Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ പ്രചാരണം; ‘അമ്മ’യിൽ അങ്കക്കലി

stars.jpg.image.784.410

താരസംഘടനയായ അമ്മയിൽ നിന്നു സലിം കുമാറിന്റെ രാജിയെക്കുറിച്ചു പ്രമുഖരുടെ പ്രതികരണങ്ങൾ. പത്തനാപുരത്തു നടനും എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ്കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നടൻ മോഹൻലാൽ പങ്കെടുത്തതിൽ പ്രതിഷേധിച്ചാണു സലിം കുമാർ രാജിവച്ചത്. സിനിമാതാരങ്ങൾ മൽസരിക്കുന്നിടത്ത് അവർക്കെതിരായി അമ്മ അംഗങ്ങൾ പ്രചാരണത്തിനു പോകരുതെന്ന ‘അമ്മ’യുടെ അപ്രഖ്യാപിത നിർദേശം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി.

നിലപാടുകളിൽ ഉറച്ചുനിൽക്കണം

സലിംകുമാർ

സിനിമാ താരങ്ങൾ മൽസരിക്കുന്നിടത്ത് അവർക്കെതിരായി അംഗങ്ങൾ പ്രചാരണത്തിനു പോകരുതെന്ന നിർദേശം അമ്മയുടെ പ്രസിഡന്റായ ഇന്നസന്റേട്ടൻ വളരെ വർഷങ്ങൾക്കു മുൻപുതന്നെ പറഞ്ഞിട്ടുള്ളതാണ്. അംഗങ്ങൾക്കു വ്യത്യസ്ത രാഷ്ട്രീയ നിലപാടുണ്ടെങ്കിലും സംഘടനയിലെ സഹോദരൻമാരായ ആൾക്കാൾ മൽസരിക്കുന്നിടങ്ങളിൽ അവർക്കെതിരെ പ്രചാരണത്തിനു പോകരുതെന്നായിരുന്നു നിർദേശം. അതിപ്പോൾ പറഞ്ഞിട്ടില്ലെന്നു പറ‍ഞ്ഞാൽ ശരിയാവില്ല. </p>

ആ നിർദേശം ഞാനടക്കം എല്ലാവരും പാലിച്ചു. സിനിമാതാരങ്ങൾ മൽസരിക്കുന്നിടങ്ങളിൽ അവർക്കുവേണ്ടി പ്രചാരണത്തിനു പോകരുതെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, പത്തനാപുരത്തു മൂന്നു മുന്നണി സ്ഥാനാർഥികളും സിനിമാക്കാരാണ്. ഒരാൾക്കു വേണ്ടി പ്രചാരണത്തിനു പോകുന്നതു മറ്റു രണ്ടുപേർക്കും എതിരായിക്കൂടിയാണ്. അത് ഒഴിവാക്കണമായിരുന്നു.

കോൺഗ്രസ് അനുഭാവിയായ ഞാൻ മറ്റു പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനു പോയെങ്കിലും പത്തനാപുരത്തും മുകേഷ് മൽസരിക്കുന്ന കൊല്ലത്തും പ്രചാരണത്തിനു പോകാത്തത് ഈ സംഘടനാ മര്യാദ കൊണ്ടാണ്. സിപിഎം സ്ഥാനാർഥിയായ മുകേഷിനെതിരെ പ്രചാരണത്തിനു വരണമെന്നു പലരും നിർബന്ധിച്ചിട്ടും ഞാൻ ഒഴിഞ്ഞുനിന്നു. പത്തനാപുരത്തു വരേണ്ടെന്നും ഇന്നസന്റേട്ടൻ ഉൾപ്പെടെ ഒരു സിനിമാ നടൻമാരും വരില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ജഗദീഷ് തന്നെ എന്നോടു പറയുകയായിരുന്നു.

വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള അമ്മയിലെ അംഗങ്ങൾ പോലും അതു പാലിക്കുമ്പോൾ നേതൃസ്ഥാനത്തിരിക്കുന്നവർ അതു തെറ്റിക്കുന്നതു നട്ടെല്ലുള്ള ആളെന്ന നിലയിൽ കണ്ടുനിൽക്കാനാവില്ല. നടൻമാർ അരയിലെ കൗപീനം പോലെ കാറ്റു വീശുന്നതിനനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും ആടുന്നവരാകരുത്. നിലപാടുകളിൽ അൽപ്പമൊക്കെ ചങ്കൂറ്റം കാണിക്കുക തന്നെ വേണം.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല

ഇന്നസന്റ് എംപി(അമ്മ പ്രസിഡന്റ്)

അമ്മയിലെ അംഗങ്ങൾ പ്രചാരണത്തിനു പോകുന്നതു സംബന്ധിച്ചു നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ല. അംഗങ്ങളുടെ രാഷ്ട്രീയ നിലപാടിൽ അമ്മ ഇടപെടില്ല എന്നാണ് ഇത്രയും കാലമായി സ്വീകരിച്ച നിലപാട്. സുഹൃത്ത് എന്ന നിലയിലോ രാഷ്ട്രീയ നിലപാട് അനുസരിച്ചോ ആർക്കുവേണ്ടിയും പ്രചാരണത്തിനു പോകാം. ഞാൻ മത്സരിച്ചപ്പോൾ പ്രചാരണത്തിനു വന്നവരും വരാത്തവരുമുണ്ട്. ചിലർ വന്നതു രാഷ്ട്രീയ നിലപാടിനു വിരുദ്ധമായി എന്നോടുള്ള വ്യക്തിസ്നേഹംകൊണ്ടാണ്.

അമ്മ എന്നത് അംഗങ്ങളിൽ രാഷ്ട്രീയം വളർത്താനോ ഇല്ലാതാക്കാനോ ഉള്ള സംഘടനയല്ല. സലിം കുമാർ അമ്മയിലെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ ചെയ്ത എല്ലാ നല്ല പ്രവർത്തനങ്ങൾക്കും നന്ദിയുണ്ട്. അദ്ദേഹത്തിന് ആവശ്യമെങ്കിൽ തിരിച്ചുവരികയും ചെയ്യാം. രാജിവച്ചതിൽ അദ്ദേഹത്തെ ഞാൻ കുറ്റം പറയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടാണ് അത്.

ഗണേഷ് കുമാറിന്റെ പ്രചാരണത്തിനു വേണ്ടി മോഹൻലാൽ പോയതിലും തെറ്റില്ല. മോഹൻലാലും ഗണേഷും തമ്മിൽ വലിയ ബന്ധമുണ്ട്. ബാലകൃഷ്ണപിള്ളയോടൊപ്പം ജോലി ചെയ്തിരുന്ന ആളാണു മോഹൻലാലിന്റെ അച്ഛൻ. അതുകൊണ്ട് സൗഹൃദപരമായ കൂടിക്കാഴ്ചയായി ഇതിനെ കണ്ടാൽ മതി.

യോഗത്തിനു വരാത്തയാൾ

ഇടവേള ബാബു (അമ്മ സെക്രട്ടറി)

സലിം കുമാർ നാലുവർഷമായി അമ്മയുടെ പൊതുയോഗത്തിൽ പങ്കെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പ്രചാരണത്തിനു പോകരുതെന്നു യോഗത്തിൽ വാക്കാൽ ധാരണ ഉണ്ടായിരുന്നുവെന്നു പറയുന്നതിൽ അർഥവുമില്ല. ഇത്തരമൊരു തെറ്റായ വിവരം സലിം കുമാറിനു മാത്രമായി എവിടെനിന്നു കിട്ടി? അമ്മയിൽ അത്തരം ഒരു ധാരണയും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം അമ്മയുടെ ഒരു തരത്തിലുള്ള യോഗവും നടത്തിയിട്ടുമില്ല.

അമ്മ സെക്രട്ടറിയായ ഞാൻ എൽഡിഎഫ് സ്ഥാനാർഥികളായ ഗണേഷ്കുമാറിനും മുകേഷിനും വേണ്ടിയും യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ഉണ്ണിയാടനു വേണ്ടിയും പ്രചാരണം നടത്തി. ജയറാം മൂന്നു മുന്നണികൾക്കും വേണ്ടി വോട്ടു ചോദിച്ചു. അമ്മയിലെ ആറ് അംഗങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവരാരും അമ്മയുടെ അനുമതി ചോദിക്കുകപോലും ചെയ്തിട്ടില്ല. അതിന്റെ ആവശ്യവുമില്ല.

പ്രചാരണത്തിൽനിന്നു വിട്ടുനിന്നു

സുരേഷ് ഗോപി എംപി

പത്തനാപുരത്തെയും കൊല്ലത്തെയും എൻഡിഎ സ്ഥാനാർഥികൾ പ്രചാരണത്തിനെത്തണമെന്നു നിർബന്ധിച്ചിട്ടുപോലും ഞാൻ അവിടെ പോയില്ല. പത്തനാപുരത്തു സിനിമാതാരങ്ങളായ മൂന്നുപേർ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ അവിടെ പ്രചാരണത്തിനു പോകുന്നതു ധാർമികതയ്ക്കു വിരുദ്ധമാണെന്നു തോന്നിയതിനാലാണു വിട്ടുനിന്നത്.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എന്റെ സഹപ്രവർത്തകനായതിനാൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നു പാർട്ടിയെയും സ്ഥാനാർഥിയെയും അറിയിച്ചു. വ്യക്തിപരമായ പ്രശ്നമുണ്ടായിട്ടുപോലും ‘അമ്മ’യിൽനിന്നു രാജിവയ്ക്കാത്ത ആളാണു ഞാൻ. അതേസമയം, മോഹൻലാൽ പ്രചാരണത്തിനു പോകണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ അദ്ദേഹത്തിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്.

നിർദേശമുണ്ടായിരുന്നു

ജഗദീഷ്

പത്തനാപുരത്തു പ്രചാരണത്തിന് എത്തില്ലെന്ന് അറിയിച്ചിട്ടും എൽഡിഎഫ് വേദിയിൽ മോഹൻലാൽ വന്നത് ഏറെ വിഷമമുണ്ടാക്കി. ദിവസവും ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ആരായുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. രണ്ടു ദിവസം മുൻപും മോഹൻലാലിന്റെ അടുത്ത സുഹൃത്തായ ആന്റണി പെരുമ്പാവൂർ വിളിച്ചു മോഹൻലാൽ പത്തനാപുരത്തേക്കു വരില്ലെന്നാണ് അറിയിച്ചത്. അന്നേദിവസം രാത്രിയിൽ എന്തു സംഭവിച്ചുവെന്നതു ദുരൂഹമാണ്.

മോഹൻലാൽ വന്നതിനെക്കാളേറെ, മോഹൻലാലിനെതിരെ ആരോപണം ഉയർന്നതിലാണ് ഇപ്പോൾ വേദനിക്കുന്നത്. വരവ് ഒഴിവാക്കിയിരുന്നെങ്കിൽ വിവാദവും ഒഴിവാക്കാമായിരുന്നു. ഒരു സുഹൃത്തിനെ വെടിയുകയും മറ്റെയാളുടെ കൈപിടിക്കുകയുമാണു ലാൽ ചെയ്തത്.ഞാൻ കലാകാരനാണെങ്കിലും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം അവതരിപ്പിച്ചാണു മൽസരിക്കുന്നത്. </p>

കലാകാരൻമാരെ പ്രചാരണത്തിനു കൊണ്ടുവരണ്ടായെന്നു നേരത്തേ തീരുമാനമെടുത്തിരുന്നു. അമ്മ സംഘടനയിലുള്ളവർ പത്തനാപുരത്തു പ്രചാരണത്തിനു പോകരുതെന്നു നിർദേശം നൽകിയിട്ടുണ്ടെന്നു പ്രസിഡന്റ് ഇന്നസന്റ് പറഞ്ഞിരുന്നു.

അത് ലാലിന്റെ സ്വാതന്ത്ര്യം

മുകേഷ്

മോഹൻലാലിന് അദ്ദേഹത്തിന്റേതായ സ്വാതന്ത്ര്യമുണ്ട്. ആർക്കു വേണ്ടി പ്രചാരണത്തിനു പോകണമെന്നു തീരുമാനിക്കേണ്ടതു മോഹൻലാലാണ്. ചിലപ്പോൾ, ജഗദീഷിനെക്കാൾ കൂടുതൽ സൗഹൃദം ഗണേഷ്കുമാറുമായിട്ടായിരിക്കും. അതു മോഹൻലാലാണു പറയേണ്ടത്. ഞാനും മോഹൻലാലും സുഹൃത്തുക്കളാണ്. പക്ഷേ, എനിക്കു വേണ്ടി ലാൽ വന്നില്ലല്ലോ. സലിം കുമാർ കോൺഗ്രസുകാരനാണ്. രാഷ്ട്രീയം വച്ചാണു സലിം കുമാർ അഭിപ്രായം പറഞ്ഞതെന്നു തോന്നുന്നില്ല.

ലാലിന്റെ വരവ് ശരിയായില്ല

ഭീമൻ രഘു

ആരു വന്നാലും പോയാലും വോട്ടു ചെയ്യുന്നതു പത്തനാപുരത്തെ ജനങ്ങളാണ്. താരങ്ങൾ മൽസരിക്കുന്ന പത്തനാപുരത്ത് ആരും പ്രചാരണത്തിനെത്തേണ്ട എന്ന അമ്മ പ്രസിഡന്റിന്റെ നിർദേശം മറികടന്നു മോഹൻലാലെത്തിയതു ശരിയായില്ല. ഞാനും ഒരു താരത്തെ പ്രചാരണത്തിനിറക്കും, വേറാരുമല്ല എന്റെ ഭാര്യ.

ബ്ലാക്ക്മെയിൽ ചെയ്തു

കൊടിക്കുന്നിൽ സുരേഷ്
(കൊല്ലം ഡിസിസി പ്രസിഡന്റ്)

ആനക്കൊമ്പു കേസിലെ നിർണായക ഫയലുകൾ ഉപയോഗിച്ചു നടൻ മോഹൻലാലിനെ കെ.ബി. ഗണേഷ്കുമാർ ബ്ലാക്ക്മെയിൽ ചെയ്തുവെന്നാണു വിവരം. സിനിമയിലും രാഷ്ട്രീയത്തിലും ബ്ലാക്ക്മെയിൽ ചെയ്തു നേട്ടമുണ്ടാക്കുന്നയാളാണു ഗണേഷ്. ആനക്കൊമ്പു കേസിലെ പല നിർണായക ഫയലുകളും ഗണേഷിന്റെ കൈവശമുണ്ട്. അതു പുറത്തുവന്നാൽ കുടുങ്ങുമെന്നു മോഹൻലാലിന് അറിയാം.

ലഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങിയതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിട്ടുണ്ട്. കനയ്യകുമാറിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചു ബ്ലോഗിൽ എഴുതിയ മോഹൻലാലിനെ സിപിഎമ്മും സിപിഐയും രൂക്ഷമായി വിമർശിച്ചതു ജനം മറന്നിട്ടില്ല.

ആ പാർട്ടിയുടെ നേതാക്കൾ മോഹൻലാലിനെ ആനയിക്കാൻ മൽസരിക്കുകയായിരുന്നു. ഗണേഷിനെ സഹായിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണു ജനം ടിവിയുടെ ഡയറക്ടർ കൂടിയായ പ്രിയദർശൻ പത്തനാപുരത്തു പ്രസംഗിച്ചത്.

പ്രചാരണം: തീരുമാനമൊന്നുമില്ല

നെടുമുടി വേണു

അമ്മയിലെ അംഗങ്ങൾ തമ്മിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മറ്റു താരങ്ങൾ ആരും അവിടെ പോയി പ്രചാരണം നടത്താൻ പാടില്ലെന്ന തീരുമാനം അമ്മ രേഖാമൂലമോ, അല്ലാതെയോ എടുത്തിട്ടില്ല. അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമാണ്. ഇതു സംബന്ധിച്ചു സുഹൃത്തുക്കൾ തമ്മിൽ എന്തെങ്കിലും ധാരണയിൽ എത്തിയിട്ടുണ്ടോയെന്ന് അറിയില്ല.

സലിം കുമാറിന്റെ രാഷ്ട്രീയതന്ത്രം

കമൽ(സംവിധായകൻ)

മോഹൻലാൽ ചെയ്തതിൽ ഒരു തെറ്റുമില്ല. അമ്മ പോലുള്ളൊരു സംഘടന അംഗങ്ങളുടെ രാഷ്ട്രീയ നിലപാടിൽ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് ആർക്കും ആലോചിച്ചാൽ മനസ്സിലാകും. ഇന്നസന്റ് മത്സരിച്ചപ്പോൾ അമ്മയിലെ അംഗങ്ങൾ ആരും പ്രചാരണത്തിനു വരണമെന്നില്ലെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. ഇതിനു കാരണം, തിരഞ്ഞെടുപ്പു രാഷ്ട്രീയപരമായി മാത്രം നേരിടാനുള്ള ഇന്നസന്റിന്റെ ആത്മധൈര്യമായിരുന്നു. ഇതിൽ ഞാൻ കാണുന്നതു സലിം കുമാറിന്റെ രാഷ്ട്രീയതന്ത്രം മാത്രമാണ്.

ഈ വിവാദം അനാവശ്യം

ദിലീപ്

സിനിമാ താരങ്ങൾ മൽസരിക്കുന്ന പത്തനാപുരത്തു തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകരുതെന്നു താരസംഘടനയായ അമ്മ തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു നിർദേശവുമില്ല. സംഘടനയുമായി ആലോചിച്ചിട്ടല്ല അംഗങ്ങളാരും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. മോഹൻലാൽ ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിയിലെത്തിയതിന്റെ പേരിലുള്ള വിവാദം അനാവശ്യമാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണത്.

ഗണേഷിന് വോട്ടുതേടി ദിലീപും

പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നടൻ ദിലീപും. ഇന്നലെ വെട്ടിക്കവലയിലും രണ്ടാലുംമൂട്ടിലും നടന്ന പ്രചാരണ യോഗങ്ങളിൽ ദിലീപ് പ്രസംഗിച്ചു. 

Your Rating: