Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ആദ്യ ചിത്രം ഒരു ‘എ’ പടം ആയിരുന്നു: ബാലചന്ദ്രമേനോൻ

balachandra-menon

സെൻസർ ബോർഡിന്റെ അനാവശ്യ കത്രിക പ്രയോഗം സിനിമാലോകം ചർച്ച ചെയ്യുമ്പോൾ ഇവരുടെ കത്രികപ്പൂട്ടിൽ തനിക്കുണ്ടായ അനുഭവം പങ്കുവക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. താൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഉത്രാട രാത്രിക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആയിരുന്നു നൽകിയതെന്ന് ബാലചന്ദ്രമേനോൻ പറയുന്നു.

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–

സെൻസറിങ് ആണ് വിഷയം , എന്നാൽ ശബ്ദതാരാവലിയിലെ അതിന്റെ അർത്ഥതലങ്ങൾ കണ്ടെത്തി എന്തെങ്കിലും സമർഥിക്കുക എന്നത് എന്റെ ഉദ്ദേശമല്ല. ഇന്നാകട്ടെ കോടതി വിധിയുടെ ആധാരത്തിൽ ഒരു ഹിന്ദി ചിത്രം ഉഡ്ത പഞ്ചാബ് റിലീസാകുന്നു. കേരളത്തിൽ കഥകളി എന്ന ഒരു മലയാളചിത്രം സെൻസർ കത്രികപ്പൂട്ടിൽ പെട്ട് നട്ടം തിരിയുന്നു എന്ന് അതിന്റെ സംവിധായകൻ മാധ്യമങ്ങൾക്ക് മുന്നിൽ വിലപിക്കുന്നു. മേൽപ്പറഞ്ഞ രണ്ടു ചിത്രങ്ങളും ഞാൻ കണ്ടില്ല. എന്നാൽ സെൻസറിങിനെ ആസ്പ്പദമാക്കി ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും വന്ന ഭിന്നാഭിപ്രായങ്ങൾ ആണ് ഈ പ്രതികരണത്തിന് ആസ്പദം.

ഏതാണ്ട് നാല് പതിറ്റാണ്ടുകൾ നീളുന്ന എന്റെ ചലച്ചിത്ര ജീവിതം പരിഗണിച്ചാൽ ഓർമ്മയിൽ വരുന്ന ഏതാനും കാര്യങ്ങൾ ഓർത്തു പോകുന്നു . കുടുംബസംവിധായകൻ എന്ന പേരിൽ പിന്നീട് അറിയപ്പെട്ട എന്റെ , ആദ്യ ചിത്രമായ 'ഉത്രാടരാത്രി' 'എ ' സർട്ടിഫിക്കറ്റ് വിത്ത് കട്ട്സ് ആയിരുന്നു എന്നത് പലർക്കും അറിയില്ല. അന്നാകട്ടെ , 'എ ' സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങി കേരളത്തിനു പുറത്തുള്ള 'മാംസനിബദ്ധമായ' പ്രേക്ഷകരെ ലാക്കാക്കി വെറും മസാലപ്പടങ്ങൾ പടച്ചു വിട്ടിരുന്ന കാലം. എന്റെ ആദ്യപടവും ആ ഗണത്തിൽ പെടുമോ എന്ന് ഞാൻ ഭയന്നു . പോരെങ്കിൽ ഒരു 'രാത്രി' ചേർന്ന പേരും. എന്നാൽ നഗ്നത കൊണ്ടല്ല അല്ലാതെയും ‘എ’ കൊടുക്കാമെന്നു ചിത്രം കണ്ടവർക്ക് മനസ്സിലായി. അതെ പോലെ 'കലിക'ക്കും 'മണിയൻ പിള്ളയും ‘എ’ ക്കാരായി. ഇപ്പോൾ ആ ചിത്രങ്ങൾ കണ്ടാൽ " ഇതിൽ എന്ത് കുന്തം ഉണ്ടായിട്ടാ ‘എ’ കൊടുത്തതെന്ന് നിങ്ങൾ ചോദിച്ചേക്കും..

മറ്റൊരു പടത്തിൽ ഞാൻ സെൻസർ അധികാരിയോടു ഉടക്കി. അന്ന് ചെന്നയിലാണ് സെൻസർ. "കുഞ്ഞിനു മുല കൊടുത്തോ മോളേ " എന്ന ഒരു അമ്മയുടെ ചോദ്യമാണ് അവരെ ചൊടിപ്പിച്ചത് . മുല എന്ന വാക്ക് ഒഴിവാക്കണം പകരം പാല് കൊടുത്തോ എന്നാവാമെന്നും അവർ നിര്ദ്ദേശിച്ചു. പാലും മുലപ്പാലും തമ്മിൽ 'ഗുണത്തിലും മേന്മയിലും' ഒരു പാട് വ്യത്യാസമുണ്ടെന്നു ശിവാജിഗണെശന്റെ 'പരാശക്തി' സ്റ്റൈലിൽ ഞാൻ തർക്കിച്ച് കാര്യം നേടി.

ഞാൻ പറയുന്നത്, ഇത്തരത്തിലുള്ള ഒരു ചർച്ച ചലച്ചിത്രകാരനും സെൻസറും തമ്മിൽ അനിവാര്യമാണ്. ഏതു കലാകാരനും അയാളുടെ ആശയം ഉദാത്തമായി തോന്നും ..തോന്നണം. എന്നാൽ ഒരു പൊതു സമൂഹത്തിൽ അത് കാണിക്കുമ്പോൾ ഉണ്ടാകുന്ന സ്വീകാര്യതയും കൂടി കണക്കിലെടുക്കണം. ഒരു അമ്മ സ്വന്തം മകനുമായി സ്വബോധത്തിലോ അല്ലാതെയോ വേഴ്ചയിൽ എര്പ്പെടുന്നത് എഴുത്തുകാരന് ഉദാത്തമായി തോന്നാം. ഒറ്റയ്ക്ക് എഴുത്തുകാരന് എന്തും ചിന്തിച്ചു കൂട്ടാം .

എന്നാൽ തിയേറ്ററിൽ ഈ കഥാബീജം സിനിമാ രൂപത്തിൽ കാണുന്ന കൂട്ടത്തിൽ മുലയൂട്ടി വളർത്തിയ ഒരമ്മയും അമ്മയുടെ താരാട്ടുപാട്ട് കേട്ടുറങ്ങി വളർന്നു വലുതായ ഒരു മകനും പെട്ടു പോയാൽ അവരുടെ ഗതി എന്താവും എന്ന് ഓർക്കേണ്ടത് സംവിധായകന്റെ കടമയാണ് . ഇനി , മറ്റാരും കാണിക്കാൻ ധൈര്യം കാണിക്കാത്ത ഒന്ന് താൻ തുറന്നു കാട്ടി എന്നു എഴുത്തുകാരന് വേണമെങ്കിൽ തോന്നാം. എന്നാൽ അത് ധൈര്യമല്ല. 100 കിലോമീറ്ററിൽ ഓടുന്ന ട്രെയിനിനു മുന്നിൽ ഒരു മദ്യപൻ കയറിനിന്നാൽ അതിനെ ധൈര്യമെന്നു പറയാൻ പറ്റുമോ ? ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു നിയന്ത്രണവും വേണ്ടാ എന്നൊക്കെ പറയുന്നത് വളയമില്ലതുളള ചാട്ടമാണ്. അത് അപകടകരവുമാണ്.

ചർച്ചകളിൽ ചിലർ സെൻസർ ബോർഡ് ആവശ്യമില്ലെന്നും അധാർമ്മികമാണെന്നുമൊക്കെ പറഞ്ഞു കേൾക്കുമ്പോൾ ലേശം വികാരപരമായ ഒരു സമീപനമല്ലേ എന്ന് തോന്നിപ്പോയി . കാലികമായ മാറ്റങ്ങൾ സെൻസർ ബോർഡിന്റെ ഘടനയിലും കാഴ്ചപ്പാടിലും ഉണ്ടാകണം എന്ന് ഞാനും ഉറപ്പിച്ചു പറയുന്നു .'ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി ' എന്ന ന്യായവും പറഞ്ഞു റോഡിലൂടെ സൈക്കിൾ ചവുട്ടി പോകുന്ന പെൺകുട്ടിയുടെ ദൃശ്യം വെട്ടിമാറ്റണം എന്നൊക്കെ പറയാൻ തുടങ്ങിയാൽ പഴയ യുവതലമുറയുടെ ഭാഷയിൽ ' അങ്ങ് പള്ളീൽ ചെന്ന് പറഞ്ഞാൽ മതി ' എന്ന് തന്നെ പറയണം..

ഇതു വായിക്കുന്ന ഒരാളിന് എന്റെ നിലപാടിനെപ്പറ്റി ഒരു ആശങ്കയും വേണ്ട. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഞാൻ എന്റെയും ഏവരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നെ വേദനിപ്പിച്ച ഒരു കാര്യം കൂടി പറയാതെ വയ്യ . 2008 ൽ 'ദേ ഇങ്ങോട്ടുനോക്കിയെ ' എന്ന എന്റെ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ 'ആരൊക്കയൊ ' അനധികൃതമായി ആ ചിത്രം വെട്ടി മുറിച്ചു . ഞാൻ അന്നത്തെ സെൻസർ ബോർഡ് മേധാവികളെ നേരിട്ട് കണ്ടു.

അവർ എന്നെ നോക്കി നിസ്സഹായമായ ഒരു ചിരി നല്കി . ആ ചിരി നേരിട്ട് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്‌ ബോർഡിന്റെ വായിൽ പല്ലില്ലെന്നു. ഞാൻ സിനിമാ സംഘടനകളുടെ ഉപദേശംതേടിച്ചെന്നു . തിയെറ്ററിൽ കത്രിക പലരും പല കാരണത്താലും ചെയ്യാറുണ്ട് എന്നായിരുന്നു പ്രതികരണം .എനിക്ക് വല്ലാത്ത വിഷമം തോന്നി . എന്റെ അപ്പോഴത്തെ അവസ്ഥയെ അനുകൂലിച്ചും പ്രതികൂലിച്ചും ഓരോരുത്തരും ഓരോരോ പേർക്ക് പ്രിയങ്കരരായി . പത്രക്കാരുടെ മുന്നിൽ വിഴുപ്പലക്കണ്ട എന്ന് തീരുമാനിച്ചു ഞാൻ ആ ഫയൽ എന്നന്നേക്കുമായി മടക്കുകയാണ് ചെയ്തത് .അപ്പോൾ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ് .

'കഥകളി' യുടെ യുവ സംവിധായകന്റെ വിഷമം ഞാനും മനസ്സിലാകുന്നു..ഈ കടമ്പകൾ തരണം ചെയ്യട്ട്റെ എന്ന് ആശംസിക്കുകയും ചെയ്യുന്നു . കഥകളി എന്നാ കലാരൂപം കാണാനിരിക്കുന്ന ഒരു സെൻസർ ബോർഡു മെംബർ "കഥകളി കാണാനിരിക്കുന്ന എന്റെ മുന്നിൽ ആരാണ് ദുഷ്ട്ടലാക്കോടെ തിരശ്ശീല പിടിച്ചു തടസ്സപ്പെടുത്തുന്നത് ?" എന്ന് ചോദിച്ചാൽ 'പള്ളീൽ പോയി പറഞ്ഞാൽ മതി ' എന്ന് നമുക്ക് സധൈര്യം പറയാം....

ഇപ്പോഴും സെൻസർ സംബന്ധമായ എന്റെ നിലപാട് വ്യക്തമായില്ലെങ്കിൽ ഈ രംഗം ഒന്ന് കാണുക .'ഞാൻ സംവിധാനം ചെയ്യും " എന്ന നിങ്ങൾ അധികവും കാണാൻ സാധ്യ്ത ഇല്ലാത്ത എന്നാൽ താമസിയാതെ കാണാൻ പോകുന്ന ചിത്രത്തിലെ ഒരു രംഗമാണിത് ...

ഈ രംഗത്തിലൂടെ നിങ്ങൾക്കു എന്റെ നിലപാട് മനസ്സിലാകും..നിങ്ങളുടെ ഓരോരുത്തരുടെയും വിലയുള്ള കമന്റുകൾ ഞാൻ തീര്ച്ചയായും പ്രതീക്ഷിക്കും .
അത് ആവശ്യമെന്നല്ല ...അത്യാവശ്യമാണ്‌ ...

കാര്യമെന്തായാലും മുടക്കിയ പണം തിരിച്ചുകിട്ടുക എന്നതാണ് ഏതു സിനിമയുടെ (നല്ലതോ ചീത്തയോ ) അടിസ്ഥാനാ വശ്യം. ഇന്ന് തിയേറ്ററുകളിൽ എത്തുന്ന ഉഡ്ത പഞ്ചാബിനു വിജയാശംസകൾ. 

Your Rating: