Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിസ്ഥിതി സിനിമകളോട് പലർക്കും താൽപര്യക്കുറവ്: അനിൽ രാധാകൃഷ്ണൻ മേനോൻ

anil-rajesh അനിൽ രാധാകൃഷ്ണൻ മേനോൻ, എംപി എം.ബി. രാജേഷ്

പരിസ്ഥിതി സിനിമകൾ കൂടുതൽ ഉണ്ടാകാത്തതിന്റെ കാരണം ആർക്കും അവയോടു താൽപര്യമില്ലാത്തതുകൊണ്ടാണെന്നു സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചു വനം–വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന ‘കാടകം–വനം, പരിസ്ഥിതി ചലച്ചിത്രമേള’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെലവു കൂടുതലായതിനാൽ സാങ്കേതിക പ്രവർത്തകർക്കും ഗിമ്മിക്കുകൾ(സൂത്രപണികൾ) കുറവായതിനാൽ പ്രേക്ഷകർക്കും പരിസ്ഥിതി ചിത്രങ്ങളോടു താൽപര്യമില്ല.

മാജിക്കൽ റിയലിസത്തെ കൂട്ടുപിടിച്ചെത്തിയ ‘അവതാർ’ പോലെയുള്ള വളരെ കുറച്ചു പരിസ്ഥിതി സിനിമകൾ മാത്രമേ തീയറ്ററിൽ നേട്ടമുണ്ടാക്കിയിട്ടുള്ളു. അവയ്ക്കാകട്ടെ പരിസ്ഥിതി സിനിമകൾ നിറവേറ്റേണ്ട കടമ നിറവേറ്റാനായോ എന്നതിലും സംശയമുണ്ട്. തന്റെ ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’ എന്ന ചിത്രം പരിസ്ഥിതിയുമായി വളരെയേറെ ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നായിരുന്നു. അതുകൊണ്ടു തന്നെയാകണം അതിനു തീയറ്ററിൽ വേണ്ടത്ര ചലനം ഉണ്ടാക്കാൻ സാധിക്കാതെ പോയത്. എന്നാൽ സിഡി എടുത്തും കംപ്യൂട്ടറിലും സ്മാർട് ഫോണിലും ചിത്രം കണ്ടു നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു.

നമ്മളിൽ പലരും എല്ലാ പരിപാടികളും കഴിഞ്ഞു മിച്ചം സമയമുണ്ടെങ്കിൽ മാത്രം പരിസ്ഥിതിയെ പറ്റി ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണു ജീവകാരുണ്യ പ്രവർത്തകരുടെ എണ്ണം കൂടുമ്പോഴും പരിസ്ഥിതി പ്രവർത്തകരുടെ എണ്ണം കൂടാത്തത്. സംസ്ഥാനത്തു നടക്കുന്ന ആദ്യ വനം പരിസ്ഥിതി ചലച്ചിത്രമേളയാണു ‘കാടകം’ എന്നതുകൊണ്ടു തന്നെ വരും വർഷങ്ങളിൽ മേളയ്ക്കു വളർച്ചയുണ്ടാകുമ്പോഴും വേദി പാലക്കാട് തന്നെ നിലനിർത്തണം. പരിസ്ഥിതി ചലച്ചിത്ര മേളയെ മെട്രോ നഗരങ്ങളിലേക്കു പറിച്ചു നടാൻ ശ്രമിക്കരുതെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി.

കലക്ടർ പി. മേരിക്കുട്ടി, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ, സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ശിൽപ വി. കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എ.ഒ. സണ്ണി എന്നിവർ പ്രസംഗിച്ചു. 27, 28, 29 തീയതികളിൽ പാലക്കാട് മുനിസിപ്പൽ ടൗൺ ഹാളിലാണ് കാടകം ചലച്ചിത്ര മേള നടക്കുന്നത്.

ഒറ്റാലിന് ‘സബാഷ്’ നൽകി എംപിയും

സംസ്ഥാനത്തു നടന്ന ആദ്യ വനം–പരിസ്ഥിതി ചലച്ചിത്രമേളയായ കാടകത്തിന്റെ ഉദ്ഘാടന പ്രദർശനത്തിന് പാലക്കാട് എംപി എം.ബി. രാജേഷ് എത്തിയതു സകുടുംബം. ഒറ്റാൽ കണ്ടിറങ്ങിയ എംപി സിനിമക്കു നൂറിൽ നൂറ് മാർക്ക് നൽകി. ഹൃദയസ്പർശിയായ ചിത്രമാണ് ‘ഒറ്റാൽ’. ഇതൊരു പരിസ്ഥിതി ചിത്രം മാത്രമല്ല ബാലവേലയ്ക്കെതിരെ പ്രതികരിക്കുന്ന ചിത്രം കൂടിയാണ്. മക്കളായ പ്രിയദത്തയും നിരഞ്ജനയും വലിയ മൃഗ സ്നേഹികളാണ്. ഇവർക്കു വേണ്ടിയാണ് ഒറ്റാൽ കാണാൻ‌ വന്നതെന്നും അദ്ദേഹം പറഞ്ഞു. കാടകം ചലച്ചിത്ര മേളയുടെ സംഘാടകരായ വനം വകുപ്പിനെ എംപി അഭിനന്ദിച്ചു.

ബഹുജനങ്ങളിലേക്കു പരിസ്ഥിതിയെ സംബന്ധിക്കുന്ന അവബോധം നൽകാൻ ഏറ്റവും മികച്ച മാധ്യമം ചലച്ചിത്രമാണെന്ന അവരുടെ തിരിച്ചറിവിനാണ് അഭിനന്ദനം. ജയരാജിനെ നേരിട്ടു വിളിച്ച് അഭിനന്ദനം അറിയിക്കുമെന്നും രാജേഷ് പറഞ്ഞു.  

Your Rating: