Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം ഭ്രാന്താലയം തന്നെ, ഇതിനപ്പുറം ഇനി ഭ്രാന്തു പിടിക്കാനില്ല: ബാലചന്ദ്രമേനോൻ

balachandra-menon

കേരളം ഭ്രാന്താലയം തന്നെയാണെന്നും ഇതിനപ്പുറം ഇനി ഭ്രാന്തു പിടിക്കാനില്ലെന്നും സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമിവിവേകാനന്ദന്‍ പറഞ്ഞതിന്റെ ആഴം തനിക്ക് ഇപ്പോള്‍ ആണ് കൃത്യമായി മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കേരളത്തിലെ പീഡന വാര്‍ത്തകളും, ജലപീരങ്കി വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ ഇത് സത്യമാണെന്ന് തെളിയുകയാണെന്നും പുതിയ കുറിപ്പിൽ അദ്ദേഹം വിശദമാക്കുന്നു. അമേരിക്കയിൽ അവധി ആഘോഷിക്കുന്ന വേളയിൽ അവിടെ നടന്ന ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബാലചന്ദ്രമേനോൻ കുറിപ്പ് എഴുതിയിരിക്കുന്നത്.

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–

സംപൂജ്യനായ സ്വാമി വിവേകാനന്ദന് കോടി പ്രണാമം......എങ്ങനെയോ അങ്ങയെ ഞാൻ ഇന്നലെ ഓർത്തുപോയി, ഓർമ്മകൾ അല്ലെങ്കിലും അങ്ങിനെയാണ്. ഓർക്കാപ്പുറത്ത് കയറിവരും . ചിലപ്പോൾ സുഖിപ്പിക്കും. മറ്റുചിലപ്പോൾ ചൊറിച്ചിലുണ്ടാക്കും ...ഈയിടെയായി ചൊറിച്ചിലുണ്ടാക്കുന്ന ഓർമ്മകളാണ് കൂടുതലും.

വാട്സ്ആപ്പിൽ പ്രചരിക്കുന്ന അങ്ങയുടെ പ്രസംഗം ഞാൻ കേട്ടതാണോ കാരണം?അറിയില്ല. 1893 സെപ്തംബർ 11നു അങ്ങ്, ഞാൻ ഇപ്പോൾ ഇരിക്കുന്ന ഈ അമേരിക്കൻ നാടുകളിൽ നടത്തിയ പ്രസംഗം എന്നെ ത്രസിപ്പിക്കുക തന്നെ ചെയ്തു. 'ഈ സമ്മേളനം തുടങ്ങും മുൻപേ ഉയർന്ന മണിനാദം എല്ലാവിധ നാശകാരികളുടെയും മരണമണിയാകട്ടെ " എന്ന് അങ്ങയുടെ, എന്തിനെയും അതിജീവിക്കുന്ന ആ "മാസ്മരികശബ്ദത്തിൽ "കേട്ടപ്പോൾ എന്നിൽ ഉണർന്ന നവോന്മേഷം ഇനിയും കെട്ടടങ്ങിയിട്ടില്ല എന്ന് പറയാം.

എന്നാൽ ഇനി ഒരു ഫ്‌ളാഷ് ബാക്ക്‌ ...പൂക്കളോടും കിളികളോടും കാറ്റിനോടും സല്ലപിക്കുന്ന ബാല്യത്തിൽ എപ്പോഴോ ഞാൻ നിങ്ങളെ വെറുത്ത്പോയി എന്ന സത്യം ഇപ്പോഴെങ്കിലും ഒന്ന് വെളിപ്പെടുത്തട്ടെ. അതിനു കാരണക്കാരൻ മലയാളം പഠിപ്പിച്ചിരുന്ന ഗോപാലപിള്ള സാറാണ് എന്ന് ഞാൻ ഇന്ന് വെളിപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ ആത്‌മാവ്‌ എന്നോട് പൊറുക്കണം.

പുഴകളും മലകളും പൂവനങ്ങളും നിറഞ്ഞ എന്റെ കുരുന്നു മനസ്സിൽ ഞാൻ ഓമനിച്ചിരുന്ന എന്റെ കൊച്ചു കേരളത്തെ "'ഏതോ ഒരു വിവേകാനന്ദൻ എവിടുന്നോ വന്നു "ഭ്രാന്താലയം " എന്ന് പരിഹസിച്ചു എന്ന് കേട്ടപ്പോൾ അതാരാണ് പറഞ്ഞതെങ്കിലും ഞാൻ വെറുത്തു എന്നത് സത്യം തന്നെയാണ്.

കൂട്ടത്തിൽ പറഞ്ഞോട്ടെ , കഴിഞ്ഞ രണ്ടു ആഴ്ചകൾക്കു മീതെയുള്ള അമേരിക്കൻ ജീവിതത്തിൽ ഞാൻ ഒരു കുഴിമടിയനായിട്ടുണ്ട് എന്ന് ഭാര്യ പറയുന്നു. ചോദിക്കാനും പറയാനും തിരിച്ചറിയാനും ആരുമില്ലാത്ത ഒരു ലോകം എന്നെ സംബന്ധിച്ച് ഒരപൂർവ്വമായ അനുഭവം...... എന്നെപ്പോലുള്ള വിദേശ വായ്നോക്കികൾക്കായിട്ടാണന്നു തോന്നുന്നു നാട്ടിലെ "കുട്ടൻപിള്ളയുടെ ചായക്കട "പോലുള്ള സ്ഥാപനങ്ങൾ DUNKIN DONUTS,..STARBUCKS COFFEE....എന്ന പേരുകളിൽ ഇന്നാട്ടിൽ പ്രസിദ്ധമാണ്. അങ്ങിനെ ഒരിടത്തു പോയിരുന്നു ഒരു ചൂട് കാപ്പി നുണയുമ്പോഴാണ് സ്വാമിയുടെ പ്രസംഗം കേട്ട് ഞാൻ ഉന്മിഷിതനായത്.

നാട്ടിലെ വിവരങ്ങൾ കുറച്ചു ദിവസങ്ങളായി അറിയുന്നില്ല എന്നോർത്തു ഞാൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളം ചാനൽ തുറന്നപ്പോൾ കണ്ടതും കേട്ടതുമായ വാർത്തകൾ എന്നെ ഭ്രാന്തു പിടിപ്പിച്ചു...

1) തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയെ പീഡിപ്പിച്ചു

2 ) പത്തു വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു

3 )സ്കൂൾ മാസ്റ്റർ ആൺകുട്ടികളെ പീഡിപ്പിച്ചു

4 ) മാതാപിതാക്കൾ പിഞ്ചു കുഞ്ഞിനെ ദേഹം പൊള്ളിപ്പിച്ചു

5 )മഹാത്മജിയുടെ പരിപാവനമായ സത്യഗ്രഹം നടക്കുമ്പോൾ പുറത്തു തീപ്പന്ത ആഘോഷവും നൃത്തനൃത്യങ്ങളും

6 ) ശ്രീകൃഷ്ണ ജയന്തിയും തിരുവോണവും വോട്ടുബാങ്കുകൾ ആകുന്നു ....ഭഗവാൻ കൃഷ്ണനും മഹാബലിയും നാരായണഗുരുവും രാഷ്ട്രീയപ്രവർത്തകരാവുന്നു

7 )ആശുപത്രിയിൽ പ്രസവിക്കാൻ ചെല്ലുന്ന പൂർണ്ണ ഗർഭിണിയെ ജീവനക്കാരൻ ആക്രമിക്കുന്നു. വിദ്യാലയങ്ങളിൽ ഗുരുഭൂതനെ വിദ്യാർത്ഥികൾ കുത്തിക്കൊല്ലുന്നു

8 ) പ്രതീകാന്മക സമരങ്ങൾ നാട്ടിൽ തകർക്കുന്നു .വായ് മൂടിക്കെട്ടിയും , ശവപ്പെട്ടി ചുമന്നും അടിവസ്ത്രങ്ങൾ മാത്രം ധരിച്ചും.ലക്കും ലഗാനുമില്ലാതെ....... കോലം കത്തിക്കുന്നു ..അഭ്യസ്തവിദ്യരായ .ആരോഗ്യമുള്ള യുവാക്കൾ കുളിച്ചു വെള്ള ഷർട്ടുമിട്ട് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തുന്നു.

ഒൻപതു എനിക്കിഷ്ടമുള്ള നമ്പറായതുകൊണ്ടു അക്കമിട്ടു പറയുന്നത് ഇവിടെ നിർത്തുന്നു... എങ്കിലും പറഞ്ഞോട്ടെ കേരളം ഭ്രാന്താലയം തന്നെയാണ്. ഇതിനപ്പുറം ഇനി ഭ്രാന്തു പിടിക്കാനില്ല.
എന്തിന് ?ചങ്ങലക്കു പോലും ഭ്രാന്തു പിടിച്ചു കഴിഞ്ഞു....

പെട്ടെന്നോർമ്മ വന്ന ഒരു കാര്യം. ലുലു പോലുള്ള ഒരുപക്ഷേ, അതിനേക്കാൾ വിസ്‌തൃതിയും വെടിപ്പുമുള്ള ഒരു ഒരു ഷോപ്പിംഗ് മാളിൽ സ്വസ്ഥമായിരുന്നു ചൂടുള്ള ഒരു കാപ്പി നുണയുകയായിരുന്നു ഞാൻ. കൈയിലിരുന്ന റസ്‌ക് പൊടിച്ചതും അത് നിയന്ത്രണമില്ലാതെ ചുറ്റിനും തൂവി. വൃത്തിയുള്ള കാർപെറ്റ് ഞാൻ മൂലം വൃത്തിഹീനമായല്ലോ എന്ന എന്റെ കുറ്റ ബോധത്തിൽ ഞാൻ വിഷമിക്കുമ്പോൾ ആകാശത്തു നിന്ന് പൊട്ടിമുളച്ചതുപോലെ സുന്ദരിയായ ഒരു മദാമ്മക്കൊച്ചു എന്റെ മുന്നിൽ "അതിഥി ദേവോ ഭവ " എന്ന മട്ടിൽ...കയ്യിൽ ചൂലും മറ്റു സാമഗ്രികളും ...എന്റെ നന്ദിക്കുപോലും കാത്തു നിൽക്കാതെ അവൾ പണിതീർത്തു എനിക്ക് മധുരമുള്ള ഒരു പുഞ്ചിരിയും സമ്മാനിച്ചു സ്ഥലം വിട്ടു ..

ആ നിമിഷം എനിക്ക് ഒന്ന് മനസ്സിലായി ...ഈ നാട്ടിൽ ഒരു സർക്കാർ ഉണ്ട്. സർക്കാർ ചുറ്റും നടക്കുന്നതൊക്കെ വീക്ഷിക്കുന്നുമുണ്ട് അതുകൊണ്ടാണ് എൻ്റെ ആവശ്യം മനസ്സിലാക്കി അപ്പോൾ സർക്കാർ ചൂലായി അവിടെ അവതരിച്ചത്.

സത്യഗ്രഹവും ധർണ്ണയും ജലപീരങ്കിയുമൊന്നുമില്ലാതെ തന്നെ സർക്കാരിന് നമ്മുടെ നാട്ടിലും ഇങ്ങനൊക്കെ ആവാമെന്ന് വെറുതെ മോഹിച്ചുപോയെങ്കിൽ എന്നെ കുറ്റപ്പെടുത്തരുത് ...( മറുനാട്ടിൽ പോയിരുന്നു കാപ്പീം കുടിച്ചു പെറ്റ നാടിനെ പുച്ഛിക്കുകയാണെന്നു മാത്രം വ്യാഖ്യാനിക്കരുതെന്നു അപേക്ഷ ).

സംപൂജ്യനായ വിവേകാനന്ദൻ....എന്നോടും ഞങ്ങളോടും പൊറുക്കുക . അന്ന് എന്റെ ബാല്യത്തിന്റെ ഇളം വെയിലിൽ ഞാൻ അങ്ങയെ അറിവില്ലായ്മ കൊണ്ട് വെറുത്തുവെങ്കിൽ ഇന്നിതാ തിരിച്ചറിവിന്റെ പോക്കുവെയിലിൽ അങ്ങേക്ക് മുന്നിൽ നിസ്സഹായനായി നമസ്‌കരിക്കുന്നു ....അങ്ങയുടെ ശബ്ദം പകർന്ന ഉന്മേഷം എന്നെയും എന്നെപ്പോലുള്ള ലക്ഷങ്ങളെയും ഉൽസുകരാക്കട്ടെ ..... 

Your Rating: