Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

56-ാം വയസിലും ഇതൊക്കെ മോഹൻലാലിനേ സാധിക്കൂ: ബി. ഉണ്ണികൃഷ്ണൻ

unnkrishnan-mohanlal

പുലിമുരുകനെ പ്രശംസിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫിയാണ് ചിത്രത്തിന്റേതെന്നും നൂറ് കോടി ക്ലബ്ബുകളിലെത്തുന്ന ആദ്യ മലയാള ചിത്രം പുലിമുരുകനാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബി. ഉണ്ണികൃഷ്ണന്റെ വാക്കുകളിലേക്ക്–

പുലിമുരുകനെക്കുറിച്ച് ഒട്ടേറെകാര്യങ്ങള്‍ ഒട്ടേറെയാളുകള്‍ ഇതിനകം എഴുതിക്കഴിഞ്ഞു, പറഞ്ഞു കഴിഞ്ഞു. നൂറുകോടിക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ മലയാളചിത്രം പുലിമുരുകന്‍ ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇങ്ങനെയൊരു പവര്‍പ്പാക്ക്ഡ് ആക്ഷന്‍ ചിത്രമൊരുക്കാന്‍ വൈശാഖും, എന്റെ പ്രിയ സുഹൃത്ത് ഉദയകൃഷ്ണനും നടത്തിയ കഠിനാധ്വാനത്തിനും, അവരുടെ ആത്മവിശ്വാസത്തിനും അനിതരസാധാരണമായ ക്ഷമാശക്തിയ്ക്കും ബിഗ് സല്യൂട്ട്.

കെ ജി ജോര്‍ജ്ജ് സാര്‍ പണ്ടൊരിക്കല്‍ ഞങ്ങളോട് പറഞ്ഞു, 'സിനിമയ്ക്ക് ആവശ്യമുള്ള മറ്റ് സാങ്കേതിക പ്രവര്‍ത്തകരേയും നടീനടന്മാരേയും വിദഗ്ധമായി പ്രയോജനപ്പെടുത്തുന്ന സൂത്രശാലിയായിരിക്കണം സംവിധായകന്‍. ആവരുടെ സംഭാവനകളെ സ്വതന്ത്രമായി സംയോജിപ്പിക്കുന്ന ഒരു രാസത്വരകമാവണം, സംവിധായകന്‍.' വൈശാഖ് അക്ഷരാര്‍ത്ഥത്തില്‍ ചെയ്തതിതാണ്. ഷാജിയുടെ ഛായാഗ്രഹണമികവിനേയും, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനത്തേയും കിടിലന്‍ എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.

വി ഇഫെക്റ്റ്‌സും, ശബ്ദമിശ്രണവും ഗംഭീരം. പിന്നെ, പീറ്റര്‍ ഹെയ്ന്‍! അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫി ഇതാണെന്ന് ഞാന്‍ ധൈര്യപൂര്‍വം പറയും. നായകന്റെ Solo battle ഇത്ര ഗംഭീരമായി എക്‌സിക്യൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു സമീപകാല ചിത്രമില്ല. സിനിമ റിലീസ് ആകുന്നതിന് തലേദിവസം പീറ്റര്‍ എന്നോട് സംസാരിച്ചു; വലിയ രീതിയില്‍ നേര്‍വസായിരുന്നു, അയാള്‍. സിനിമ കണ്ടുകഴിഞ്ഞ് അയാളെ വിളിച്ച് ഞാന്‍ അഭിനന്ദിച്ചപ്പോള്‍, അയാളുടെ ശബ്ദം ഇടറിയിരുന്നു. എന്റെ നല്ല വാക്കുകള്‍ കേട്ടിട്ട് അയാള്‍ എന്നോട് പറഞ്ഞു, 'എല്ലാ ക്രെഡിറ്റും മോഹന്‍ലാല്‍ സാറിന് കൊടുക്കൂ, സാര്‍. ഇത്രയ്ക്ക് അപ്പര്‍ണ്ണമനോഭാവമുള്ള ഒരു നടനെ, താരത്തെ ഞാന്‍ കണ്ടിട്ടില്ല. ഒന്‍പതു ടെയിക്കുകള്‍ക്ക് ശേഷം ഞാന്‍ ഒക്കെ പറയുമ്പോള്‍, എന്റെ അടുത്ത് വന്ന് ചോദിക്കും, നിങ്ങള്‍ ശരിക്കും ഹാപ്പിയാണോ, വേണമെങ്കില്‍ നമ്മുക്ക് ഒന്നു കൂടി നോക്കാം. ഹി ഇസ് ഇന്‍ക്രെഡിബിൾ‍.' മോഹന്‍ലാലിനെ അറിയാവുന്ന നമ്മള്‍ക്ക് അതൊരു വാര്‍ത്തയല്ല. പക്ഷേ, വേറെ ചിലതുണ്ട്. അന്‍പത്തിആറാമത്തെ വയസ്സില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ചിത്രം സംഭാവന ചെയ്ത മറ്റേതെങ്കിലും ഒരു നടനെ നമ്മുക്കാര്‍ക്കും അറിയില്ല. കേരളത്തിലെ തീയറ്റുറുകളെ ഇളകി മറിയുന്ന ഹര്‍ഷോന്മാദത്തിന്റെ, ജനകീയമായ കാര്‍ണിവല്‍ സ്‌പെയ്‌സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക് ഓര്‍മ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വര്‍ഷത്തില്‍ ഇത്രയേറെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹന്‍ലാലിനൊപ്പം, മോഹന്‍ലാല്‍ മാത്രം.

ഒരു കാര്യം കൂടി പറയട്ടെ. പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകില്‍ ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വ്വാസവുമുണ്ട്. പറഞ്ഞ ബഡ്ജറ്റില്‍ ചെറിയൊരു വ്യത്യാസം വന്നാല്‍, തര്‍ക്കവും വഴക്കും ഉണ്ടാവുന്ന ഒരു പ്രവര്‍ത്തി മേഖലയില്‍, തന്റെ സാങ്കേതികപ്രവര്‍ത്തകരേയും താന്‍ നിര്‍മ്മിക്കുന്ന സിനിമയേയും ഇത്രയധികം വിശ്വസിച്ച്, നിര്‍ലോഭം പണം മുടക്കിയ ടോമിച്ചന്‍ മലയാള സിനിമയ്ക്കായി തുറന്നത്, പുതിയൊരു വിപണിയാണ്. നമ്മുടെ സിനിമയെ അന്യഭാഷാചിത്രങ്ങള്‍ക്കൊപ്പം വാണിജ്യപരമായി വലുതാക്കുകയാണ് ടോമിച്ചന്‍ ചെയ്തത്. ഹാറ്റ്‌സ് ഓഫ്.

സിനിമയെക്കുറിച്ച് മറ്റും സംവിധായകർ–

മിഥുൻ മാനുവൽ തോമസ്

പുലിമുരുകൻ..ഒരു മരണമാസ്സ്‌ action extravaganza..!! ലാലേട്ടൻ മുരുകനായി തിരശീല നിറഞ്ഞാടുന്നു..!! പീറ്റർ ഹെയ്‌ൻ is worth every penny..!! A big applause to director Vysakh and the whole team..!! ഇനിയങ്ങോട്ട് പുലിവേട്ടക്കാരൻ മുരുകന്റെ വേൽത്തിളക്കത്തിന്റെ നാളുകൾ..!

വിനീത് ശ്രീനിവാസൻ

പുലിമുരുകൻ ഗംഭീരം. വൈശാഖ് ഏട്ടനും കൂട്ടരും വലിയൊരു പരിശ്രമമാണ് ചിത്രത്തിനായി നടത്തിയത്. എല്ലാ ഫ്രെയിമുകളിലും അതു നിറഞ്ഞുകാണാം. ഒരുപാട് നാളുകൾക്കു ശേഷമാണ് ഇങ്ങനെയൊരു ആക്​ഷൻ ചിത്രം ആസ്വദിച്ചു കാണുന്നത്.

ജിജോ ആന്റണി

ലക്ഷത്തിൽ ഇങ്ങനെ ഒരു നടൻ, അത് മോഹൻലാൽ . ദൈവമേ ലാൽ സാറിനെ വച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റണേ..

Your Rating: