Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അത് ആത്മഹത്യയല്ല കൊലപാതകം’

arundhathi അരുന്ധതി

ആരെയും കുറ്റപ്പെടുത്താതെ സ്വന്തം ജനനത്തെ മാത്രം പഴിച്ച് മരണത്തിലേക്ക് പോയ രോഹിത് വെമുലയെന്ന ഗവേഷക വിദ്യാർഥി സൃഷ്ടിച്ച ശൂന്യത യുക്തിബോധം നശിച്ചിട്ടില്ലാത്ത പക്ഷത്തെ പ്രക്ഷുബ്ധമാക്കുകയാണ്. രോഹിത് വെർമുല പഠിച്ച ഹൈദരാബാദ് സർവ്വകലാശാലയിൽ ദളിത് വിവേചനങ്ങൾക്കെതിരെയുളള പ്രതിഷേധം ശക്തമായി മുന്നേറുന്നു.

അംബേദ്കർ തത്വത്തില്‍ വിശ്വസിക്കുന്ന വിദ്യാർഥി സംഘടനയും മുഖ്യധാരയിലുള്ള എബിവിപി ഒഴികെയുള്ള വിദ്യാർഥി സംഘടനകളും ഒന്നിച്ചു നിന്ന് അടിച്ചമർത്തപ്പെട്ട ഒരു ജനതയ്ക്കു വേണ്ടി സംസാരിക്കുന്ന പ്രതീക്ഷാപരമായ അന്തരീക്ഷമാണ് ഇന്ന് ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലുള്ളത്. തന്റെ പേരിന് പ്രാധാന്യം നൽകരുതെന്ന് പറഞ്ഞുകൊണ്ട് ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രതിഷേധങ്ങളെ കുറിച്ച് നടിയും അവിടുത്തെ വിദ്യാർഥിയുമായ അരുന്ധതി പറഞ്ഞ വാക്കുകളിലേക്ക് കടക്കാം.

‘രോഹിത് ആത്മഹത്യ ചെയ്തതല്ല. അത്തരത്തിൽ ആ മരണത്തെ വ്യാഖ്യാനിക്കാൻ ഹൈദരാബാദ് സർവ്വകലാശാലയിലെ വിദ്യാർഥികൾക്കോ ഈ മരണത്തെ യുക്തിപരമായ ചിന്തയോടെ സമീപിക്കുന്ന ആർക്കുമോ സാധിക്കില്ല. ഇത് ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകമാണ്. പഠിച്ച കലാലായത്തിലെ വിവേചനങ്ങളാണ് രോഹിതിനെ കൊന്നത്. ഈ മരണത്തെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയും രോഹിതിനെ ഒബിസിയാക്കാൻ പരിശ്രമിക്കുന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയും സർവ്വകലാശാലയുടെ വൈസ് ചാൻസലറുമാണ് രോഹിതിന്റെ മരണത്തിനുത്തരവാദികൾ.

rohith-vemula രോഹിത് വെമുല

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമരത്തെ മൗനം കൊണ്ട് നേരിട്ട പോലെ ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രതിഷേധത്തെ നേരിടാമെന്ന് ചിന്തിക്കണ്ട. അരുന്ധതി പറഞ്ഞു. രാഹുൽ ഗാന്ധിയടക്കം വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൻമാർ സർവ്വകലാശാലയിൽ വന്നിരുന്നു. പ്രത്യയ ശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് വിദ്യാർഥികൾ അവർക്കൊപ്പം നിന്നത്. കൊലപാതകിയായ ചാൻസലർക്കു കീഴിൽ പഠിക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. വോട്ട് ബാങ്കിനപ്പുറം ദളിതരെ ഒരിക്കലും പരിഗണിച്ചിട്ടില്ലാത്ത സംഘപരിവാറിന് അടുത്തയാളാണ് വൈസ് ചാൻസലർ. ഇത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല.

കൊലപാതകികളെ കൊണ്ട് നിറഞ്ഞ ഒരു കമ്മിറ്റി അന്വേഷിച്ചാൽ രോഹിത് വെമുലയ്ക്ക് എങ്ങനെയാണ് നീതി കിട്ടുക. രോഹിതിന്റെ മരണം അന്വേഷിക്കാൻ മാനവ വിഭവശേഷം മന്ത്രാലയം ഏർപ്പെടുത്തിയത് ക്ലെറിക്കൽ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ്. വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മാത്രം കുറച്ചു പേരെ ഏർപ്പാടാക്കിയിട്ട് മരണം അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ അയച്ചു എന്നു പറയുന്നത് എന്ത് വിരോധാഭാസമാണ്. രോഹിതിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ദളിത് വിദ്യാർഥികൾക്ക് ആത്മഹത്യ ചെയ്യാൻ കയറും വിഷവും നൽകണമെന്നാവശ്യപ്പെട്ട് രോഹിത് ചാൻസലർക്കെഴുതിയ കത്തും രോഹിത് അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കുവാൻ കേന്ദ്രമന്ത്രി ദത്താത്രേയയുടെ നിർദ്ദേശ പ്രകാരം ചാൻസലർക്കു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അയച്ച നാലു കത്തുകളും പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ പക്കലുണ്ട്.

protest

താൻ ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയല്ല. എന്റെ തൊലിനിറം വെളുപ്പായതിനാലും ഞാൻ പഠിക്കുന്ന സർവ്വകലാശാലയിൽ അത്തരമൊരു വിവേചനം നേരിട്ടിട്ടില്ല. പക്ഷേ ഇവിടത്തെ ദളിത് വിദ്യാർഥികളുടെ സ്ഥിതി അതല്ല. പ്രത്യേകിച്ച് ഗവേഷകരുടെ കാര്യത്തിൽ. ഗൈഡിന്റെ പിന്തുണയില്ലാതെ ഒരു ഗവേഷക വിദ്യാർഥിക്കും മുന്നോട്ടു പോകാനാകില്ല. ദളിതനെന്ന വിവേചനത്തിൽ മനംനൊന്ത് അധികവും ആത്മഹത്യ ചെയ്യുന്നത് ദളിത് വിദ്യാർഥികളാണ്. ഇവിടെയെന്നല്ല ഐഐടി അടക്കമുള്ള ക്യാംപസുകളിൽ ഈ വിവേചനുമുണ്ട്. രോഹിതിന് അച്ഛനില്ല. അമ്മ തയ്യൽ പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. രോഹിതിന്റെ ജെആർഎഫ് സ്കോളർഷിപ്പ് തുക ഒരാശ്വാസമായിരുന്നു. കഴിഞ്ഞ ഏഴുമാസമായി അത് തടഞ്ഞു വച്ചിരിക്കുകയായിരുന്നു. അർഹമായ സംവരണ സീറ്റുകൾ നൽകാതെയും ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അധിക്ഷേപിച്ചും ദളിതരെ സർവ്വകലാശാല പീഡിപ്പിക്കുന്നുണ്ട്. രോഹിത് നിന്റെ ചോരയിൽ നിന്ന് ഇവിടെ വിപ്ലവം വരുമെന്ന് പറഞ്ഞ് വിദ്യാര്‍ഥികൾ നടത്തുന്ന സമരം വിജയം കാണുകതന്നെ ചെയ്യും. അരുന്ധതി പറഞ്ഞു.

തന്റെ പേരിന് പ്രാധാന്യം നൽകരുതെന്ന് പറഞ്ഞുകൊണ്ട് അരുന്ധതി തന്ന ഫോൺ ഇൻറർവ്യൂവിനപ്പുറം പ്രതിഷേധം അലയിടിക്കുന്നത് കേൾക്കാമായിരുന്നു. രാജ്യത്തെ പ്രബുദ്ധമായ സർവ്വകലാശാലകളിലൊന്നിലാണ് ഇത് നടക്കുന്നത് എന്നോർക്കണം. കൊട്ടിഘോഷിക്കപ്പെട്ട എൻട്രൻസുകൾ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സർവ്വകലാശാല. രാജ്യത്തിന് മികച്ച യുവജനതയെ കിട്ടാൻ കെട്ടിപ്പൊക്കിയ സർവ്വകലാശാലയിൽ അധികാര വർഗം ജാതീയ വേർതിരിവുകൾ സൃഷ്ടിക്കുമ്പോഴും രോഹിതിന് നീതികിട്ടാൻ രാഷ്ട്രീയ- അരാഷ്ട്രീയ നിലപാടുകൾ മാറ്റിവച്ച് വിദ്യാർഥി സമൂഹം ഒന്നിക്കുമ്പോൾ പ്രതീക്ഷകൾക്ക് ഒരായിരം നിറങ്ങൾ വരുന്നു. രോഹിതിന് നീതി കിട്ടട്ടെ. ജാതിക്കപ്പുറം ചിന്തിക്കുന്ന നല്ലൊരു സമൂഹം അകലല്ലാതെ യാഥാർഥ്യമാകട്ടെ.

തയാറാക്കിയത് ലക്ഷ്മി വിജയൻ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.