Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശൈലജ ടീച്ചറെ പിന്തുണച്ച് ബി ഉണ്ണികൃഷ്ണൻ

shilaja-unnikrishnan

യോഗ ദിനാചരണ പരിപാടിയിൽ ഈശ്വര പ്രാർത്ഥന ചൊല്ലിയതിന് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നടപടിയെ വിമർശിച്ച് പ്രമുഖർ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ ശൈലജ ടീച്ചറെ പിന്തുണച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തി. തികച്ചും മതനിരപേക്ഷമായി ഈ ചടങ്ങിനെ കണ്ടാൽ മതിയെന്നൊരു നിലപാടെടുത്ത ശൈലജ ടീച്ചർക്ക്‌ തന്റെ അഭിവാദ്യങ്ങളെന്നും ഇങ്ങനെയൊരു നിലപാടെടുത്തതിൽ യാതൊരു തെറ്റുമില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വായിക്കാം–

യോഗാദിനാചരണത്തെ മതവത്ക്കരിക്കുന്നതിനോട്‌ മന്ത്രി ശൈലജ ടീചർ എതിർപ്പ്‌ പ്രകടിപ്പിച്ചതിനെ ഒരു മഹാപരാധമായാണ്‌ നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ കാണുന്നത്‌. എന്തൊക്കെയാണ്‌ അവർ ചെയ്ത തെറ്റുകൾ? യോഗയെ മതവത്ക്കരിക്കരുതെന്നും, അതൊരു മതാനുഷ്ഠാനമല്ലെന്നും പറഞ്ഞു. നാനാജാതിമതസ്തർ പങ്കെടുക്കുന്ന യോഗാദിനാചരണത്തിൽ, എന്തിനാണ്‌ ഒരു മതത്തിന്റെ ദേവതയെ പ്രകീർത്തിക്കുന്ന പ്രാർത്ഥനയോടെയുള്ള തുടക്കമെന്ന്, ആ ചടങ്ങിനുശേഷം, ഉദ്യോഗസ്ഥരോട്‌ ആരാഞ്ഞു. മറ്റുള്ളവർ പ്രാർത്ഥനാസമയത്ത്‌ തല കുമ്പിട്ട്‌, കൈകൂപ്പിയിരുന്നപ്പോൾ, അവർ തല ഉയർത്തിപിടിച്ച്‌, കൈ കൂപ്പാതെ ഇരുന്നു( ഫോട്ടോയിലെ അവരുടെ ഇരുപ്പിനെ വൃത്തം വരച്ച്‌ അടയാളപ്പെടുത്തുന്നുണ്ട്‌, ചില പത്രങ്ങൾ).

ഇതൊക്കെയാണ്‌ അവർ ചെയ്ത കുറ്റകൃത്യങ്ങൾ. യോഗ മതപരമായ ഒരനുഷ്ഠാനമല്ലെന്നും, അത്‌ ശരീരത്തേയും മനസ്സിനേയും പരുവപ്പെടുത്തുന്ന, ഒരേസമയം ധ്യാനത്തേയും കായികമായ വ്യായാമ മുറകളേയും സമന്വയിപ്പിക്കുന്ന സന്തുലിതമായ ഒരഭ്യാസരീതിയാണെന്നും തിരിച്ചറിയാൻ വലിയബുദ്‌ധിമുട്ടൊന്നും വേണ്ട. സർക്കാർ മുന്നിട്ടിറങ്ങി സംഘടിപ്പിക്കുന്ന യോഗദിനാചരണത്തിൽ മതസൂചനകളുടെ അതിപ്രസരം വേണ്ട, തികച്ചും മതനിരപേക്ഷമായി ഈ ചടങ്ങിനെ കണ്ടാൽ മതിയെന്നൊരു നിലപാടെടുത്ത ശൈലജ ടീച്ചർക്ക്‌ എന്റെ അഭിവാദ്യങ്ങൾ! ഈ നിലപാടെടുത്ത മന്ത്രിയെ അഭിനന്ദിക്കുന്നില്ലെന്നു മാത്രമല്ല, വിമർശിക്കുകയും കളിയാക്കുകയുമാണ്‌ മാധ്യമങ്ങൾ.

ഇതേ കാര്യങ്ങളാണ്‌ ഇന്നലെ യോഗയെക്കുറിച്ച്‌, മുഖ്യമന്ത്രിയും പറഞ്ഞത്‌. അതേവേദിയിൽ, യോഗ ആത്മീയതയുമായി ബന്ധപ്പെട്ടാണ്‌ നിലനിൽക്കുന്നത്‌ എന്ന് കൊല്ലം രൂപതാ ബിഷപ്പ്‌ പറഞ്ഞപ്പോൾ, യോഗ എന്ന സങ്കൽപ്പനത്തെക്കുറിച്ചുള്ള തികച്ചും ബഹുസ്വരമായ ഒരു സംവാദം രൂപപ്പെടുകയാണ്‌ ചെയ്യുന്നത്‌. ശരിതെറ്റുകൾക്കപ്പുറമുള്ള ഒരു മതനിരപേക്ഷതയിലേക്ക്‌ ഇത്തരം സംവാദങ്ങൾ വികസിക്കേണ്ടത്‌ ഈ കാലത്തിന്റെ ആവശ്യമാണ്‌. ഇന്നലെ പ്രധാനമന്ത്രി പറഞ്ഞതും ഇതു തന്നെ.

പരലോകത്ത്‌ സംഭവിക്കാനിടയുള്ള മോക്ഷപ്രാപ്തിയെ മതങ്ങൾ ലക്ഷ്യമാക്കുമ്പോൾ, ഇഹലോകത്ത്‌ സൗഖ്യം ഉറപ്പാക്കുന്ന ആരോഗ്യസംരക്ഷണരീതിയാണ്‌ യോഗയെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അത്‌ മതാചാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ വലിയരീതിയിലുള്ള മാധ്യമസ്വീകാര്യതയും, ശൈലജ ടീച്ചർക്ക്‌ മാത്രം പരിഹാസവും. ഈ ഇരട്ടത്താപ്പിന്‌ നഗ്നമായ പുരുഷാധിപത്യസ്വഭാവമുണ്ട്‌ എന്നതിൽ തർക്കമില്ല. ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. 

Your Rating: