Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെയായിരുന്നു നിവിന്റെ ആറാം വിവാഹവാർഷികാഘോഷം

nivin-balachandramenon

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ ആറാം വിവാഹ വാര്‍ഷികാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയ്‌ക്കൊപ്പമുള്ള സെല്‍ഫിയും വിവാഹ വാര്‍ഷികാഘോഷത്തിന്റെ കേക്കുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിവിന്‍ തന്റെ സന്തോഷം പങ്കുവച്ചിരുന്നു. നിവിൻ ഭാര്യയും മകനുമൊത്ത് വിവാഹവാർഷികം ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായൊരു അതിഥി ഇവർക്കരികിലേക്ക് എത്തിയത്.

നിവിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. മറ്റാരുമല്ല നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് അപ്രതീക്ഷിതമായി നിവിനെയും കുടുംബത്തെയും വിവാഹവാർഷിക ആഘോഷത്തിനിടെ കണ്ടുമുട്ടിയത്. ആ സംഭവം ബാലചന്ദ്രമേനോൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചത്...

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–

ഇന്ന് അതിരാവിലെതന്നെ ഞാൻ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു. എന്റെ വാസം തിരുവനന്തപുരത്തും സഹവാസം കൊച്ചിയിലുമാണ് എന്ന് പറയാം.. കുടുംബപരമായി കൊച്ചിയിലും തൊഴിൽപരമായി തിരുവനന്തപുരത്തുമായാണ് എന്റെ ജീവിതം. ഭാര്യയുമൊത്ത് ഈ രണ്ടു താവളങ്ങളിലേക്കുള്ള കാർ യാത്രകളാണ് കൂടുതലും. ഡ്രൈവറും ഞാൻ തന്നെ. തിരുവനന്തപുരം കൊച്ചി റൂട്ടിൽ റോഡിൽ എത്ര തരം കുഴികൾ എന്തുമാത്രമുണ്ടെന്നു ഒരുപക്ഷെ പൊതുമരാമത്തു മന്ത്രിയെക്കാൾ എനിക്കറിയാമെന്നു തോന്നുന്നു.

വൈകിട്ട് 5 .30 ന് ചാനലിൽ സംപ്രേഷണം ചെയ്യുന്ന എന്റെ ചിത്രം കൊച്ചി വീട്ടിലിരുന്നു കാണാം എന്നതായിരുന്നു പ്ലാൻ . ബ്രേക്‌ഫാസ്‌റ് കല്ലുവാതുക്കലുള്ള രാജ് റെസിഡെൻസിയിൽ കഴിച്ചു . കൂട്ടത്തിൽ 8 മണിക്കുള്ള പ്രൊമോഷൻ പ്രോഗ്രാമും കണ്ടു.

ഊണ് സാധാരണ ആലപ്പുഴ പ്രിൻസ് ആണ് എന്റെ ശീലം. എന്നാൽ പ്രിൻസിൽ എത്തിയപ്പോൾ കാർ അകത്തേക്ക് ഓടിച്ചു കയറ്റാൻ നിവൃത്തിയില്ല . എന്തെന്നാൽ , ഹോട്ടലിനു മുൻപിൽ അടുത്തു നടക്കാൻ പോകുന്ന ഒരു കല്യാണത്തിന് വേണ്ടി ഒരു 'ഭീമൻപന്തൽ' പണിയുന്ന തിരക്കാണ്. അടുത്ത ശരണം ചേർത്തലക്കടുത്തുള്ള ട്രാവൻകുർ പാലസ് ആണ്. അവിടെയെത്തുമ്പോൾ പതിവില്ലാതെ സഞ്ചാരികളായ വിദേശികളെക്കൊണ്ട് സമൃദ്ധം. വയറു കുറേശ്ശെ കാഞ്ഞുതുടങ്ങി .എന്നാൽ നേരെ കൊച്ചിയിലെത്താം. അവിടെ എത്തിയാൽ ഒന്നുകിൽ 'സരോവരം' അല്ലെങ്കിൽ 'ക്രൗൺപ്ലാസ.'അതാണ് പതിവ്.

ഒരു കാരണവുമില്ലാതെ ഭാര്യയുടെ നിർദ്ദേശം. "ഇന്ന് ഒരു മാറ്റത്തിന് ലെ മെറിഡിയൻ ആയാലോ?" സമ്മതിച്ചു .. ലെ മെറിഡിയനിലെ വിശാലമായ റസ്റ്ററന്റ് ഞാൻ ചെല്ലുമ്പോൾ ശൂന്യം. എനിക്ക് സന്തോഷമായി .പൊരിഞ്ഞ വിശപ്പുള്ളതുകൊണ്ടു ഒറ്റക്കിരുന്ന് ഭാര്യയുമൊത്ത് 'മൃഗീയമായി' തിന്നാം. പൊടുന്നനെ എന്റെ മുന്നിൽ അവതരിക്കുന്ന നിവിൻ പോളി. ആർക്കും ഇഷ്ടം തോന്നിക്കുന്ന ചിരിയുമായി. പിന്നാലെ ഭാര്യയും കൂട്ടത്തിൽ നിവിന്റെ ഭാഗ്യമെന്നു നിവിൻ തന്നെ എവിടെയോ പറഞ്ഞു കേട്ടിട്ടുള്ള മകനും ...

ഇനിയാണ് പ്രധാനപ്പെട്ട കാര്യം. ഇന്ന് നിവിന്റെ വിവാഹവാർഷികമാണ്. അതവർ ആഘോഷിക്കുന്നതിനിടയിലാണ് എന്റെയും ഭാര്യയുടെയും ഇടപെടൽ ..എനിക്ക് സന്തോഷം തോന്നി .എന്റെ വിവാഹദിനം മെയ് 12 ആണ്. ഇന്നിത് വരെ ആ ദിവസം ഈ ലോകത്തിന്റെ ഏതു മൂലയിലായാലും ഞാനും ഭാര്യയും ഒത്തുകൂടും. പിള്ളേരുള്ളപ്പോൾ അവരും കൂടും. ഇപ്പോൾ ഞങ്ങൾ മാത്രമായി.
നിവിന്റെ ഇപ്പോഴത്തെ തിരക്കിനിടയിലും ഈ ദിനം ഒരുമിച്ചു ആഘോഷിക്കാൻ തുനിഞ്ഞതിൽ സന്തോഷം തോന്നി. അത് മറ്റുള്ളവർക്കും ഒരു മാതൃകയാകട്ടെ എന്നാഗ്രഹിക്കുന്നു.

ആ മനോഹരനിമിഷം എന്റെ ക്യാമറയിലെ സെൽഫിയാക്കി സമ്മാനിച്ചതും നിവിൻ തന്നെ. ഒരുപാട് വാർഷികങ്ങൾ കെങ്കേമമായി ഉണ്ടാകട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇനി ഒരു തമാശ ...സിനിമാസ്റ്റൈലിൽ ഇതു വായിച്ചുകഴിയുമ്പോൾ നിവിനുമൊത്തു ബാലചന്ദ്രമേനോൻ ഒരു സിനിമയ്ക്ക് തയ്യാറാവുകയാണോ എന്നു ഒരു സംശയം എങ്ങാനും തോന്നുന്നുവെങ്കിൽ അത് അസ്ഥാനത്താണെന്ന് ഞാനായിട്ട് ഒരിക്കലും പറയില്ല , ഇപ്പോഴേ പറഞ്ഞേക്കാം...