Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയ്ക്ക് പ്രസാദമായി കിട്ടിയ ‘പാവാട’

asha-sarath ആശാ ശരത്

സിനിമ, വിശ്വാസങ്ങളുടേയും അതിലുപരി അന്ധ വിശ്വാസങ്ങളുടേയും കൊട്ടകയാണ്. അവിടെ കാലം കൈമാറിയ വിശ്വാസങ്ങളുടേയും ധാരണകളുടേയും ചട്ടക്കൂട്ടിൽ നിന്നും മാറി സഞ്ചരിക്കുവാൻ ധൈര്യശാലികൾക്കേ സാധിക്കൂ. ഇങ്ങനെയൊരു ധൈര്യം എന്നും കാണിച്ച കലാകാരിയാണ് ആശാ ശരത്.

മോഹൻലാലിനൊപ്പം വർഷങ്ങൾക്ക്മുമ്പ് ‘ കമലദളം’ എന്ന സിനിമയിലേക്കു ലഭിച്ച അവസരം വേണ്ടെന്നു വച്ചു. വിവാഹം കഴിഞ്ഞു കുട്ടികളുമായ ശേഷം സിനിമയിൽ എത്തുന്ന മിക്ക അഭിനേത്രികളും കുടുംബത്തിനേക്കാളേറെ പ്രൊഫഷന് മുൻതൂക്കം കൊടുക്കുമ്പോൾ കുടുംബത്തിന്റെ ഭദ്രതയ്ക്കുള്ളിൽ നിന്നു കൊണ്ട് അവരുടെ പിന്തുണയോടെ ആശ സിനിമകൾ ചെയ്യുന്നു.

ദൃശ്യവും വർഷവും തൂങ്കാവനവുമൊക്കെ ചെയ്ത ഒരു നടി അടുത്തിടെ റിലീസ് ആയ ‘ പാവാട’ യിലെ സിസിലിയാകുവാൻ ഒന്നു പരുങ്ങും. എന്നാൽ ഇമേജിനെക്കുറിച്ചൊന്നും യാതൊരു മുൻവിധികളുമില്ലാതെ ആശ ആ വേഷം തിരഞ്ഞെടുത്തു. കാരണം, സിനിമ ആശയ്ക്കെന്നും ഒരു മോഹവും സ്വപ്നവും ആയിരുന്നു. അതിൽ നിന്നും ലഭിക്കുന്ന നല്ലതിനെ സ്വീകരിക്കാനാണ് ഇപ്പോഴും ആശയ്ക്കിഷ്ടം. ആശ മനോരമ ഓൺലൈനോട് എക്സ്ക്ലൂസീവായി സംസാരിക്കുന്നു.

asha-sarath-still ആശാ ശരത്

∙എന്താണ് ‘പാവാട’ നൽകിയ അനുഭവം?

‘ദൃശ്യം’ എന്ന സിനിമയ്ക്കുശേഷം നല്ലൊരു ഇംപാക്ട് എനിക്ക് തന്ന സിനിമയാണ് ‘പാവാട’. ഇതിലെ സിസിലി അഭിനയപ്രാധാന്യം ഉള്ള ഒരു വേഷവും. സിനിമയെ ഒരു ഘട്ടമെത്തുമ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നത് തന്നെ സിസിലിയാണ്. വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു ഈ കഥാപാത്രം. എന്റേതല്ലാത്ത പ്രായം, കൂടാതെ അവരുടെ വിവിധ പ്രായത്തിലുള്ള സീനുകൾ ഈ സിനിമയിലുണ്ടായിരുന്നു. ഡബ്ബിങ്ങ് പോലും ശബ്ദം കുറച്ചു ചെയ്യേണ്ടിയിരുന്നത് കൊണ്ട് ഒരു വെല്ലുവിളിയായി തന്നെ തോന്നി.

സിനിമയുടെ ക്ലൈമാക്സ് സീൻ ഒറ്റ ഒരു ഷോട്ടിലാണെടുത്തത്. സീൻ കഴിഞ്ഞു അറിയാതെ കരഞ്ഞുപോയി. ചുറ്റുമുള്ളവർ കയ്യടിച്ചപ്പോഴാണ് ‘ഇത് സിനിമയാണല്ലോ’ എന്നൊരോർമ വന്നത്.

∙സിസിലിയേപോലുള്ള ആരെങ്കിലും ജീവിതത്തിൽ നേരിൽ പരിചയപ്പെട്ടിരുന്നോ?

സിസിലിക്കുണ്ടായ അനുഭവം പലർക്കും പണ്ട് ഉണ്ടായതായി കേട്ടിട്ടുണ്ട്. എനിക്കാരേയും നേരിൽ പരിചയമില്ല. സിനിമയുടെ അവസാന സീൻ എടുത്തു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞതു തന്നെ അതുപോലൊരു സ്ത്രീയുടെ അവസ്ഥ ഓർത്ത് വിഷമിച്ചാണ്.

asha

∙‘വർഷ’ത്തിൽ മമ്മുക്കയുടെ നായിക, ‘തൂങ്കാവന’ത്തിൽ കമലഹാസന്റെയും. ഇതൊക്കെ ചെയ്തിട്ടു സിസിലി ആകുവാൻ മടി തോന്നിയില്ലേ?

ഞാൻ അങ്ങനെ ഇമേജിനെക്കുറിച്ചൊന്നും ആലോചിച്ചില്ല. അതിൽ കാര്യമൊന്നുമില്ല. ഒരു റോൾ കിട്ടുമ്പോൾ കഥാപാത്രത്തിന്റെ പ്രായം നോക്കണ്ട കാര്യവുമില്ല. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുവാൻ എനിക്കിഷ്ടമാണ്. എന്നെ സംബന്ധിച്ച് സിനിമ ഒരു മോഹമാണ്, സ്വപ്നമാണ്. അതിൽ വ്യത്യസ്തതയുള്ള നല്ല വേഷങ്ങളാണ് ഞാൻ ശ്രദ്ധിക്കുന്നത്.

asha-still

‘പാവാട’യുടെ കഥ സംവിധായകൻ മാർത്താണ്ഡൻ എന്നോട് പറഞ്ഞപ്പോൾ തന്നെ സിസിലി എന്ന കഥാപാത്രത്തിലൊരു കലർപ്പില്ലാത്ത ആഖ്യാനം ഞാൻ കണ്ടിരുന്നു. മദ്യപാനം, പെൺകുട്ടികൾക്ക് സിനിമാ മേഖലയിൽ ഉണ്ടായേക്കാവുന്ന ചതിക്കുഴികൾ തുടങ്ങി കുറേ നല്ല സന്ദേശങ്ങളും ഈ സിനിമയിലുണ്ട്. ഇതൊക്കെയാണ് ഞാൻ ‘പാവാട’ എന്ന സിനിമ തിരഞ്ഞെടുക്കാൻ കാരണം.

asha-imagex

∙‘പാവാട’ എന്ന സിനിമയോട് പ്രത്യേക ഇഷ്ടം തോന്നുന്ന മറ്റെെന്തങ്കിലുമുണ്ടോ?

കുറേ നാളുകൾക്കു മുൻപ് കരിക്കകം ദേവീ ക്ഷേത്രത്തിൽ എന്റെ ഒരു നൃത്ത പരിപാടി ഉണ്ടായിരുന്നു. അന്ന് സന്ധ്യയ്ക്കു ദീപാരാധന തൊഴാൻ നിൽക്കുമ്പോൾ മണിയൻപിള്ള രാജു ചേട്ടനും ഭാര്യ ഇന്ദിര ചേച്ചിയും ഉണ്ടായിരുന്നു. അന്നു അവരുടെ വകയായിരുന്നു പൂജ. അതിനു കുറച്ചു നാളുകൾക്ക് മുൻപ് സംവിധായകൻ മാർത്താണ്ഡൻ എന്നോട് ‘പാവാട’യുടെ കഥ പറഞ്ഞിരുനനു. നടി ശോഭന ചെയ്യാൻവേണ്ടി അവർ മാറ്റിവച്ച വേഷമായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നതുകൊണ്ട് ഒരു ജിജ്ഞാസ ഈ സിനിമയിലെ കഥാപാത്രത്തോട് തോന്നിയിരുന്നു എന്നതൊഴിച്ചാൽ സിനിമ ചെയ്യാം എന്ന് അപ്പോൾ ഉറപ്പ് നൽകിയിട്ടുണ്ടായിരുന്നില്ല.

asha-sarath-interview

കരിക്കകം ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞു മണിയൻപിള്ള ചേട്ടൻ കുറേ പുഷ്പങ്ങൾ എന്റെ കയ്യിൽ വച്ചു തന്നു. അതിനിടയിൽ ഒരു കവറിൽ ചെക്കും ഉണ്ടായിരുന്നു. സിനിമ ചെയ്യാം എന്നു ഒരു ഉറപ്പുപോലും നൽകാതിരുന്ന എനിക്ക് കിട്ടിയ അഡ്വാൻസ്!. ഇതേ വരെയുള്ള കലാജീവിതത്തിൽ എത്രയെത്ര അഡ്വാൻസുകൾ കിട്ടിയിരിക്കുന്നു. പൂജാപുഷ്പങ്ങൾക്കിടയിൽ വച്ച് നൽകിയ ആ മുൻകൂർ പണത്തിന് ഒരു ദൈവീകശക്തിയുടെ കൈയ്യൊപ്പുണ്ടായിരുന്നു. ആ അനുഭവത്തിനു ഹൃദ്യമായൊരു പുതുമയും. അതിപ്പോഴും വിട്ടുമാറാതെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നു.