Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മോഹൻലാൽ മാജിക്ക്; ഇനി 'വലിപ്പ'മുള്ള സിനിമകളെ കുറിച്ച്‌ ആലോചിക്കാം

unnkrishnan-mohanlal

നൂറുകോടി ക്ലബിലെത്തിയെ ആദ്യ മലയാളചിത്രമായ പുലിമുരുകനെ പ്രശംസിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ആഗോളകലക്ഷനിൽ നിന്ന് മാത്രമല്ല കേരളത്തിലെ തീയറ്ററുകളിൽനിന്ന് മാത്രം ഈ ചിത്രം 100 കോടി രൂപ വരുമാനമുണ്ടാക്കുമെന്ന് ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വായിക്കാം–

പുലിമുരുകൻ നൂറുകോടി കളക്ഷൻ നേടുന്ന ആദ്യമലയാളചിത്രമായിരിക്കുമെന്ന് ഇതേ പേജിൽ ചിത്രം റിലിസായതിനടുത്ത ദിവസം ഞാൻ കുറിച്ചിരുന്നു. ഇന്ന്, എല്ലാ ടെലിവിഷൻ ചാനലുകളിലും പുലിമുരുകന്റെ ആകെ റെവന്യു 100 കോടി തികഞ്ഞെന്ന വാർത്തയാണ്‌.

ഒരിക്കൽ കൂടി പറയട്ടെ, കേരളത്തിലെ തീയറ്ററുകളിൽനിന്ന് മാത്രം ഈ ചിത്രം 100 കോടി രൂപ വരുമാനമുണ്ടാക്കും; ഏതാണ്ട്‌ 150 കോടിയോളം രൂപ ആകെ വരുമാനമുണ്ടാക്കാനുള്ള സാധ്യതയാണ്‌ ഇപ്പോൾ ഉള്ളത്‌. ഈ ചിത്രത്തെ നമ്മുടെ ചലച്ചിത്രവ്യവസായത്തിന്റെ വിപണിസാധ്യതകളും, സമവാക്യങ്ങളും മാറ്റിയെഴുതിയ ഒന്നായി വേണം പരിഗണിക്കാൻ.

ഇനി നമ്മുക്ക്‌ ധൈര്യമായി മറ്റ്‌ ഭാഷാവിപണികളും കൂടി ലക്ഷ്യം വെയ്ക്കുന്ന, 'വലിപ്പ'മുള്ള സിനിമകളെ കുറിച്ച്‌ ആലോചിക്കാം. ഒരിക്കൽ കൂടി ടീം പുലിമുരുകന്‌ അഭിനന്ദനങ്ങൾ. സ്ക്രീനിൽ മുഖം തെളിഞ്ഞ്‌ മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, പ്രേക്ഷകരെയാകെ തന്റെ മാസ്മരികതയാൽ കീഴടക്കാൻ കഴിയുന്ന, മനസിലാക്കാനും വിശദീകരിക്കാനും നന്നേ പണിപ്പെട്ടുപോവുന്ന 'മോഹൻലാൽ മാജിക്ക്‌' തുടർന്നുകൊണ്ടേയിരിക്കുന്നു.–ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫിയാണ് ചിത്രത്തിന്റേതെന്നും നൂറ് കോടി ക്ലബ്ബുകളിലെത്തുന്ന ആദ്യ മലയാള ചിത്രം പുലിമുരുകനാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും പുലിമുരുകൻ കണ്ടിറങ്ങിയപ്പോൾ ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു...

പുലിമുരുകൻ കണ്ടിറങ്ങിയപ്പോൾ ബി. ഉണ്ണികൃഷ്ണൻ എഴുതിയ കുറിപ്പ് വായിക്കാം–

പുലിമുരുകനെക്കുറിച്ച് ഒട്ടേറെകാര്യങ്ങള്‍ ഒട്ടേറെയാളുകള്‍ ഇതിനകം എഴുതിക്കഴിഞ്ഞു, പറഞ്ഞു കഴിഞ്ഞു. നൂറുകോടിക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ മലയാളചിത്രം പുലിമുരുകന്‍ ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇങ്ങനെയൊരു പവര്‍പ്പാക്ക്ഡ് ആക്ഷന്‍ ചിത്രമൊരുക്കാന്‍ വൈശാഖും, എന്റെ പ്രിയ സുഹൃത്ത് ഉദയകൃഷ്ണനും നടത്തിയ കഠിനാധ്വാനത്തിനും, അവരുടെ ആത്മവിശ്വാസത്തിനും അനിതരസാധാരണമായ ക്ഷമാശക്തിയ്ക്കും ബിഗ് സല്യൂട്ട്.

കെ ജി ജോര്‍ജ്ജ് സാര്‍ പണ്ടൊരിക്കല്‍ ഞങ്ങളോട് പറഞ്ഞു, 'സിനിമയ്ക്ക് ആവശ്യമുള്ള മറ്റ് സാങ്കേതിക പ്രവര്‍ത്തകരേയും നടീനടന്മാരേയും വിദഗ്ധമായി പ്രയോജനപ്പെടുത്തുന്ന സൂത്രശാലിയായിരിക്കണം സംവിധായകന്‍. ആവരുടെ സംഭാവനകളെ സ്വതന്ത്രമായി സംയോജിപ്പിക്കുന്ന ഒരു രാസത്വരകമാവണം, സംവിധായകന്‍.' വൈശാഖ് അക്ഷരാര്‍ത്ഥത്തില്‍ ചെയ്തതിതാണ്. ഷാജിയുടെ ഛായാഗ്രഹണമികവിനേയും, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനത്തേയും കിടിലന്‍ എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.

വി ഇഫെക്റ്റ്‌സും, ശബ്ദമിശ്രണവും ഗംഭീരം. പിന്നെ, പീറ്റര്‍ ഹെയ്ന്‍! അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫി ഇതാണെന്ന് ഞാന്‍ ധൈര്യപൂര്‍വം പറയും. നായകന്റെ Solo battle ഇത്ര ഗംഭീരമായി എക്‌സിക്യൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു സമീപകാല ചിത്രമില്ല. സിനിമ റിലീസ് ആകുന്നതിന് തലേദിവസം പീറ്റര്‍ എന്നോട് സംസാരിച്ചു; വലിയ രീതിയില്‍ നേര്‍വസായിരുന്നു, അയാള്‍. സിനിമ കണ്ടുകഴിഞ്ഞ് അയാളെ വിളിച്ച് ഞാന്‍ അഭിനന്ദിച്ചപ്പോള്‍, അയാളുടെ ശബ്ദം ഇടറിയിരുന്നു. എന്റെ നല്ല വാക്കുകള്‍ കേട്ടിട്ട് അയാള്‍ എന്നോട് പറഞ്ഞു, 'എല്ലാ ക്രെഡിറ്റും മോഹന്‍ലാല്‍ സാറിന് കൊടുക്കൂ, സാര്‍. ഇത്രയ്ക്ക് അപ്പര്‍ണ്ണമനോഭാവമുള്ള ഒരു നടനെ, താരത്തെ ഞാന്‍ കണ്ടിട്ടില്ല.

ഒന്‍പതു ടെയിക്കുകള്‍ക്ക് ശേഷം ഞാന്‍ ഒക്കെ പറയുമ്പോള്‍, എന്റെ അടുത്ത് വന്ന് ചോദിക്കും, നിങ്ങള്‍ ശരിക്കും ഹാപ്പിയാണോ, വേണമെങ്കില്‍ നമ്മുക്ക് ഒന്നു കൂടി നോക്കാം. ഹി ഇസ് ഇന്‍ക്രെഡിബിൾ‍.' മോഹന്‍ലാലിനെ അറിയാവുന്ന നമ്മള്‍ക്ക് അതൊരു വാര്‍ത്തയല്ല. പക്ഷേ, വേറെ ചിലതുണ്ട്. അന്‍പത്തിആറാമത്തെ വയസ്സില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ചിത്രം സംഭാവന ചെയ്ത മറ്റേതെങ്കിലും ഒരു നടനെ നമ്മുക്കാര്‍ക്കും അറിയില്ല. കേരളത്തിലെ തീയറ്റുറുകളെ ഇളകി മറിയുന്ന ഹര്‍ഷോന്മാദത്തിന്റെ, ജനകീയമായ കാര്‍ണിവല്‍ സ്‌പെയ്‌സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക് ഓര്‍മ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വര്‍ഷത്തില്‍ ഇത്രയേറെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹന്‍ലാലിനൊപ്പം, മോഹന്‍ലാല്‍ മാത്രം.

ഒരു കാര്യം കൂടി പറയട്ടെ. പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകില്‍ ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വ്വാസവുമുണ്ട്. പറഞ്ഞ ബഡ്ജറ്റില്‍ ചെറിയൊരു വ്യത്യാസം വന്നാല്‍, തര്‍ക്കവും വഴക്കും ഉണ്ടാവുന്ന ഒരു പ്രവര്‍ത്തി മേഖലയില്‍, തന്റെ സാങ്കേതികപ്രവര്‍ത്തകരേയും താന്‍ നിര്‍മ്മിക്കുന്ന സിനിമയേയും ഇത്രയധികം വിശ്വസിച്ച്, നിര്‍ലോഭം പണം മുടക്കിയ ടോമിച്ചന്‍ മലയാള സിനിമയ്ക്കായി തുറന്നത്, പുതിയൊരു വിപണിയാണ്. നമ്മുടെ സിനിമയെ അന്യഭാഷാചിത്രങ്ങള്‍ക്കൊപ്പം വാണിജ്യപരമായി വലുതാക്കുകയാണ് ടോമിച്ചന്‍ ചെയ്തത്. ഹാറ്റ്‌സ് ഓഫ്.