ്രകടനം. സ്വയംവരം എന്ന സിനിമ തിയറ്ററിൽ ക്യൂ നിന്ന് ആദ്യടിക്കറ്റ് വാങ്ങി സിവിക് കണ്ടു. പിന്നെയും എന്ന സിനിമ വന്നപ്പോഴും ക്യൂ നിന്നു ടിക്കറ്റെടുത്ത് ആദ്യകാഴ്ചക്കാരനായി. ഇല്ല, സിനിമ സൂക്ഷമമായി കണ്ടിട്ടും അടൂരിനെ വെറുക്കാനാവുന്നില്ല.വിമർശിക്കാൻ വാദങ്ങളും കിട്ടുന്നില്ല.

അന്നും ഇന്നും സ്നേഹിക്കുന്നു; അടൂരിനെ. ആദരിക്കുന്നു. മൗലികതയുള്ള ഒരു സംവിധായകനു മാത്രം സാക്ഷാത്‌കരിക്കാനാവുന്ന കാഴ്ചകളിലൂടെ മലയാളത്തെ പിന്നെയും അനുഗ്രഹിച്ച അടൂർ താങ്കൾക്കിതാ കയ്യടി !  

Your Rating: