Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിക്കൂനന്റെ രണ്ടാം ഭാഗം വന്നേനെ, പക്ഷേ; ബെന്നി പി നായരമ്പലം പറയുന്നു

benny-dileep ബെന്നി പി നായരമ്പലം, ശശി ശങ്കർ, ദിലീപ്

മന്ത്രമോതിരം, കുഞ്ഞിക്കൂനൻ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകൻ ശശിശങ്കറിനോടൊപ്പം പ്രവർത്തിച്ച അനുഭവം തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പങ്കുവയ്ക്കുന്നു.

സിനിമ മേഖലയിൽ ഞങ്ങൾ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നറിയപ്പെടുന്നത് മന്ത്രമോതിരമാണ്. ദിലീപിന്റെ തുടക്കകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണത്. തീയറ്ററുകളിൽ ആ ചിത്രം നിറഞ്ഞോടിയിരുന്നു. പിന്നീട് ഒന്നിക്കുന്നത് കുഞ്ഞിക്കൂനനിലാണ്.

ദിലീപും ശശി ശങ്കറുമായിട്ടുമെല്ലാം ഞാൻ ഏറെ അടുത്തത് കുഞ്ഞിക്കൂനനിലായിരുന്നു. ചിത്രം വൻവിജയമായിരുന്നു. തമിഴിലും അദ്ദേഹം തന്നെയാണ് പേരഴഗൻ എന്ന പേരിൽ ചിത്രം റീമേക്ക് ചെയ്തത്. പിന്നീട് അദ്ദേഹത്തിന് തമിഴിലേക്ക് ഒാഫറുകൾ വന്നെങ്കിലും ഒന്നും ശരിയായില്ല.

ശാരീരിക പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഷുഗർ കൂടുതലായിരുന്നു. അത് നിയന്ത്രിക്കുന്ന കാര്യത്തിൽ ഞാനും ദിലീപുമൊക്കെ ഉപദേശിക്കുമായിരുന്നു. പെപ്സിയൊക്കെ ഇതിനിടയിൽ ഉപയോഗിക്കുമായിരുന്നെങ്കിലും പിന്നീട് പറ‍ഞ്ഞ് നിർത്തിയിരുന്നു. മധുരപാനീയങ്ങളോട് ഇഷ്ടം കൂടുതലായിരുന്നു. ഷുഗറിനോട് ചേർന്ന് അനുബന്ധരോഗങ്ങളും പിടിപെട്ടു.

കുഞ്ഞിക്കൂനന്റെ രണ്ടാംഭാഗം ചെയ്യണമെന്ന് ശശി ശങ്കറിന് വലിയ ആഗ്രഹമായിരുന്നു. ദിലീപിനും അതിനോട് താൽപര്യമുണ്ടായിരുന്നു. പെട്ടെന്ന് ഇങ്ങനെയൊരു വിയോഗം നമ്മൾ പ്രതീക്ഷിച്ചിട്ടില്ല. അമ്മുവിന്റെ ആങ്ങളമാർ എന്നൊരു ചിത്രം ആദ്യകാലത്ത് ഞങ്ങൾ ചെയ്തിരുന്നു. സത്യത്തിൽ അതായിരുന്നു ഞങ്ങളുടെ ആദ്യ ചിത്രം. പക്ഷെ പല കാരണങ്ങളാൽ അത് റിലീസായില്ല. ബാലചന്ദ്രമേനോനും ജഗദീഷുമായിരുന്നു അതിലെ നായകന്മാർ. അതിനു ശേഷമായിരുന്നു മന്ത്രമോതിരം. ദിലീപും ഞാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു മന്ത്രമോതിരം. കലാഭവൻ മണിയുടേയുമൊക്കെ തുടക്കമകാലമായിരുന്നു അത്.

അസോസിയേറ്റ് ഡയറക്ടർ ആന്റണിമൈക്കിൾ മരിച്ചപ്പോൾ അവിടെവച്ചാണ് അവസാനമായി ശശിശങ്കറിനെ കാണുന്നത്. അമ്മുവിന്റെ ആങ്ങളമാരുടെ അസോസിയേറ്റായിരുന്നു ആന്റണിയും. അതിനുശേഷം ഇപ്പോഴിതാ ശശിശങ്കറിന്റേയും മരണ വാർത്ത എത്തിയിരിക്കുന്നു. ഇത്ര ചെറുപ്പത്തിലേ പോകുമെന്ന് കരുതിയില്ല. 

Your Rating: