Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാം എന്നെ മാറ്റി നിർത്തി പറഞ്ഞു, ‘ഞാൻ പാർവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു’

kalidas-balachandramenon

ജയറാമിന്റെ മകൻ കാളിദാസൻ ആദ്യമായി നായകനായി എത്തുന്ന തമിഴ് ചിത്രം "മീൻ കൊഴമ്പും മൺ പാനയും റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രമോഷൻ ഷൂട്ടിനിടെ അപ്രതീക്ഷിതമായി ജയറാമിനെയും കാളിദാസനെയും ബാലചന്ദ്രമേനോൻ കാണാനിടയായി. ആ കണ്ടുമുട്ടലില്‍ പുതിയൊരു വഴിത്തിരിവിലേക്ക് ഒരുങ്ങുന്ന കാളിദാസനെ അനുഗ്രഹിക്കാനും ബാലചന്ദ്രമേനോൻ മറന്നില്ല. ഈ നിമിഷത്തെപ്പറ്റി ബാലചന്ദ്രമേനോൻ പറയുന്നു....

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–

ഇന്നൊരു നല്ല ദിവസമായി തോന്നി ...കഴിഞ്ഞു പോയ ഓരോ നിമിഷവും ആ നിമിഷത്തിനു കാരണക്കാരായവരെയും മനസ്സിൽ ഇപ്പോഴും ഓർത്ത് വെയ്ക്കുന്ന ഒരാളായതുകൊണ്ടു ഈ ദിവസത്തെപ്പറ്റി എന്റെ ഫെയ്സ്ബുക്ക് മിത്രങ്ങളുമായി പങ്കിടാൻ എത്രയും അഭിമാനവുമുണ്ട് ..

ഇനി വിഷയത്തിലേക്കു വരാം ....

കൊച്ചിയിൽ ഉള്ളപ്പോൾ മിക്ക ദിവസങ്ങളിലും ഒന്ന് രണ്ടു മണിക്കൂർ ഞാൻ ക്രൗൺ പ്ലാസ ഹോട്ടലിലെ ലോഞ്ചിൽ ഉണ്ടാവും. അവിടുത്തെ ആൾക്കാരുടെ പെരുമാറ്റവും കാപ്പിയുടെ കടുപ്പവും ഒരേപോലെ ഹൃദ്യമാണ് ..ഇന്ന് രാവിലെ കാപ്പിയുടെ ചൂട് നുണഞ്ഞു ഞാൻ പത്രത്തിലെ തലക്കെട്ടുകൾ പരതുമ്പോൾ ഓർക്കാപ്പുറത്ത് എന്ന് പറയാം ഒരു അച്ഛനും മകനും എന്നെ കണ്ട് എന്റെ അരികിൽ വന്നു നിന്നു...

ജയറാമും മകൻ കാളിദാസനും.....

സംഗതി ചുരുക്കി പറയാം. കാളിദാസൻ അഭിനയിച്ച ആദ്യ തമിഴ് ചിത്രം "മീൻ കൊഴമ്പും മൺ പാനയും " ( മലയാളത്തിൽ പറഞ്ഞാൽ "മീൻകറിയും മൺചട്ടിയും " എന്നാവാം എന്നുകരുതുന്നു ) വരുന്ന പതിനൊന്നാം തീയതി റിലീസാവുകയാണ്. അതിന്റെ പ്രമോഷനായുളള ഒരു ഫോട്ടോഷൂട്ടിന് വന്നതാണ് അച്ഛനും മകനും.

ഞാൻ പറഞ്ഞു ‘നല്ല കാര്യം ...ഇന്ന് ഞാൻ ഈ നേരം ഇവിടെ എത്തിച്ചേർന്നത് തന്നെ നിന്നെ അനുഗ്രഹിക്കാനുള്ള യോഗം ഉള്ളത് കൊണ്ടാ ...’...എന്റെ വീട് അപ്പുന്റെയും" എന്ന ചിത്രത്തിലെ കുട്ടിയായുള്ള കാളിദാസന്റെ പ്രകടനം ഞാൻ നന്നേ ഇഷ്ട്ടപ്പെട്ട കാര്യവും ഓർമ്മിപ്പിച്ചു .

ആശംസസ്വീകരിച്ചു അവർ നടന്നു മറഞ്ഞതും ഞാൻ ഒറ്റക്കായി. ഞാൻ ഒറ്റക്കാകാൻ കാത്തു നിന്നതുപോലെ കുറെ പഴയ ഓർമ്മകൾ മനസ്സിലേക്ക് തിര തല്ലി വന്നു ..കേട്ടുകൊള്ളൂ ....

വിവാഹിതരെ ഇതിലെ എന്ന എന്റെ ചിത്രമാണ് പാർവതിയായി പിന്നീട് മാറിയ അശ്വതിക്കുറുപ്പിന്റെ ആദ്യ ചിത്രം. ഒരു പുതുമുഖ നായിക വേണമെന്നു ഞാൻ തീരുമാനിച്ചു പലവഴിയിൽ അന്വേഷണം ആരംഭിച്ച നേരം .അങ്ങനെയിരിക്കുമ്പോൾ കവിയൂർക്കാരിയായ ഒരു ടീച്ചറിന്റെ മകൾ അശ്വതിക്കുറുപ്പിന് വേണ്ടി ആരോ ശുപാർശ ചെയ്തു. ഇങ്ങനെയുള്ള കാര്യങ്ങളിൽ എനിക്ക് 'ശുഭസ്യ ശീഘ്രം' എന്നൊരു സ്വഭാവമുണ്ട്. ഉടനെ കുട്ടിയെ കാണാമെന്നായി ഞാൻ . അപ്പോഴാണ് ഒരു കാര്യം ഓർത്തത് . അന്നുച്ചക്കുള്ള ട്രെയിനിൽ ഞാൻ മദ്രാസിനു പോകുന്നുണ്ട് .

എന്നാൽ പിന്നെ രണ്ടു പേരുടെയും സൗകര്യം നോക്കി ട്രെയിൻ എത്തുമ്പോൾ തിരുവല്ല സ്റ്റേഷനിൽ വന്നാൽ അവിടെ പ്ലാറ്റ്ഫോമിൽ വെച്ച് കാണാമെന്നായി. അങ്ങിനെ ഞാൻ പാർവതിയെ ജീവിതത്തിൽ ആദ്യമായി ഏതാനും മിനുട്ടുകൾ കാണുന്നത് തിരുവല്ല സ്റ്റേഷനിൽ വെച്ചാണ് .പാവാടക്കാരിയായ പാർവതി ഒരു സിനിമാതാരത്തെ കാണുന്നതുപോലെ എന്നെ നോക്കി നിന്നതു ഇന്നലത്തെപ്പോലെ ...എന്നാൽ കുട്ടി അൽപ്പം കൂടി വലുതാകട്ടെ എന്ന് പറഞ്ഞു ഞങ്ങൾ അപ്പോൾ പിരിഞ്ഞു ..(.പിന്നുള്ള കാര്യങ്ങൾ എന്റെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട് .)

ഊട്ടിയിൽ വെച്ചായിരുന്നു ഷൂട്ടിംഗ്... ശ്രമകരമായ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഞാൻ പാർവതിയുടെ അരികിൽ ചെന്ന് 'ബെസ്റ്റ് ഓഫ് ലക്' പറഞ്ഞത് ഓർക്കുന്നു ...

ഏറ്റവും അവസാനമായി പാർവതി അഭിനയിക്കുന്ന എന്റെ ചിത്രം "കുറുപ്പിന്റെ കണക്കുപുസ്തക "മായിരുന്നു. അന്ന് പാർവതിയുടെയും ജയറാമിന്റെയും ഡേറ്റുകൾ പൊടുന്നനെ കിട്ടിയില്ലായിരുന്നുവെങ്കിൽ ആ സിനിമ തന്നെ ഉണ്ടാകില്ലായിരുന്നു. പക്ഷെ ഒന്ന് കൂടി സൂചിപ്പിക്കട്ടെ. ഇന്ന് ഞാൻ ക്രൗണിൽ കാത്തിരുന്നത് കാളിദാസനെ അനുഗ്രഹിക്കാനാണെന്നു പറഞ്ഞതുപോലെ ഞാൻ അന്ന് ആ സിനിമ സംവിധാനം ചെയ്തത് ജയറാം പാർവതി പരിണയത്തിനു വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു .

ഷൂട്ടിങ് പൂർത്തിയായ ദിവസം തിരുവല്ല ഹോട്ടൽ എലൈറ്റിൽ വെച്ച് ഒരു പാർട്ടിയുണ്ടായിരുന്നു. അതിനിടയിൽ ജയറാം എന്നെ കൂട്ടത്തിൽ നിന്ന് മാറ്റി നിർത്തി പറഞ്ഞു: " സർ , എനിക്കൊരു സന്തോഷ വർത്തമാനമുണ്ട് ...ഞാൻ പാർവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു..." ആ നല്ല വാർത്തയ്ക്കു കൈ പിടിച്ചു കുലുക്കി ഞാൻ "ബെസ്റ്റ് ഓഫ് ലക് " പറഞ്ഞു ....

ഇന്ന് ജയറാം വന്ന് മകന്റെ അരങ്ങേറ്റത്തെ പറ്റി പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി കാളിദാസനോടും ഞാൻ പറഞ്ഞു : "ബെസ്റ്റ് ഓഫ് ലക്.." അത് കൊണ്ടാണ് ഞാൻ ഈ ദിവസത്തിനു ചരിത്ര പ്രാധാന്യമുണ്ട് എന്ന് പറഞ്ഞത് . ആ ചരിത്രപ്രാധാന്യത്തിനു സാക്ഷിയാകാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം ..I should say special thanks to Producer Distributor Mr Anto Joseph whose CLICK put we THREESOME together!!!

.ഇത്രയും കാര്യങ്ങൾ എങ്ങിനെ ഓർത്ത് വെച്ചിരിക്കുന്നു എന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് . അതെന്റെ ശീലമാണ് . സന്തോഷമാണ് ,ഇനിയും വ്യക്തമാകണമെങ്കിൽ സംവിധായകൻ ടി വി ചന്ദ്രന്റെ സിനിമയുടെ പേര് പറഞ്ഞേക്കാം ..."ഓർമ്മകൾ ഉണ്ടായിരിക്കണം "