Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവി ഉദ്ദേശിക്കാത്തത് വാട്സ് ആപ്പായി !

asif-rajisha

നല്ലതുമാത്രം വിചാരിച്ച് എടുത്ത ഒരു സിനിമാരംഗത്തിന് ഇതിലും വലിയ ഒരു പണി വേറെ കിട്ടാനുണ്ടോ? അനുരാഗ കരിക്കിൻ വെള്ളത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ സ്ക്രീൻഷോട്ട് ഒരു ചുവന്ന വട്ടംവരച്ച് വാട്സാപ്പിൽ കിട്ടിയപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തലയിൽ കൈവച്ചുപോയിരിക്കണം. ഷൂട്ടിങ്ങിനിടയിലും പിന്നെ തിയറ്ററിൽ പലവട്ടം കണ്ടപ്പോഴും ഒരിക്കൽപോലും തോന്നിയിട്ടില്ലാത്ത കാര്യം കംപ്യൂട്ടറിനു മുൻപിൽ മെനക്കെട്ടു കുത്തിയിരുന്നു കണ്ടെത്തിയിരിക്കുന്നു; ചില സാമൂഹിക മാധ്യമവിരുതന്മാർ.

അനുരാഗ കരിക്കിൻവെള്ളത്തിൽ ആസിഫ് അലിയും രജിഷ വിജയനും അഭിനയിച്ച ക്ലൈമാക്സിലെ ചുംബനരംഗമാണ് സ്ക്രീൻഷോട്ടുകളായി പ്രചരിക്കുന്നത്. ‘‘ഞാൻ കമ്മിറ്റഡായ ഒരു ആക്ടറാണ്. സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കുകയെന്നതാണു നടന്റെ കടമ. ബാക്കിയൊക്കെ ആളുകൾ ഓരോന്നു സങ്കൽപിച്ചെടുക്കുന്നതല്ലേ. നമുക്ക് എന്തു ചെയ്യാൻ പറ്റും? ആളുകൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതിൽ നല്ല വിഷമമുണ്ട്’’– ആസിഫ് അലി പറയുന്നു.

റിലീസാകാനിരിക്കുന്ന 'കവി ഉദ്ദേശിച്ചത്' സിനിമയുടെ പ്രൊഡക്‌ഷൻ തിരക്കുകളിലാണ് ആസിഫ്. നല്ല സിനിമകൾ ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നതിനിടെ ഇത്തരം വിവാദങ്ങൾക്കു പിന്നാലെ കൂടാൻ ആസിഫിനു താൽപര്യവുമില്ല.

‘‘അമ്പമ്പോ...കഷ്ടം തന്നെ ചേട്ടന്മാരെ നിങ്ങളുടെ കാര്യം! എന്തായാലും നന്നായിട്ടുണ്ട്. ഇനിയുള്ള കാലവും ഇങ്ങനെത്തന്നെ മുന്നോട്ടുപോകണം. സിനിമയിലല്ല, ഇതൊക്കെ ഇത്തരത്തിൽ കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. കൂട്ടുകാരന്റെ പെങ്ങളുടെ പടത്തിനു താഴെ പോലും വൃത്തികെട്ട കമന്റുകൾ എഴുതിച്ചേർത്തവരുടെ നാടാണല്ലോ ഇത്. ഒരദ്ഭുതവുമില്ല’’– ഇതേപ്പറ്റി തിരക്കഥാകൃത്ത് നവീൻ ഭാസ്കർ പറയുന്നു.

‘‘ഇതൊന്നും തമാശയായി എനിക്കു തോന്നുന്നേയില്ല. മലയാളിയുടെ മാനസികാവസ്ഥ എന്തുമാത്രം മോശമായിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഒരുപണിയുമില്ലാതെ ഓരോന്നൊക്കെ പടച്ചുവിടുന്നതു മാനസിക രോഗം തന്നെയല്ലേ? ഇതു പ്രചരിപ്പിക്കുന്നവരെങ്കിലും ചെയ്യുന്നതു ശരിയാണോ എന്നു ചിന്തിക്കണ്ടേ? അഭിനേതാക്കൾ പൊതുസ്വത്താണെന്നാണോ ഇവരുടെയൊക്കെ വിചാരം?’’ – നവീൻ ഭാസ്കർ ചോദിക്കുന്നു.
 

Your Rating: