Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനൂപ് ചന്ദ്രന് വധുവിനെ ആവശ്യമുണ്ട്; ഡിമാന്റുകൾ ദാ ഇതൊക്കെ

anoop-chandran

അനൂപ് ചന്ദ്രൻ കല്യാണം കഴിക്കാത്തത് പെണ്ണു കിട്ട‌ാത്തതു കൊണ്ടല്ല, ‌ഭാവി വധുവിനെക്കുറിച്ച് അനൂപിന് ചില സങ്കൽപ്പ ങ്ങളൊക്കെയുണ്ട്.

‘അതിരാവിലെ എണീക്കുമ്പോൾ കണ്ണ് നേരെ പോകും തൊഴുത്തിലേക്ക്. പശുവിനെ കണി കണ്ട് ഉണരണമെന്നല്ലേ മഹാന്മാര് പറഞ്ഞത്. അത് സത്യമാണെന്നൊരു വിശ്വാസം എനിക്കുമുണ്ട് കണ്ണ് തൊഴുത്തിൽ ചെല്ലുമ്പോൾ ശരീരത്തിനും തോന്നും ഒരു ഉത്സാഹം. എന്നാ പിന്നെ പൊയ്ക്കളയാമെന്നു പറഞ്ഞ് കാലും അങ്ങോട്ടു വലിക്കും. സ്വര്‍ണ നിറവും പൂച്ചക്കണ്ണുകളുമുളള ‘കപില’യോടും ചങ്ങാതിമാരോടും കുശലമൊക്കെ പറഞ്ഞ്, മുറുക്കാനും വായിലിട്ട്, മടി പിടിച്ചിങ്ങനെ കുറച്ചു നേരം തൊഴുത്തിലിരിക്കും. ഉണർന്നു വരുന്ന ആകാശവും നോക്കിയുളള ആ ഇരിപ്പ് എന്തൊരു സുഖമാ. പിന്നെ നമ്മള് ഭയങ്കര ആക്ടീവാ. നിർമലച്ചേച്ചിയും ഗോമതിച്ചേച്ചിയും എത്തിയാൽ അവരുടെ കൂടെ നിന്ന് പതിനഞ്ചു പശുക്കളെയും കുളിപ്പിക്കും. നാടൻ പശുക്കൾക്കു മാത്രമേ ഈ തൊഴുത്തിൽ പ്രവേശനമുളളൂ കേട്ടോ. അവര്‍ക്കെല്ലാം തീറ്റയും കൊടുത്തു കഴിഞ്ഞാൽ പിന്നെ പാടത്തേക്കൊരിറക്കമാണ്.’’

ഷൂട്ടിങ് ഇല്ലാത്ത ദിവസം നടൻ അനൂപ് ചന്ദ്രന്റെ ടൈറ്റ് ഷെഡ്യൂളിനെക്കുറിച്ചാണ് ഇപ്പോൾ പറഞ്ഞത്. സ്ക്രീനിൽ ചിരിപ്പിക്കുമെങ്കിലും സംസാരത്തിൽ അല്പം ഗൗരവമൊക്കെ വേണമെന്ന് നിർബന്ധമുളള ആളാണ്. കൃഷി, രാഷ്ട്രീയം, നാടകം.... സിനിമ വിട്ടാൽ പിന്നെ അനൂപിനെ കാണുന്ന സീനുകളെല്ലാം തന്നെ കുറച്ച് ഗൗരവമുളളതാണ്. യ്യോ, പാടത്തേക്കിറങ്ങിയ അനൂപ് അവിടെ സ്റ്റില്ലായി നിൽപ്പാണല്ലോ. ‘പ്ലേ’ ബട്ടൺ കൊടുക്കൂ. ക്യാമറയും കൂടെ നീങ്ങട്ടെ....

ഒരു കടലുണ്ടായിരുന്നെങ്കിൽ....

‘‘തൂമ്പയുമായി പാടത്തിറങ്ങിയാൽ പിന്നെ എല്ലാം മറക്കും. ഞാറിനും പച്ചക്കറികള്‍ക്കും പറയാനുളളതെല്ലാം കേള്‍ക്കും. മണ്ണ് തടമെടുക്കുമ്പോഴാണ് ഞങ്ങളുടെ സംസാരം. അപ്പോഴേക്കും മണി പതിനൊന്നാകും. വയറ്റിൽ നിന്ന് ചില സൂചനകൾ കിട്ടിത്തുടങ്ങും. ഫ്രെഷ് ആയി വരുമ്പോഴേക്കും ചെറിയൊരണ്ടാവ് നിറയെ ചോറും മൂന്നാലഞ്ച് മെഴുക്കുപുരട്ടിയും റെഡിയാക്കിയിരിക്കും അമ്മ. വച്ചൊരു കീറങ്ങു കീറും. സ്വന്തം പറമ്പിലുണ്ടായ‌ അരിയും പച്ചക്കറികളും കഴിക്കുമ്പോൾ കിട്ടുന്ന ആ സുഖം... ! ആഹാ.... അത് അനുഭവിച്ചാലേ മനസ്സിലാകൂ.

ഫാക്ടില്‍ ജോലിക്കാരിയായിരുന്നു അമ്മ. എന്നിട്ടു പോലും ഒരു തരി രാസവളം വീട്ടുവളപ്പിൽ കയറ്റിയിട്ടില്ല. നെല്ലു മുതൽ പച്ചമുളകു വരെ എല്ലാം ക‍‌ൃഷിയുണ്ട്. പത്ത് തരം വെറൈറ്റി ചേമ്പ്, പടവലം, മാരാരിക്കുളം വഴുതന... അങ്ങനെയെല്ലാം. സ്വന്തമായി കടലില്ലാത്തതുകൊണ്ട് ഉപ്പു മാത്രം വാങ്ങുന്നു. കൃഷിയെനിക്ക് വേറൊരു പ്രഫഷൻ അല്ല, വരുമാനമാര്‍ഗവുമല്ല. ആത്മസന്തോഷം തരുന്ന കാര്യമാണ് - ഒരു തരം ധ്യാനം. അതുകൊണ്ട് ഷൂട്ടിങ് ഇല്ലെങ്കിൽ പര‌മാവധി സമയവും പാടത്തു തന്നെയാവും. കുഞ്ഞു ജനിച്ചു വീഴുമ്പോഴേ സ്കൂളിലെ അഡ്മിഷനെക്കുറിച്ച് ചിന്തിക്കുന്ന അച്ഛനമ്മമാരെപ്പോലെയാണ് മാർക്കറ്റ് ലക്ഷ്യമിട്ട് കൃഷി ചെയ്യുന്നവർ. എന്റെ ലക്ഷ്യം മാർക്കറ്റല്ല, ക‌ൃഷി ചെയ്തു കിട്ടുന്നതൊന്നും വിൽക്കാറുമില്ല, വേണ്ടതെടുത്ത് ബാക്കി നാട്ടുകാർക്ക് കൊടുക്കും.

നാട്ടുകാര്യത്തില്‍ ഇടപെടാതെങ്ങിനെയാ....

നാട്ടില്‍ എനിക്കൊരു സിനിമാ നടന്റെ ഇമോജൊന്നുമില്ല. പുറത്തു നിന്ന് ആരെങ്കിലും വന്ന് അന്വേഷിക്കുമ്പോഴാണ് അനൂപ് സിനിമാക്കാരനാണെന്ന് അവർ ഓര്‍ക്കുന്നതു പോലും. നാട്ടുകാരെന്നെ വില വയ്ക്കുന്നത് നാടകക്കാരനായതു കൊണ്ടാ ണ്. ചേര്‍ത്തലക്കാരോടു ചോദിച്ചാൽ പറയും നാടകത്തിൽ ചെയ്തതിന്റെ നൂറിലൊരംശം പോലും അനൂപ് സിനിമയിൽ ചെയ്തിട്ടില്ലെന്ന്. ചെറുപ്പം മുതലേ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. മുപ്പത്തിയഞ്ച് നാടകങ്ങൾ വരെ മത്സരിക്കുന്ന പഞ്ചായത്താണ് ‌ഞങ്ങളുടേത്. സത്യത്തിൽ, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിത്തന്നതും ജനങ്ങളുമായി കൂടുതൽ അടുക്കാൻ‌ കഴിഞ്ഞതും നാടകത്തിലൂടെയാണ്. കാവാലത്തിന്റെ ‘സോപാന’വും സ്കൂള്‍ ഓഫ് ഡ്രാമയുമാണ് ജീവിതത്തിലെ വിലപ്പെട്ട പാഠപുസ്തകങ്ങൾ. കലാകാരനു സമൂഹത്തോടു ചില ബാധ്യകളൊക്കെയുണ്ടെന്ന് പറയും. കാര്യം ‌വരുമ്പോൾ ആരും കാണില്ല.

ചിലതൊക്കെ എടുത്ത് ദൂരെക്കളയണം ടെലിവിഷൻ, സ്വാര്‍ഥത, സ്റ്റീല്‍പാത്രങ്ങൾ. ഇതു മൂന്നും നമ്മുടെ വീടുകളിൽ നിന്നു പോകണം. എന്നാലേ കുടുംബ ബന്ധങ്ങൾക്ക് ശക്തിയുണ്ടാകൂ. മൺപാത്രങ്ങളിൽ പാചകം ചെയ്യട്ടെ, അന്നന്നത്തേക്കു വേണ്ടതു മാത്രം ഉണ്ടാക്കട്ടെ. എത്രയോ അസുഖങ്ങൾ പമ്പ കടക്കുന്നതു കാണാം. അച്ഛനും അമ്മയും മക്കളും ഒരുമിച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങട്ടെ. അപ്പോൾ മനസ്സിലാവും ഒരുമയെന്താണെന്ന്.

ഭൂം‌മിയും ആഹാരവും ആവശ്യത്തിനേ കൈവശം വയ്ക്കാവൂ എന്നതാണ് എന്റെ തിയറി. അല്ലെങ്കിൽ രോഗം വന്ന് ചാവും. പാരമ്പര്യമായി കിട്ടിയതും വാങ്ങിയതുമെല്ലാം കൂടി മൂന്നര ഏക്കർ ഭൂമിയുണ്ട്. നാലഞ്ചു കുളവും കുറച്ചു കാടുമുണ്ടതിൽ. ഇനി കന്നിമൂലയില്‍ കല്ല് കെട്ടി സർപ്പക്കാവും വയ്ക്കണം. സർപ്പക്കാവ് എന്ന സങ്കൽപ്പമുണ്ടാക്കിയ കാരണവന്മാരെ സമ്മതിക്കണം. അതു വെറും വിശ്വാസമല്ല, ഒരു ശാസ്ത്രം കൂടിയാണ്. തെക്കു പടിഞ്ഞാറൻ കാറ്റ് കാവിൽ തട്ടുമ്പോൾ ശുദ്ധമായ ഓക്സിജൻ നേരെ വീട്ടിലെത്തും. ആ ശാസ്ത്രത്തിലാണ് എനിക്കു വിശ്വാസം.

ആലോചിച്ചു നോക്കിയിട്ടുണ്ടോ, ക‍ൃഷിയും കല്യാണവും ഒരു പോലെയാണ്. വിത്തുകളുടെ ഗുണം നോക്കി തിരഞ്ഞെടുക്കു ന്നു, വിതയ്ക്കാനായി ഒരുക്കുന്നു, ‌വിതച്ച് ഞാറാക്കി വളർത്തുന്നു, വളർത്തി കതിരാക്കുന്നു, കൊയ്തെടുക്കുന്നു. അതുപോലെ കല്യാണത്തിലൂടെ കുഞ്ഞുണ്ടാകുന്നു, രാപ്പകലില്ലാതെ ഉണർന്നിരുന്ന് കുഞ്ഞിനെ വളർത്തി വലുതാക്കി ആ പട്ടമങ്ങ് പറത്തിവിടുന്നു.

കളരി പഠിച്ചാൽ നാട്ടാരെ തല്ലണോ

ഇത്രയൊക്കെ അറിഞ്ഞിട്ടും ഇവനെന്താ കല്യാണം കഴിക്കാത്തതെന്നല്ലേ ഇപ്പോൾ ആലോചിച്ചത് ? കളരി പഠിച്ചവരെല്ലാം നാട്ടുകാരെ തല്ലാറില്ലല്ലോ. സീരിയലിനു പുറകെ പോകാത്ത, സ്വന്തം കാര്യത്തിനപ്പുറം സമൂഹത്തിനും വില കൊടുക്കുന്ന, കാമ്പുളള ചിന്തകളുളള ഒരു പെണ്‍കുട്ടിയെ ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയില്ല. വിവാഹം ഒരു ആക്സിഡന്റ് ആണ്. അത് വരുമ്പോൾ അനുഭവിക്കുക. അത്രേ ഉളളൂ. കോളജിലൊക്കെ പഠിക്കുമ്പോൾ ആരാധന തോന്നിയ പെൺകുട്ടിയുണ്ടായിരുന്നു. ഏറ്റെടുത്താൽ മണ്ണിരയോ ചീവീടോ തിന്നാൻ കൊടുത്താൽ പോരല്ലോ. അതുകൊണ്ട് മുന്നോട്ടു പോയില്ല.

അമ്മ ആള് ഒരു സംഭവം തന്നെയാ നാടകം പഠിക്കാനും സിനിമാക്കാരനാവാനുമുളള സ്വാതന്ത്ര്യം അമ്മ എനിക്കു തന്നു. നന്നായി വായിക്കും അമ്മ. മധ്യവയസ്സിൽ, എല്ലാത്തിനോടും പൊരുത്തപ്പെട്ടിരിക്കുന്ന സമയത്തുണ്ടായ മകനാണ് ഞാൻ. അമ്മയോ‍ട് കൂടുതല്‍ അടുപ്പമുളള മക്കൾക്ക് ആത്മീയ ഉയർച്ചയും മൂല്യവളർച്ചയുമുണ്ടാകും. എങ്കിലും ജീവിതത്തിൽ ഉയർച്ച കുറവാകുമെന്നു പറായാറുണ്ട്. അമ്മ ദേഷ്യപ്പെട്ടാൽ ഞാനത്ര കാര്യമാക്കാറില്ല, പക്ഷേ, സങ്കടപ്പെട്ടാൽ നമ്മുടെ കണ്‍ട്രോളു പോകും. കാരണം, അമ്മ അങ്ങനെ അനാവശ്യമായി സെന്റിയടിക്കുന്ന ആളേ ‌അല്ല.

മുറുക്കുന്നതും മദ്യപിക്കുന്നതും അമ്മയ്ക്കിഷ്ടമല്ല. മുറുക്കിക്കൊണ്ട് അമ്മയുടെ മുമ്പിൽ ചെന്നാല്‍ കൊന്നതു തന്നെ. ഇത്രയൊക്കെയായാലും ആൾക്ക് കുറച്ച് സീരിയൽ ഭ്രമമുണ്ട്.അതങ്ങ് അവസാനിപ്പിച്ചില്ലെങ്കിൽ ഞാൻ വീണ്ടും കളളുകുടി തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണി പ്പോൾ. അമ്മയെക്കാണാതെ പതിനഞ്ചു ദിവസത്തിൽ കൂടുതൽ എനിക്കു പറ്റില്ല. അതുകൊണ്ട് ഇഷ്ടപ്പെട്ട ടീം, കഥാപാത്രം, വീട്ടിലേക്ക് ഓടിയെത്താവുന്ന ലൊക്കേഷൻ ഇതൊക്കെ നോക്കിയേ സിനിമ തിരഞ്ഞെടുക്കാറുളളൂ.

ചവറു നീക്കിയ പാടം പോലെ ജീവിതം

ആരോടും ഒന്നിനോടും അങ്ങനെ ഇഷ്ടമോ വെറുപ്പോ ഇല്ലെനിക്ക്. ചപ്പുചവറുകൾ മാറ്റി ക്ലീൻ ആക്കിയ പാടമാണെന്റെ മനസ്സ് എന്നു തോന്നാറുണ്ട്. സിനിമയിലോ കൃഷിയിലോ നാടകത്തിലോ എവിടെയായാലും മൂല്യമുളള ബന്ധങ്ങളേ എനിക്കുളളൂ. ഒരിക്കലും പണത്തിനു പുറകേ പോവാറുമില്ല. കൊച്ചിയിൽ നല്ലൊരു ഫ്ളാറ്റും കാറും സുന്ദരിയായ ഭാര്യയുമൊക്കെയായിട്ടാണ് ജീവിക്കുന്നതെങ്കിൽ ഒരിക്കലും നല്ല ഹ്യൂമർ ചെയ്യാൻ എനിക്ക് പറ്റില്ലായിരുന്നു. പട്ടിണിയിൽ നിന്നും വേദനയിൽ നിന്നുമേ നല്ല ഹ്യൂമര്‍ ഉണ്ടാകൂ. അല്ലാത്ത ഹ്യൂമർ ആരെയെങ്കിലും കളിയാക്കിയോ മോശപ്പെടുത്തിയോ ആയിരി ക്കും. ജഗതിച്ചേട്ടനെ നോക്കൂ, ആരെയും വേദനിപ്പിക്കാതെയും സ്വയം മോശപ്പെടാതെയുമാണ് സിനിമയിൽ അദ്ദേഹം കോമഡിയും ഹ്യൂമറുമൊക്കെ ചെയ്തിരുന്നത്.’’

ഇനിയാണ് ക്ലൈമാക്സ്

പതിനൊന്നരയുടെ ചോറൂണ് തീർന്നതോടെ നായകൻ അനങ്ങാൻ വയ്യാതെ കിടന്നു പോയി. പുസ്തകം വായിച്ച‌ു മയങ്ങിപ്പോയതറിഞ്ഞില്ല. കണ്ണു തുറന്നപ്പോൾ ഉച്ചയായി. വീണ്ടും ഉൗണ് (ഒരു മീഡിയം രീതിയിൽ). പിന്നെ, പശുവിനെ കറക്കലും പാ‌ടത്തെ കാറ്റു കൊണ്ടുളള നടത്തവും. അപ്പോഴേ ക്കും സന്ധ്യ മയങ്ങി. പറമ്പിലെ കുളത്തിൽ വിശാലമായ മുങ്ങിക്കുളി. ലോകം കീഴടക്കിയ സുഖം. വീട്ടിൽ സീരിയൽ ഒഴിയാന്‍ ഒമ്പതു മണി കഴിയണം. രംഗം ശാന്തമായാൽ ഒരു മണിക്കൂർ ധ്യാനം, സ്വസ്ഥമായ നിദ്ര. ശുഭം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.