Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാനിരൂപണം വഴിയേ പോകുന്നവനെല്ലാം കയറി ചുവരിൽ ചൊറിയുന്നതു പോലെ

menaka-balachndramenon ബാലചന്ദ്രമേനോന്റെ പത്രസമ്മേളനത്തിൽ നിന്ന്. നടി മേനക സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

വഴിയേ പോകുന്നവനെല്ലാം കയറി ചുവരിൽ ചൊറിയുന്നതു പോലെയാണ് ഇന്നു ഫെയ്സ്ബുക്കിലും ഒാൺലൈൻ സൈറ്റുകളിലും സിനിമാ നിരൂപണമെഴുതുന്നതെന്നും ഇതു നിയന്ത്രിച്ചില്ലെങ്കിൽ സിനിമാ മേഖലയെ തന്നെ തകർക്കുന്ന തരത്തിൽ ഇൗ പ്രവണത വളരുമെന്നും നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഞാൻ സംവിധാനം ചെയ്യും എന്ന തന്റെ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഫെയ്സ്ബുക്കിൽ നിരൂപണമെഴുതിയിരിക്കുകയാണ്. മിക്ക നിരൂപണങ്ങളും വായിക്കുമ്പോൾ തന്നെ അറിയാം, ഇവരൊന്നും സിനിമ കണ്ടിട്ടേയില്ലെന്ന്. അറിവുള്ള ആൾക്കാർ ഇതൊക്കെ ചെയ്താൽ മനസിലാക്കാം. എന്നാൽ, ഒരു സിനിമയ്ക്കു പിന്നിലെ അധ്വാനം കാണാതെ തെറ്റായ വിലയിരുത്തലുകൾ നടത്തുന്നവർ നാളെ മലയാളികളെ തലകുനിപ്പിക്കുന്ന അവസ്ഥയിൽ എത്തിക്കുമെന്നും ബാലചന്ദ്രമേനോൻ പ്രസ് ക്ലബിലെ മീറ്റ് ദ് പ്രസ് പരിപാടിയിൽ ആഞ്ഞടിച്ചു.

രണ്ടു താരങ്ങളെയും ഛായാഗ്രാഹകനെയും ഗായകനെയും ഇൗ സിനിമയിൽ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ കൂടി ഭാവിയാണ് ഇൗ എഴുത്തുകാർ നശിപ്പിക്കുന്നതെന്ന് ഒാർക്കണം. ഒരു ചിത്രത്തെ വിലയിരുത്താൻ ജനത്തിന് ഒരാഴ്ചയെങ്കിലും കൊടുക്കണം. അതിനു മുൻപു പ്രേക്ഷകരെ തീയറ്ററിൽ നിന്നു പിന്തിരിപ്പിക്കുന്ന തരത്തിൽ എഴുതരുത്. സിനിമയ്ക്ക് സ്റ്റാർ റേറ്റിങ് നൽകാൻ ഇവർ ആരാണ്? സ്റ്റാർ നോക്കിയിട്ടാണോ ജനം സിനിമ കാണേണ്ടത്? ആരോഗ്യകരമായ വിമർശനമല്ല മറിച്ച്, തരംതാണ ആക്ഷേപവും അധിക്ഷേപവുമാണ് എഴുത്തിൽ. ഇങ്ങനെ പോയാൽ ഇൗ സംസ്കാരത്തെയോർത്ത് മലയാളി തലകുനിക്കേണ്ടി വരും.

balachandramenon-pressmet

സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഒാൺലൈൻ പ്രമോഷൻ നടത്തിത്തരാം എന്നു പറഞ്ഞ് ഒരാൾ വന്നിരുന്നു. എന്തു കൊണ്ടോ അതു നടന്നില്ല. ഇപ്പോൾ സിനിമയ്ക്കു മേൽ തെറിയഭിഷേകം നടത്തുകയാണയാൾ. തോന്നുത്തതൊക്കെ എഴുതി പ്രചരിപ്പിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന എഴുത്താണ് ഇപ്പോൾ നടക്കുന്നത്. കുറെക്കഴിയുമ്പോൾ ഇത്തരം എഴുത്തൊന്നും ജനം വിശ്വസിക്കാത്ത അവസ്ഥ വരും എന്നോർക്കണം. ഒാടുന്ന സിനിമയെ തകർക്കാൻ ആർക്കുമാകില്ല. ഏപ്രിൽ 18നു ശേഷം ടിവിയിൽ എറ്റവും കൂടുതൽ പേർ കാണുന്ന ചിത്രമായി ‘ഞാൻ സംവിധാനം ചെയ്യും’ മാറും. കെ.പി.ആർ. നായർ എന്ന നിർമാതാവ് ഏഴു വർഷം എനിക്കായി കാത്തിരുന്നു കൈമാറിയ സിനിമയാണിത്. സിനിമ കണ്ട് ആദ്യം അഭിനന്ദിച്ചതും ആ നിർമാതാവാണ്. 101% ശതമാനം ഇൗ സിനിമ എനിക്കു തൃപ്തി തന്നു. തന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനന്ദനം കിട്ടിയതും ഇൗ സിനിമയ്ക്കാണ്. നിരൂപണം എഴുതിയവർ ഇൗ സിനിമ കണ്ടാൽ അവർ എഴുതിയ കടലാസിൽ അവർ തന്നെ കാർക്കിച്ചു തുപ്പും. എഴുതുന്നതിനെല്ലാം അതേഭാഷയിൽ മറുപടി പറഞ്ഞാൽ എന്നിലെ സരസ്വതി കടാക്ഷം പോകും.

കുടുംബ ചിത്രങ്ങൾ അടുത്തയാഴ്ച കാണാമെന്നു കരുതി ആരും മാറ്റി വയ്ക്കരുത്. തീയറ്ററിലെ അകാല ചരമം കുടുംബചിത്രങ്ങളുടെ തലയിലെഴുത്തായി മാറിയിരിക്കുകയാണിന്ന്. സമയവും സൗകര്യവും നോക്കി കുടുംബങ്ങൾ തീയറ്റിലെത്തുന്നതിനാൽ ആദ്യ നാളുകളിൽ ആളു കുറവായിരിക്കും. അളില്ലെങ്കിൽ തീയറ്ററുകാരൻ സിനിമ മാറ്റും. എന്നാൽ പ്രേമം പോലുള്ള യുവാക്കളുടെ സിനിമകൾക്ക് അപ്പോഴും യുവപ്രേക്ഷകർ തീയറ്ററിനു മുന്നിൽ റെഡിയായി നിൽക്കുകയാണ്. ഇപ്പോൾ പ്രേമം കണ്ട് കറുത്ത ഷർട്ടും മുണ്ടും ധരിക്കുന്നതു പോലെ പണ്ട് തന്റെ ചിത്രങ്ങൾ കണ്ട് തലയിൽ തൂവാല കെട്ടി യുവാക്കൾ നടന്നിരുന്നു. സിനിമ യുവാക്കളിൽ വലിയ സ്വാധീനം ചെലുത്തുന്നതിന്റെ സൂചനയാണിത്. ‘നിങ്ങൾ ക്യൂവിലാണ്’ എന്നു കേൾക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇപ്പോഴും ആരുടെയും പിറകെ നടക്കാതെ സ്വന്തമായി സിനിമ ചെയ്യുന്നതെന്നും താൻ ഇനിയും സംവിധാനം ചെയ്യുമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

സിനിമയെക്കുറിച്ച് ബോധ്യമില്ലാത്തവർ നിരൂപണം എഴുതുന്നത് നിർത്തണമെന്നും തമിഴ്നാട്ടിൽ ഒകെ കൺമണി എന്ന ചിത്രത്തിനെതിരെയും ഇത്തരം നീക്കങ്ങൾ നടന്നെന്നും നടി മേനക പറഞ്ഞു. സുഹാസിനി ഇതിനെതിരെ ശക്തമായി രംഗത്തു വന്നപ്പോൾ അവർക്കെതിരെയായി ദുഷ്പ്രചാരണം. തനിക്ക് വ്യത്യസ്തമായ വേഷം ലഭിച്ചതു കൊണ്ടാണ് ഞാൻ സംവിധാനം ചെയ്യും എന്ന സിനിമയിൽ അഭിനയിച്ചതെന്നും ഇത്തരം വേഷങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്നും മേനക പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.