Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിൽ വീഴുന്ന ഭീമൻ: കലികാലക്കാഴ്ച

bheeman-reghu ഭീമൻ രഘു വോട്ട് അഭ്യർഥനയ്ക്കിടെ തലച്ചിറയിൽ തടി മില്ലിൽ എത്തിയപ്പോൾ. ചിത്രം: അബു ഹാഷിം

ഭീമൻ രഘുവും എന്തിനും പോന്ന എട്ടുപത്തു ചെറുപ്പക്കാരും കൂടി രണ്ടുമൂന്നു വണ്ടികളിൽ വന്നു ചാടിയിറങ്ങി നാ‌ട്ടുമ്പുറത്ത് റോഡരികിലെ മാടക്കടയിലേക്ക് കയറിപ്പോയാലെന്തുസംഭവിക്കാമെന്ന് ഏതു കൊച്ചുകുട്ടിക്കും ഊഹിക്കാം.

മിഠായിഭരണികൾ വാരി നിലത്തടിക്കും, മാടം പലകകളും പട്ടികക്കഷണങ്ങളുമായി പറക്കും. കടക്കാരൻ ഞെരിഞ്ഞുടഞ്ഞ് ഭീമന്റെ കാൽക്കീഴിൽ ദയയ്ക്കായി കെഞ്ചും, ...അങ്ങനെയങ്ങനെ.

പത്തനാപുരം അസംബ്ലി നിയോജക മണ്ഡലത്തിലെ വെ‌ട്ടിക്കവല പഞ്ചായത്തിൽ ചിരട്ടക്കോണം ജംക്‌ഷനിലെ കടകളിലേക്ക് ഭീമനും കൂട്ടരും വന്നു കയറുന്ന ഷോട്ട് അടുത്തുനിന്നു ചിത്രീകരിക്കുമ്പോൾ മനസ്സിലാകും തിരക്കഥ ആകെ മാറിപ്പോയെന്ന്,

നമസ്കാരം, നമസ്കാരം എന്ന കൂപ്പുകൈയോടെ സ്ഥാനാർഥിയായാണ് രംഗപ്രവേശം. (അപ്പോഴുമില്ല കൈയിലെ ഞരമ്പുകൾക്കും മസിലുകൾക്കും ഒരു അയവ്. അവ ഒരു മൽപ്പിടിത്തത്തിനു തയാറായിത്തന്നെ.)

ചിരിയുടെ ശബ്ദത്തിനു കേട്ടുപരിചയിച്ച അലർച്ചയുടെ അതേ കാഠിന്യം.. എങ്കിലും സ്നേഹമുള്ള സിംഹമായി ഭീമൻ ആളുകളെ കയ്യിലെടുക്കുന്നു. ഇത്തിരി മണ്ടത്തരം കൂടി പാകത്തിനു ചേർത്ത തമാശകളിലൂടെ പൊട്ടിച്ചിരിപ്പിക്കുന്നു. പ്രായക്കൂടുതൽ ഉള്ളയാളാണെങ്കിൽ ‘എന്നെ ഒന്ന് അനുഗ്രഹിച്ചേ ’എന്നു കാലിൽ വീഴുന്നു. കലികാലം !!

വെട്ടിക്കവല പഞ്ചായത്തിലെ അന്നപൂർണേശ്വരീ ക്ഷേത്രത്തിനു സമീപത്ത് ശങ്കർ എന്ന ബിജെപി പ്രവർത്തകന്റെ വീട്ടിൽ ഉച്ചയൂണു കഴിഞ്ഞുള്ള വിശ്രമത്തിലായിരുന്നു സ്ഥാനാർഥി ആദ്യം കാണുമ്പോൾ. പുറത്തു ചൂടിലും വെയിലിലും ഉരുകി സ്ത്രീകൾ അടക്കം ഒരുപിടി ജനം.

കാരിരുമ്പുശരീരം നരേന്ദ്ര മോദിയുടെ മ്യൂറൽ ചിത്രം പതിച്ച വെള്ള സിൽക്ക് ഷർട്ടിലും താമരച്ചിത്രമുള്ള വെള്ളമുണ്ടിലും പൊതിഞ്ഞു സ്ഥാനാർഥി പുറത്തേക്ക്. ആൾക്കൂട്ടം അടുത്തേക്കും. മോദിയെപ്പറ്റി പറഞ്ഞാണു തുടക്കം.

‘‘ ഉടുത്തിരുന്ന വേഷം പോലും മാറ്റാതെയാണ് മോദിജി വെടിക്കെട്ടിന്റെ വിവരമറിഞ്ഞയുടൻ ഡൽഹിയിൽനിന്നു പരവൂരിലേക്കു വന്നത്. ഇവിടെ സൂനാമിയുണ്ടായപ്പോൾ ഒരുത്തനെങ്കിലും ഇങ്ങനെ വന്നോ’’ ഭീമന്റെ ചോദ്യം. (ഒരുത്തൻ എന്നാണ് പ്രയോഗം.)

‘എന്റെ മക്കളെല്ലാം ബിജെപിക്കാരാണെന്നു’ കാണാൻ വന്നവരിലെ മുതിർന്ന സ്ത്രീ സരസ്വതിയമ്മ. ‘അമ്മച്ചി എന്തുചെയ്യുന്നു ’എന്നു ഭീമൻ. ‘കശുവണ്ടിത്തൊഴിലാളി ’എന്നു മറുപടി..

‘പൊന്നമ്മച്ചി എ​ന്നെ എങ്ങനെയെങ്കിലും ഒന്നു ജയിപ്പിച്ചുതാ. ഈ കശുവണ്ടി ഫാക്ടറീടെയൊക്കെ എക്സ്റ്റീരിയറും ഇന്റീരിയറും ഞാൻ മാറ്റിക്കാണിച്ചുതരാം. ’എന്നു ഭീമൻ

‘ ഈ പ്രായത്തിൽ എനിക്കതൊന്നും കാണണ്ട. മോനൊന്നു ജയിച്ചുകണ്ടാൽ മതി’ എന്നു സരസ്വതിയമ്മ.

‘എന്തുപറഞ്ഞാലും ചെയ്തുതരാൻ മോദിജി റെഡിയാണ്. പക്ഷേ നമ്മളെ ഒന്നു കയറ്റി ഇരുത്തിത്തരുന്നില്ലല്ലോ ഇവൻമാർ’ എന്നു വീട്ടമ്മയോട് ഭീമന്റെ പരിതാപം. (ബിജെപിയെ കാര്യമായി സഹായിക്കാത്ത വോട്ടർമാരാണ് ‘ഇവൻമാര് ’)

ചുട്ടുപൊള്ളുന്ന വെയിലിന്റെ ആക്രമണത്തിനു റെയ്ബാൻ സ്വർണ സൺഗ്ലാസിന്റെ മാത്രം പരിചയിട്ട് ഭീമനും സംഘവും വിയർത്തൊലിച്ചു പുറത്തേക്ക്. മതിലിൽ ‘ബിജെപി സ്ഥാനാർഥി രഘു ദാമോദരന്’ വോട്ടു ചെയ്യുക എന്ന ചുവരെഴുത്ത്. അതാണ് ഭീമന്റെ പേര്. ബ്രായ്ക്കറ്റിൽ ഭീമൻ രഘു എന്നുമുണ്ട്.

‘‘എല്ലാം ദൈവത്തിന്റെ കളിയാണ്. പൊലീസുകാരനായി. സിനിമയിൽ നായകനായി. ഭീമൻ പേരിന്റെ ഭാഗമായി. വില്ലനായി. ഒടുവിൽ കൊമേഡിയനായി. നാനൂറ്റൻപതോളം സിനിമയിൽ വേഷമിട്ടു. തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചു. ഇപ്പോഴിതാ സ്ഥാനാർഥിയുമായി. ആരു വിചാരിച്ചു ഇങ്ങനെയൊക്കെയാവുമെന്ന്.’’

ആൺ, പെൺ വ്യത്യാസമില്ലാതെ കുഞ്ഞുകുട്ടി, മുത്തശ്ശി വേർതിരിവില്ലാതെ എല്ലാവർക്കും ഷേക്ക് ഹാൻഡ് കൊടുത്തും വോട്ടു ചെയ്യാമെന്നു വാക്കു വാങ്ങിയുമാണ് രഘുവിന്റെ സ്റ്റൈൽ. ‘കൈ കൊടുത്തു വാക്കുപറഞ്ഞാൽ മാറ്റാൻ പലരും മടിക്കും.’ (അതാണ് സീക്രട്ട്)

വൈദ്യശാല ജംക്‌ഷനിൽ വഴിയരികിൽ തട്ടമിട്ട യുവതി പക്ഷേ ഒഴിഞ്ഞുമാറി. വഴിയിൽ അബദ്ധത്തിൽ വില്ലന്റെ മുന്നിൽ വന്നുപെട്ട വീട്ടമ്മ പരിഭ്രമിച്ച് അകന്നുമാറി. പരീക്ഷയ്ക്കു കോപ്പിയടിക്കാനുള്ള കുറിപ്പു പോലെ കുനുകുനാ നോട്ടു തയാറാക്കി പോക്കറ്റിൽ ഇട്ടിട്ടുണ്ട് രഘു. തമാശ അടക്കം..അതിലെ ഒരു സാംപിൾ ഇങ്ങനെ ‘സുരക്ഷാ ഭീമാ യോജന, ഫസൽ ഭീമാ യോജന തുടങ്ങിയ പദ്ധതിയൊക്കെ മോദിജി കൊണ്ടുവന്നത് എന്തിനാന്നോ? ഭീമൻ രഘുവിനെ സ്ഥാനാർഥിയാക്കുന്നത് മുൻകൂട്ടിക്കണ്ടിട്ടാണ്’’

ജിംനേഷ്യം നടത്തിയിരുന്ന തമിഴ്നാട്ടുകാരൻ സ്വാമിയാണ് ആലപ്പുഴയിൽ പ്രീഡിഗ്രിക്കു പഠിക്കുന്നകാലത്ത് രഘുവിന്റെ ‘ശരീരം കണ്ടെടുത്തത്.’’ അന്നു തുടങ്ങിയ വെയ്റ്റ് ലിഫ്റ്റിങ് പിന്നെ താഴത്തുവച്ചിട്ടില്ല. കക്ഷം ഉയർത്തി നെഞ്ചു മുന്നോട്ടും ശരീരം പിന്നിലേക്കും തള്ളിയുള്ള നടപ്പ് പക്ഷേ ജയനെ അനുകരിച്ചതല്ല. പൊലീസ് ട്രെയിനിങ് കോളജിലെ ഫിസിക്കൽ ട്രെയിനിങ്ങിന്റെ സംഭാവനയാണത്രേ.

എൺപതുകളുടെ തുടക്കത്തിൽ ഡൽഹിയിൽ ഇന്ദിരാഗാന്ധിയുടെ സെക്യൂരിറ്റി ടീമിൽ അംഗമായിരുന്നു രഘു. ‘യോഗ’ ജീവിതത്തിന്റെ ഭാഗമാകുന്നത് അക്കാലത്താണ്. ചുരുങ്ങിയതു ചൂടോടെ മൂപ്പതു സൂര്യനമസ്കാരമാണ് ബ്രേക് ഫാസ്റ്റിനു ശീലം.

പണ്ട് കമ്മിഷണർ സിനിമയിൽ അഭിനയിച്ച പെൺമക്കൾ രാധികയും രേവതിയും ഇപ്പോൾ കോളജ് അധ്യാപകരാണെന്നതും മകൻ രഞ്ജിത്ത് ഐആർഎസ് പാസായി റയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥനാണെന്നതും താൻ രണ്ടു കൊച്ചുമക്കളുടെ അപ്പൂപ്പനാണെന്നതും വിശദീകരിച്ച് രഘു പറഞ്ഞു. ഇതെല്ലാം കൂടി പത്രത്തിൽ കൊടുക്ക്. പറ്റിയാൽ ഒരു ഫാമിലി ഫോട്ടോയും കൊട്. ഞാനും ഒരു കുടുംബക്കാരനാണെന്നു നാലുവോട്ടർമാർ അറിയട്ടെ.

പഞ്ചപാണ്ഡവരിലെ ഭീമൻ പ്രതിഷ്ഠിച്ച ചെങ്ങന്നൂർ തൃപ്പുലിയൂർ കൃഷ്ണക്ഷേത്രത്തിനു തൊട്ടുള്ള പുലിയൂർ പാറയ്ക്കൽ വീട്ടിൽ സുധയെ 1979ൽ 25–ാം വയസ്സിൽ കല്യാണം കഴിക്കുമ്പോൾ ഡി. രഘു പൊലീസിൽ എസ്ഐ മാത്രമായിരുന്നു. പിന്നീടാണ് നടനും ഭീമനുമായത്. പുലിയൂരിലെത്തിയ രണ്ടാം ഭീമൻ.

മുനിസിപ്പൽ കമ്മിഷണറായിരുന്ന അച്ഛൻ ചങ്ങനാശേരി മാവേലി വടക്കേതിൽ കെ. പി. ദാമോദരൻ നായർ സ്ഥലംമാറ്റമായിപ്പോയ കാലത്ത് തന്റെ അളിയനൊപ്പം താമസിച്ച് രണ്ടുവർഷം പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ പ​ഠിച്ചിട്ടുണ്ട് രഘു. സ്ഥാനാർഥിയായി വന്നപ്പോഴേ പഴയ സ്കൂളിലെത്തിനോക്കി... പക്ഷേ സ്കൂൾ അടഞ്ഞുകിടക്കുന്നു. വെക്കേഷൻ. ‘ഇനി സ്കൂൾ തുറക്കുമ്പോഴേക്ക് ഇലക‌്ഷൻ കഴിയും.’ കാറിൽ ഒപ്പമുള്ള യുവമോർച്ചാ സെക്രട്ടറി കൃഷ്ണകുമാർ പറഞ്ഞു. ‘എടാ അപ്പോഴേക്കും ഞാൻ എംഎൽഎ ആയിട്ടുണ്ടാവും’ ​എന്ന് അലറിച്ചിരിച്ച് ഭീമൻ. മലയാളി പേടിച്ച അതേ ചിരി വീണ്ടും.

Your Rating: