Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിന്‍റെ വ്യാജവേട്ടയില്‍ അന്‍വറിനൊപ്പം ഞാനുമുണ്ട് : ബി. ഉണ്ണികൃഷ്ണന്‍

unnikrishnan-anwar

ചലച്ചിത്ര സംഘടനകളില്‍ നിന്നും അന്‍വര്‍ റഷീദ് രാജിവച്ച തീരുമാനത്തില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍റെ വിശദീകരണം. അൻവർ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും. പ്രേമത്തിന്റെ വ്യാജവേട്ടയിൽ എന്റേയും എന്റെ സംഘടനയുടേയും ഊർജ്ജസ്വലമായ പങ്കാളിത്തം തുടർന്നും ഉണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ അസോസിയേഷന്‍ കാര്യക്ഷമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അന്‍വര്‍ റഷീദ് രാജിവക്കുന്നത്. ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നുമാണ് രാജിവച്ചത്. എന്നാല്‍ ഈ പ്രശ്നത്തിൽ, അൻവറിന്റെ സംഘടനയായ ഫെഫ്ക്ക ഒന്നും ചെയ്തില്ല എന്ന ധാരണ തിരുത്തുവാനാണ്‌, ഈ വിശദീകരണമെന്നും ഉന്നതനായ ഒരു കലാകാരന്‌ പറഞ്ഞിട്ടുള്ളപോലെ, തികച്ചു വൈകാരികമായിട്ടാണ്‌ അൻവർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നതും, രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളതുമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. ‘ അൻവർ റഷീദ്‌ പുതുതലമുറയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ്‌; വളരെ ഇഷ്ടമുള്ള സുഹൃത്തുമാണ്‌. അദ്ദേഹം നിർമ്മിച്ച പ്രേമം എന്ന സിനിമയുടെ പൈറസി തടയുന്നതിൽ യാതൊരു സഹായവും സിനിമാസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതിൽ പ്രതിഷേധിച്ച്‌, അദ്ദേഹം തനിക്ക്‌ അംഗത്വമുള്ള എല്ലാ ചലചിത്ര സംഘടനകളിൽ നിന്നും രാജിവെയ്ക്കാൻ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. ആ പശ്ചാത്തലത്തിലാണ്‌, ഈ വിശദീകരണ കുറിപ്പ്‌.

പ്രേമത്തിന്റെ വ്യാജപതിപ്പുകൾ വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന വിവരം അറിഞ്ഞപ്പോൾ, ഞാൻ അൻവറിനെ അങ്ങോട്ട്‌ വിളിക്കുകയായിരുന്നു. സംഘടനാപ്രതിനിധി എന്ന നിലയിൽ ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. " ഞാൻ തിരിച്ച്‌ വിളിക്കാം, ചേട്ടാ.." എന്നാണ്‌, അപ്പോൾ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌. രണ്ട്‌ ദിവസങ്ങൾക്കുള്ളിൽ, അദ്ദേഹം എന്നെ വിളിച്ച്‌, പ്രസ്തുത വിഷയത്തിൽ പോലിസിൽ നൽകിയ ഒരു പരാതിയെക്കുറിച്ച്‌ പറഞ്ഞു. പരാതിയുടെ പകർപ്പ്‌ എനിക്ക്‌ ഇ മെയിൽ ചെയ്ത്‌ തന്നു. തിരുവനന്തപുരത്ത്‌, ഈഞ്ചക്കലുള്ള സൈബർ ക്രൈം ഡിവിഷനിലിൽ ആയിരുന്നു അദ്ദേഹം പരാതി നൽകിയത്‌. ഞാനപ്പോൾ തന്നെ, അദ്ദേഹത്തോട്‌ ഡിജിപിക്ക്‌ കൂടി പരാതി നൽകാൻ പറഞ്ഞു. തുടർന്ന്, ഞാൻ ഡിജിപി ശ്രീ.സെൻകുമാറിനെ നേരിട്ട്‌ വിളിച്ച്‌ പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം ബോധ്യപ്പെടുത്തി. അദ്ദേഹം കേസ്‌ ഊർജ്ജ്ജിതമായി അന്വേഷിക്കാമെന്ന് പറഞ്ഞു. തുടർന്ന്, അതേ ദിവസം ഞാൻ ആഭ്യന്തരമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയികണ്ട്‌ വിഷയം ധരിപ്പിച്ചു. അദ്ദേഹം, അപ്പോൾ തന്നെ എന്റെ ഫോണിൽനിന്ന് അൻവറിനെ വിളിച്ച്‌, ശക്തമായ നടപടികൾ ഉണ്ടാവും എന്ന ഉറപ്പ്‌ നൽകി.

പൊലിസ്‌ ഹെഡ്‌ക്വാർറ്റേർസിലെ, ആന്റി പൈറസി സെൽ മേധാവി ശ്രീ.മീണയ്ക്ക്‌ വേണ്ട നിർദ്ദേശങ്ങൾ മന്ത്രി നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം, പ്രൊഡ്യുസേർസ്‌ അസ്സോസിയേഷന്റെ പ്രസിഡന്റ്‌ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ, ആ സംഘടനയുടെ പ്രതിനിധികൾ സൈബർ സെൽ മേധാവിയെ പോയികണ്ട്‌ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അൻവർ എനിക്കയച്ചുതന്ന ലിങ്കുകളും, ഫെയ്സ്ബുക്‌ പ്രൊഫെയിലുകളും ഞാൻ ആന്റ്‌ പൈറസി സെല്ലിന്‌ ഫോർവേഡ്‌ ചെയ്തുകൊടുക്കുകയും ചെയ്തു. അതിന്റെ പിറ്റേന്ന്, എന്റെ വീടിനടുത്തുള്ള ഒരു സ്ഥാപനത്തിൽ, പ്രേമം ഒരു ഡേറ്റാ കാർഡിൽ നിന്ന് റ്റെലിവിഷനിൽ പ്ലെ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ, പോലിസിനേയും കൂട്ടി ഞാൻ അവിടെ ചെന്ന്, അത്‌ പ്ലെ ചെയ്ത പത്തൊൻപത്‌ വയസ്സുള്ള ഒരു പയ്യനെ പിടികൂടുകയും ചെയ്തു. അവൻ പഠിക്കുന്ന ഐ റ്റി ഐയിലെ എല്ലാവരുടെ കൈയ്യിലും പ്രേമത്തിന്റെ വ്യാജൻ ഉണ്ടത്രെ. അവനേയും കൂട്ടുകാരേയും അറസ്റ്റ്‌ ചെയ്യിച്ച്‌, ഉള്ളിലിടാൻ എന്റേയോ, അൻവറിന്റെയോ മനസനുവദിച്ചില്ല. പോലിസ്‌ ഇപ്പോഴും ഇതിന്റെ ഒറിജിൻ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്‌.

അതിനു ശേഷം, അൻവറിന്റെ മാനേജർ എന്നെ ബന്ധപ്പെട്ട്‌, പ്രേമത്തിന്റെ വ്യാജ സീഡികൾ വിൽക്കുന്ന മലപ്പുറത്തെ ചില കടകളുടെ വിവരങ്ങൾ തന്നു. ഞാനത്‌ അപ്പോൾ തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്‌ കൈമാറുകയും, അവിടെനിന്ന് ജില്ലാ പോലിസ്‌ മേധാവിക്ക്‌ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. പൂർത്തിയാക്കൻ ഏറ്റവും സമയമെടുക്കുന്ന ഒന്നാണ്‌ സൈബർഇൻ വെസ്റ്റിഗെഷൻ. ഇന്ന്, അന്വേഷിച്ചപ്പോൾ എനിക്കറിയാൻ കഴിഞ്ഞത്‌ മലപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യാപകമായ റെയ്ഡുകൾ നടക്കുന്നുവെന്നും, നിരവധിയാളുകളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നുമാണ്‌. നാളെ ഈ വിഷയത്തിൽ വളരെ സുപ്രധാനമായ ഒരു തീരുമാനവും ഉണ്ടാകാനിടയുണ്ട്‌.

ഈ പ്രശ്നത്തിൽ, അൻവറിന്റെ സംഘടനയായ ഫെഫ്ക്ക ഒന്നും ചെയ്തില്ല എന്ന ധാരണ തിരുത്തുവാനാണ്‌, ഇത്രയും വിശദീകരിച്ചത്‌.ഉന്നതനായ ഒരു കലാ കാരന്‌ പറഞ്ഞിട്ടുള്ളപോലെ, തികച്ചു വൈകാരികമായിട്ടാണ്‌ അൻവർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നതും, രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളതും. അംഗത്വം, രാജി തുടങ്ങിയ സാങ്കേതികതകളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, സംവിധായകരുടെ കൂട്ടായ്മയും അൻവറും തമ്മിലുള്ള ബന്ധം. അൻവർ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും. പ്രേമത്തിന്റെ വ്യാജവേട്ടയിൽ എന്റേയും എന്റെ സംഘടനയുടേയും ഊർജ്ജസ്വലമായ പങ്കാളിത്തം തുടർന്നും ഉണ്ടാവും. അൻവർ തീരുമാനിച്ചുറച്ചാൽ പോലും, അൻവറിന്‌ ഒറ്റപ്പെടാൻ സാധിക്കില്ല, ഞങ്ങൾ അത്‌ സമ്മതിക്കില്ല എന്ന് നിറഞ്ഞ സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ. ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.