Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിമിക്രി ബാക്ഗ്രൗണ്ടില്ല, വീട്ടിലും സിനിമാക്കാരില്ല: അനൂപ് മേനോ‍ൻ

അനൂപ് മേനോൻ

നായകൻ മാത്രമല്ല, നായകന്റെ കൂട്ടുകാരനോ മൂത്ത സഹോദരനോ അച്ഛനോ പോലുമാകാൻ മടിയില്ലാത്ത നടനാണ് അനൂപ് മേനോൻ. സ്ക്രീനിൽ അവതരിപ്പിക്കുന്ന റോളുകൾ പോലെ തന്നെ വ്യത്യസ്തമാണ് കരിയറും. നടൻ, തിരക്കഥാകൃത്ത്, തുടങ്ങി സിനിമയുടെ മിക്ക മേഖലകളിലും അനൂപ്‍ ശ്രദ്ധ വയ്ക്കുന്നു. വലിയ സിനിമാക്കാരുടെ കെട്ടുപാടുകളിൽനിന്ന് വിട്ടുനിൽക്കുന്ന അനൂപ് എക്കാലത്തും പുതിയ സംവിധായകർക്കും അഭിനേതാക്കൾക്കുമൊപ്പമാണ്. ഇപ്പോൾ നായകനായി അഭിനയിക്കുന്ന പത്തു കൽപനകൾ എന്ന സിനിമയുടെ സംവിധായകൻ ഡോൺ മാക്സും സംവിധാനത്തിൽ പുതുമുഖം.

എന്തുകൊണ്ടാണ് അനൂപ് മേനോൻ വ്യത്യസ്താനാവുന്നത്?

രഞ്ജിത്, ലാൽ ജോസ് എന്നിവരെ മാറ്റിനിർത്തിയാൽ, വലിയ സംവിധായകരുടെ കൂട്ടത്തിൽപ്പെടുത്താവുന്നവരുടെ സിനിമയിൽ ഞാൻ അധികം അഭിനയിച്ചിട്ടില്ല. രാജേഷ് പിള്ള, അരുൺ കുമാർ അരവിന്ദ്, എബ്രിഡ് ഷൈൻ തുടങ്ങി എന്റെ നല്ല ചിത്രങ്ങളുടെയെല്ലാം അണിയറക്കാർ പുതുമുഖങ്ങളായിരുന്നു. കരിയറിന്റെ ആദ്യഘട്ടം മുതലേ വികെപി (വി.കെ. പ്രകാശ്) യോടൊപ്പവും ഉണ്ട്. പുതുതലമുറയിലെ സംവിധായകൻ മിടുക്കരാണ്. അവർക്ക് അവസരം കൊടുക്കുന്നതിൽ നമ്മളെക്കൊണ്ട് ആവുന്നതു ചെയ്യുക; അത്രയേ ഉള്ളൂ.

പ്രമേയങ്ങളിലെ പുതുമയാണു നമ്മെ സിനിമ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത്. ഒന്നരവർഷം മുൻപു ഷീ ടാക്സിയുടെ ലൊക്കേഷനിൽ വച്ചാണ്, ഫിലിം എഡിറ്ററായ ഡോൺ മാക്സ് ആദ്യമായി പത്തു കൽപനകളുടെ കഥ പറഞ്ഞത്. അന്നത് അവ്യക്തമായ ഒരു ഐഡിയ മാത്രമായിരുന്നു. കുറച്ചു മാസങ്ങൾക്കു ശേഷം ഇതേ കഥയുമായി ഡോൺ പാവാടയുടെ സെറ്റിലെത്തി. ക്ഷീണിച്ച് അവശനായിരുന്നു അപ്പോൾ ഞാൻ. പക്ഷേ, ഒരേയിരിപ്പിൽ ആ കഥ മുഴുവൻ ശ്രദ്ധിച്ചു കേട്ടു. അത്രമേൽ വ്യത്യസ്തമായ പ്രമേയം.

പുതിയ സംവിധായകർ കഥ പറയുന്ന രീതിയാണു പ്രധാനം. അവർക്കു സിനിമയോടുള്ള പാഷൻ, ആ സിനിമ നന്നാകാൻ വേണ്ടി അവർ നടത്തിയ അധ്വാനം ഒക്കെ ശ്രദ്ധിക്കും. മിക്കപ്പോഴും നമ്മുടെ നിഗമനം ശരിയായിരിക്കും. തെറ്റിപ്പോയ സന്ദർഭങ്ങളുമുണ്ട്. കഥ കേൾക്കുമ്പോൾ നല്ലതെന്നു തോന്നുകയും ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞു നിരാശ തോന്നുകയും ചെയ്തിട്ടുണ്ട്. .

പുതിയ എല്ലാ സിനിമകളും കാണാറുണ്ട്. അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മഹേഷിന്റെ പ്രതികാരമാണ്. അതിന്റെ അണിയറപ്രവർത്തകരെയെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. മറ്റുള്ളവരുടെ വർക്ക് കാണുക, വിലയിരുത്തുക, അഭിപ്രായം അറിയിക്കുക ഇതൊക്കെ വലിയ ഇഷ്ടമാണ്.

സിനിമയിൽ ഗോ‍ഡ്ഫാദർമാരില്ലാത്ത ആളാണു ഞാൻ. മിമിക്രി ബാക്ഗ്രൗണ്ടില്ല. വീട്ടിലും വലിയ സിനിമാക്കാരാരുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലും സിനിമയിലുമുണ്ടായ മാറ്റങ്ങളെല്ലാം വന്നു ഭവിച്ചവയാണ്. ഞാൻ ഒന്നും പ്ലാൻ ചെയ്യാറില്ല.  

Your Rating: