Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ തല്ലി, എനിക്കിട്ടും കിട്ടി, വേറെ പ്രശ്നമൊന്നുമില്ല

bheeman-raghu-image

ഐസ്ക്രീമിന്റെ പേരിൽ അടിപിടികൂടിയെന്ന് പറഞ്ഞ് നടന്‌‍‍ ഭീമൻ രഘുവിനെതിരെ വാർത്തകൾ വന്നിരുന്നു. ഐസ്ക്രീം തരാത്തതിന് താരം മദ്യലഹരിയിൽ കടയുടമയെ മർദ്ദിച്ചെന്നും കടയുടമയുടെ പരാതിയിൽ അദ്ദേഹത്തിനും സുഹൃത്തിനുമെതിരെ കേസെടുത്തുവെന്നുമായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്.

ഈ സംഭവത്തിൽ ഭീമൻ‌ രഘുവിന്റെ പ്രതികരണവും എന്താണെന്ന് അറിയാൻ അദ്ദേഹത്തിന്റെ ആരാധകർക്കും ആകാംക്ഷയുണ്ടാകും. യഥാർത്ഥത്തിൽ നടന്നതെന്തെന്ന് ഭീമൻ രഘു തന്നെ വ്യക്തമാക്കുന്നു.

‘സത്യത്തിൽ ഇതൊരു ചെറിയ സംഭവമാണ്. ഞാനൊരു നടനായതുകൊണ്ടാണ് ഇത്രയും വലിയ വാർത്തയായത്. മുൻവൈരാഗ്യമോ മറ്റു പ്രശ്നങ്ങളോ ഒന്നും ഈ വിഷയത്തിലില്ല. അങ്ങനെ സംഭവിച്ചുപോയെന്ന് പറഞ്ഞാൽ മതിയല്ലോ. അതിത്രേം വലിയ വാർത്തയാകുമെന്നൊന്നും ഞാൻ കരുതിയില്ല.

ഒരു ചെറിയ വാക്കു തർക്കമാണ് ഇങ്ങനെ കലാശിച്ചത്. വാർത്തകൾ വന്നതുപോലെ ഞാൻ മദ്യപിച്ചിരുന്നില്ല. മദ്യപിച്ചുകൊണ്ടല്ല ഭീമൻ രഘു പ്രശ്നമുണ്ടാക്കിയത്. പിന്നെ, ആദ്യം പ്രശ്നം തുടങ്ങിയതും ഞങ്ങളല്ല. എന്റെ സുഹൃത്തും കടയുടമയും തമ്മിൽ തുടങ്ങിയ തർക്കമാണ്. പിന്നെ സ്വാഭാവികമായും നമ്മളുമതിൽ പങ്കാളികളാകുമല്ലോ. അസഭ്യം പറഞ്ഞ് തല്ലിയപ്പോൾ നമ്മളും തിരിച്ചതുപോലെ പ്രതികരിച്ചു. അതാണ് നടന്നത്. ഭീമൻ രഘു പറയുന്നു.

അവർ രണ്ടു മൂന്നു പേരുണ്ടായിരുന്നു. ഒട്ടും മോശക്കാരായിരുന്നില്ല അവർ. സിനിമാ നടനെ കയ്യിൽ കിട്ടിയപ്പോൾ അവരും വെറുതെ വിട്ടില്ല. അതിനെകുറിച്ചൊന്നും ഇനി ഞാൻ പറയുന്നില്ല. സിനിമാ നടൻ ഉൾപ്പെട്ട വിഷയമാകുമ്പോൾ അതിന്റെ പ്രശസ്തിയും കൂടുമല്ലോ. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.

എന്തായാലും അടി നന്നായിട്ട് കിട്ടി. തലയിലും കാലിലുമൊക്കെ പരുക്ക് പറ്റി. അതുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതയിലാണിപ്പോൾ. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. ഒരു കുഞ്ഞു വിഷയമാണ് ഇത്രയും വലുതായത്. ഭീമൻ രഘു മനോരമ ഓൺലൈനോട് പറഞ്ഞു.

പൊലീസുകാരൻ‌ കൂടിയാണല്ലോ താങ്കൾ എന്നു ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി–‘അതാണ്. ഒരു പൊലീസുകാരനായപ്പോൾ ഈ ഗതി. അപ്പോളൊരു സാധാരണക്കാരനായിരുന്നുവെങ്കിലോ. വാർത്തകൾ താഴെ വന്ന കമന്റുകളെ കുറിച്ച് ഓർമിപ്പിച്ചപ്പോൾ തമാശക്കാരനായി. ആളുകൾ കരുതിക്കാണും ഞാൻ ലൊക്കേഷനിലായിരിക്കുമെന്ന്. അങ്ങനൊന്നും ആരും ചിന്തിക്കരുത്. ഇതൊരു തീരെ ചെറിയ പ്രശ്നമാണ്. ചർച്ച ചെയ്യാൻ മാത്രമൊന്നുമില്ല. ഭീമൻ രഘു പറഞ്ഞു.

വട്ടിയൂർക്കാവ് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. കാറിൽ ഇരുന്നുകൊണ്ട് ഭീമൻ രഘുവും കൂട്ടുകാരനും ഐസ്ക്രീം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. കാറിനടുത്തേക്ക് ഐസ്ക്രീം എത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതോടെ കാറില്‍ നിന്നറങ്ങി കടയുടമയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്നതാണ് വാർത്തകൾ വന്നത്.