Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലിയുടെ മഹാഭാരതത്തിൽ രജനിയും ആമിറും മോഹൻലാലും?

aamir-la

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തുകയാണ്. ഷൂട്ടിങ് കഴി‍ഞ്ഞ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ഇതിനിടെ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി. അതും ബാഹുബലിയേക്കാൾ വലിയ ചിത്രം.

മഹാഭാരതത്തെ ആസ്പദമാക്കി 400 കോടിയുടെ ബ്രഹ്മാണ്ഡപ്രോജക്ടിന് തയ്യാറെടുക്കുകയാണ് രാജമൗലിയെന്ന് വാർത്ത ഉണ്ടായിരുന്നു. രജനീകാന്ത്, ആമിർ ഖാൻ, മോഹൻലാൽ എന്നിവരെയാണ് ചിത്രത്തിൽ പ്രധാനതാരങ്ങളായി രാജമൗലി മനസ്സിൽ കണ്ടിരിക്കുന്നത്. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ രാജമൗലി തന്റെ അടുത്ത ചിത്രം അനൗണ്‍സ് ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.

ബാഹുബലിക്കായി മൂന്നരവർഷമാണ് മാറ്റിവച്ചതെങ്കിൽ ഈ പ്രോജ്കടിന് അദ്ദേഹം മാറ്റിവയ്ക്കുക അഞ്ച് വർഷമായിരിക്കും. മഹാഭാരതത്തെ ആസ്പദമാക്കി എപിക് ട്രൈലോജിയാണ് രാജമൗലി ഒരുക്കുന്നത്.‌‌ ഈ അടുത്തിടെ ദേശീയചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷമാകും ചിത്രം അനൗൺസ് ചെയ്യുക. ബാഹുബലി പോലെ തന്നെ നൂതനസാങ്കേതികവിദ്യയുടെ എല്ലാ സഹായത്തോടെയുമായിരിക്കും മഹാഭാരതം ഒരുങ്ങുക.

400 കോടിയിലായി മൂന്നുഭാഷകളിൽ ഒരുക്കുന്ന സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ബോളിവുഡിൽ നിന്നും തെന്നിന്ത്യയില്‍ നിന്നുമുള്ള സൂപ്പർതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഹാഭാരതം സിനിമയാകുമ്പോൾ അതിൽ അഭിനയിക്കാൻ ആമിറും താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.ആമിർ ഖാന് കൃഷ്ണനാകാനാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഗരുഡ എന്നുപേരിട്ട് മഹാഭാരതം ആസ്പദമാക്കി രാജമൗലി ചിത്രമൊരുക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. നാലു ഭാഗങ്ങൾ വേണ്ടി വരുന്ന ഈ സിനിമ പൂർത്തിയാക്കാൻ ആറുവർഷമെങ്കിലും വേണ്ടി വരുമെന്നും ധാരാളം മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും രാജമൗലി വിശദമാക്കുകയും ചെയ്തു.

ഗരുഡയെക്കുറിച്ച് രാജമൗലി മുൻപ് പറഞ്ഞ വാക്കുകളിലേക്ക്

ഏകദേശം ഒരു പത്തുവർഷമെങ്കിലും അനുഭവസമ്പത്തുണ്ടെങ്കിലെ മഹാഭാരതം സിനിമയാക്കാൻ തുടങ്ങാനെങ്കിലും എനിക്ക് സാധിക്കൂ. ആ കഥ പൂർണമാകണമെങ്കിൽ നാലു ഭാഗങ്ങളെങ്കിലും വേണ്ടി വരും. കൃത്യമായി പറയാം. ബാഹുബലി രണ്ടു ഭാഗങ്ങളാക്കാൻ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. പ്രഭാസ് അതിനായി തന്റെ മൂന്നുവർഷം മാറ്റിവച്ചു. അയാൾ എന്റെ സ്വപ്നം പങ്കുവക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. രാജമൗലി പറഞ്ഞു.

ഇനി മഹാഭാരതത്തിലേക്ക് കടക്കാം, നാലു ഭാഗങ്ങൾ വേണ്ടി വരുന്ന ഈ സിനിമ പൂർത്തിയാക്കാൻ ആറുവർഷമെങ്കിലും വേണ്ടി വരും. അതിന് വേണ്ട കഥാപാത്രങ്ങളായ കൃഷ്ണ, ദുര്യോധന, ഭീമ, അർജുനൻ, കർണ അങ്ങനെ ഒരുപാട്പേർ സിനിമയിൽ അഭിനയിക്കേണ്ടി വരും.ഈ സിനിമയിൽ അഭിനയിക്കാൻ തന്റെ കരിയറിന്റെ ആറുവർഷം നല്‍കുന്ന ഏത് താരം കാണും. അതൊരിക്കലും സാധ്യമാകില്ല. ഒരു സൂപ്പർതാരത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും പൂർണമായി ആറുവർഷം ഒരു ചിത്രത്തിന് വേണ്ടി സമർപ്പിക്കാൻ സാധിക്കില്ല - രാജമൗലി പറയുന്നു.

ഇനി മഹാഭാരതം സിനിമയാക്കണമെങ്കിൽ നമുക്ക് ‘താരങ്ങളെ’ സൃഷ്ടിക്കേണ്ടി വരും, നിലവിലുള്ള താരങ്ങളെവച്ച് ഈ സിനിമ ചെയ്യാനാകില്ല. ഹോളിവുഡിലെ ഗെയിം ഓഫ് ത്രോൺസ് സീരിസിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിൽ രണ്ടോ മൂന്നോ താരങ്ങളൊഴിച്ചാൽ ഈ സീരിസ് ആദ്യമായി തുടങ്ങുമ്പോൾ ഇതിൽ അഭിനയിച്ചിരുന്നവരെ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടായിരുന്നോ? എന്നാൽ അതേ സീരിസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസൺ അവസാനിക്കുമ്പോഴേക്കും അവർ നിങ്ങളുടെ പ്രിയതാരങ്ങളായി മാറികഴിയും. അത് മാത്രമല്ല ഈ വേഷം വേറെ ആരും ചെയ്യരുതെന്നും നിങ്ങൾ ആഗ്രഹിക്കും. അങ്ങനെയാണ് ഈ സിനിമ ചെയ്യേണ്ടത്. അതിനായി നമ്മൾ ‘താരങ്ങളെ’ സൃഷ്ടിക്കണം. രാജമൗലി പറഞ്ഞു.

മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയാകുകയാണ്. എംടിയുടെ രണ്ടാമൂഴം 600 കോടി പ്രോജ്കടിൽ ഒരുങ്ങുന്നുവെന്ന വാർത്ത ഇന്ത്യൻ സിനിമാലോകത്ത് തന്നെ ചർച്ചയായി മാറി. ചിത്രത്തിൽ താൻ ഭീമനായി അഭിനയിക്കുന്നുവെന്ന് മോഹൻലാൽ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മലയാളത്തിൽ നിന്നും കർണൻ എന്ന പേരിൽ രണ്ടു പ്രോജക്ടുകൾ അനൗൺസ് ചെയ്തിട്ടുണ്ട്. മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും ആർ എസ് വിമൽ ചിത്രത്തിൽ പൃഥ്വിരാജുമാണ് കർണനായി എത്തുന്നത്.

Your Rating: