Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൽ–ദുൽക്കർ ചിത്രത്തിലെ ബിഗ് ബി കണക്ഷൻ

big-b-dulquer

രാംഗോപാൽ വർമയുടെ ‘ഫാക്ടറി’ യിൽനിന്നായിരുന്നു ഛായാഗ്രാഹകനായി അമൽ നീരദിന്റെ തുടക്കം. അതുവരെയുണ്ടായിരുന്ന ‘കാഴ്ച’പ്പാടുകളുടെ വ്യൂഫൈൻഡർ പുതിയൊരു ആംഗിളിലേക്കു തിരിച്ചുവച്ച കൂട്ടുകെട്ടിന്റെ തുടക്കവും പിന്നാലെ വന്നു. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അമൽ നീരദിന്റെ ‘കമ്പനി’ മലയാളത്തിനു സമ്മാനിച്ചത് ഒന്നല്ല, അഞ്ചു ഛായാഗ്രാഹകന്മാരെയാണ്. ‘ബിഗ് ബി ക്യാമറ സംഘം’ എന്നു വിശേഷിപ്പിക്കാവുന്ന അവരിൽ അ‍ഞ്ചാമനും സ്വതന്ത്ര ഛായാഗ്രാഹകനാവുന്നു.

സമീർ താഹിർ, ഷൈജു ഖാലിദ്, ജോമോൻ ടി. ജോൺ, സതീഷ് കുറുപ്പ്, രണദിവെ എന്നിവരായിരുന്നു ബിഗ് ബിയിലെ ക്യാമറ സംഘം. ദുൽഖർ സൽമാൻ നായകനാവുന്ന അമൽ നീരദിന്റെ പുതിയ ചിത്രത്തിനു ക്യാമറ ചലിപ്പിച്ചാണ് രണദിവെയുടെ അരങ്ങേറ്റം. മുൻപ് അ‍ഞ്ചു സുന്ദരികൾ എന്ന കഥാപരമ്പരയിലെ ‘കുള്ളന്റെ ഭാര്യ’ എന്ന ചെറുചിത്രത്തിനു ക്യാമറ ചെയ്തു.

ബിഗ് ബിയിൽ സമീർ താഹിറായിരുന്നു ക്യാമറ. സമീർ താഹിർ ചാപ്പാ കുരിശിന്റെ സംവിധായകനായപ്പോൾ അതുവരെ അസിസ്റ്റന്റായിരുന്ന ജോമോൻ ടി. ജോൺ സ്വതന്ത്ര ഛായാഗ്രാഹകനായി. അമൽ നീരദിന്റെ ‘ അൻവർ’ എന്ന ചിത്രത്തിലൂടെ സതീഷ് കുറുപ്പ് സ്വതന്ത്രനായി. ഇതിനിടെ, രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്കി’ ലൂടെ ഷൈജു ഖാലിദും പേരെടുത്തു.

ranadiva-amal രണദിവെയ്ക്കൊപ്പം അമൽ നീരദ്

കൂട്ടുകാരൊക്കെ സ്വതന്ത്രരായപ്പോഴും പ്രശസ്തരായപ്പോഴും മാറിനിൽക്കുകയായിരുന്നു രണദിവെ. കോട്ടയവും പാലായും വിദേശനാടുകളും ലൊക്കേഷനാകുന്ന ദുൽഖർ ചിത്രത്തിന്റെ ഫ്രെയിമുകൾ രണദിവെ ഒപ്പിയെടുക്കുമ്പോൾ ഒരു കാത്തിരിപ്പിന്റെ സാഫല്യം കൂടി അതിലുണ്ട്.

എട്ടുവർഷമായി അമൽ നീരദിന്റെ ഒപ്പമുണ്ട് കുന്നംകുളം സ്വദേശിയായ രണദിവെയും. നാളുകൾക്കു മുൻപേ സ്വതന്ത്ര ഛായാഗ്രാഹകനാവാൻ വിളി വന്നതാണ്. പക്ഷേ, അമൽ നീരദിന്റെ ചിത്രത്തിൽ തുടങ്ങണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതാണിപ്പോൾ സഫലമാവുന്നത് – രണദിവെ പറയുന്നു.
 

Your Rating: