Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സ്ഓഫിസ് പുലിമുരുകനൊപ്പം (പുലിമുരുകൻ, ഒപ്പം)

pulimurugan-lal2.jpg.image.784.410

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നു പറയുന്നതു മലയാള സിനിമയിലിപ്പോൾ പുലിമുരുകന്റെ വരവിനെക്കുറിച്ചാണ്. പറഞ്ഞു കേട്ടതിനെക്കാൾ വലിയ സംഭവമായെത്തിയ മോഹൻലാൽ ചിത്രം മലയാളത്തിലെ കലക്‌ഷൻ ചരിത്രമെല്ലാം മാറ്റിക്കുറിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യദിന കലക്‌ഷൻ, ആദ്യ വാര കലക്‌ഷൻ, വേഗത്തിൽ 10 കോടിയും 25 കോടിയും കലക്‌ഷൻ നേടിയ ചിത്രം എന്നീ റെക്കോർഡുകൾ ഇതിനകം തന്നെ മുരുകനു മുന്നിൽ തിരുത്തിക്കുറിക്കപ്പെട്ടു.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്ക്രീനിൽ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി , മൂന്നാം ദിനം 4.83 കോടി. മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ. മലയാളത്തിലെ ആദ്യവാര കലക്‌ഷൻ റെക്കോർഡ് മൂന്നാം നാൾ പിന്നിട്ടു മുരുകൻ. ഒരാഴ്ചകൊണ്ടു 25 കോടി കൊയ്ത സിനിമ ഇതിനകം നിർമാണച്ചെലവായ 28 കോടി രൂപയ്ക്കു മുകളിൽ ഗ്രോസ് കലക്‌ഷൻ നേടിക്കഴിഞ്ഞു! ഓവർസീസ്, സാറ്റലൈറ്റ് റൈറ്റുകൾ ഓഡിയോ, വിഡിയോ റൈറ്റ് എന്നീ ഇനത്തിലും പുലി മുരുകൻ 15 കോടിയോളം രൂപ നേടിയതായാണു വിവരം.

oppam-murugan

ഈ കുതിപ്പ് തുടർന്നാൽ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായി ഇതു മാറിയേക്കും. 70 കോടിയിലേറെ കൊയ്ത മോഹൻലാൽ ചിത്രം തന്നെയായ ദൃശ്യത്തിന്റെ ബോക്സ് ഓഫിസ് റെക്കോർഡ് പുലിമുരുകനു മുന്നിൽ വഴിമാറുമെന്ന് ഉറപ്പാണ്.

പുലിമുരുകനിലൂടെ സംവിധായകൻ വൈശാഖും നിർമാതാവ് ടോമിച്ചൻ മുളുകുപാടവും കൂടി റെക്കോർഡ് പുസ്തകത്തിന്റെ ഭാഗമാവുകയാണ്. അടുത്ത മാസം വിദേശ റിലീസിങ്ങിനൊപ്പം തെലുങ്ക്, തമിഴ് ഭാഷകളിലും മുരുകൻ പുറത്തിറക്കും. തെലുങ്കിൽ ജനതാഗാരേജ് സൃഷ്ടിച്ച ലാൽ പ്രഭാവം അടങ്ങും മുൻപാണു പുലിമുരുകൻ മൊഴിമാറി എത്തുന്നത്.

mohanlal-oppam-dance

പുലി മുരുകനൊപ്പം ഇറങ്ങിയ തോപ്പിൽ ജോപ്പനും ഹിറ്റ് പട്ടികയിലാണ്. 6.25 കോടി രൂപ നിർമാണ ചെലവുളള ചിത്രം ആദ്യ ആഴ്ച 9.5 കോടി രൂപ ഗ്രോസ് കലക്ൻ നേടിക്കഴിഞ്ഞതായി ചിത്രം വിതരണം ചെയ്യുന്ന ആന്റോ ജോസഫ് അറിയിച്ചു. 96 തിയറ്ററുകളിലാണ് ജോപ്പൻ ഓടുന്നത്.

thoppil-joppan-7

ലാൽവർഷം

കഴിഞ്ഞ രണ്ടു വർഷങ്ങളും ഈ വർഷത്തിന്റെ ആദ്യ പകുതിയും കലക്‌ഷൻ സ്റ്റാർ നിവിൻ പോളിയായിരുന്നെങ്കിൽ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തിയ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മോഹൻലാൽ ഈ വർഷം തന്റേതാക്കി കഴിഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ഒപ്പം’ തകർത്തോടി മുന്നേറുന്നതിനൊപ്പമാണ് അതുക്കുംമേലെ പുലിമുരുകനിറങ്ങിയത്. മൂന്നാഴ്ച കൊണ്ട് 30 കോടി പിന്നിട്ട ഒപ്പം 50 കോടി ലക്ഷ്യമാക്കി മുന്നേറുന്നു.

തെലുങ്കിൽ മോഹൻലാലും ജൂനിയർ എൻടിആറും മുഖ്യ വേഷങ്ങളിലെത്തിയ ‘ജനതാഗാരേജ്’ ആകട്ടെ 130 കോടിയിലേറെ രൂപയാണ് ഇതിനകം വാരിയത്. മലയാളത്തിലേക്കും ഈ ചിത്രം മൊഴിമാറ്റം നടത്തിയെത്തിയിരുന്നു. മൂന്ന് ലാൽ സിനിമകൾ മാത്രം ഒന്നര മാസത്തിനിടെ തിയറ്ററുകളിൽ കൊയ്തെടുത്തത് 200 കോടിയിലേറെ രൂപ.

ശുക്രനുദിച്ച ഓണം

മലയാള സിനിമയിൽ ശുക്രനുദിച്ച ഓണക്കാലമായിരുന്നു ഇത്. അഞ്ച് സിനിമകളായിരുന്നു ഇത്തവണ ഓണം റിലീസ്. അതിൽ ഒപ്പം സൂപ്പർ ഹിറ്റായപ്പോൾ ജീത്തു ജോസഫ്-പൃഥ്വിരാജ് ചിത്രമായ ഊഴം, കുഞ്ചാക്കോ ബോബൻ നിർമാതാവും നായകനുമായ കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ (സംവിധാനം സിദ്ധാർഥ് ശിവ), താരത്തിളക്കമൊന്നുമില്ലാതെ ജൂഡ് ആന്റണി ധീരമായി ഒരുക്കിയ ഒരു മുത്തശി ഗദ, ദിലീപ് സിനിമയായ വെൽക്കം ടു സെൻട്രൽ ജയിൽ (സംവിധാനം സുന്ദർ ദാസ്) എന്നീ ചിത്രങ്ങളും മികച്ച കലക്‌ഷൻ നേടി. ഇതിൽ പല ചിത്രങ്ങളും ഇപ്പോഴും തിയറ്ററിൽ തുടരുന്നുമുണ്ട്. സാറ്റ്‌ലൈറ്റ് റൈറ്റ് കൂടി ചേരുമ്പോൾ എല്ലാം ലാഭപട്ടികയിൽ.

ഏറെക്കാലത്തിനു ശേഷമാണ് ഒരു ഓണക്കാലത്ത് ഇറങ്ങുന്ന എല്ലാ സിനിമകളും ഒരുമിച്ച് വിജയം നേടുന്നതെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.രഞ​്ജിത്ത് പറഞ്ഞു. പിന്നാലെയെത്തിയ പുലി മുരുകനും മമ്മൂട്ടി-ജോണി ആന്റണി ചിത്രമായ തോപ്പിൽ ജോപ്പനും ഈ വിജയപാത ഒന്നു കൂടി തെളിച്ചു. ടിക്കറ്റ് നിരക്കിൽ രണ്ട് രൂപ സർവീസ് ചാർജ് കഴിഞ്ഞുള്ള തുകയാണ് ഗ്രോസ് കലക്‌ഷൻ. ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതിയും (കോർപ്പറേഷനിൽ 25%, മുനിസിപ്പാലിറ്റിയിൽ 20% പഞ്ചായത്തിൽ 15% ) തിയറ്റർ വിഹിതവും (സാധാരണയായി ആദ്യ ആഴ്ച 40%, രണ്ടാം ആഴ്ച 45%, മൂന്നാം ആഴ്ച 50%) കഴിഞ്ഞുളള വിഹിതമാണു നിർമാതാവിനു ലഭിക്കുക.

അതുകൊണ്ടു തന്നെ നിർമാണച്ചെലവിന്റെ മൂന്നിരട്ടിയോളം ഗ്രോസ് കലക്‌ഷൻ ലഭിക്കുമ്പോഴായിരിക്കും നിർമാതാവിന് മുടക്കുമുതൽ തിരിച്ചുകിട്ടുക. പക്ഷേ, സാറ്റലൈറ്റ് റൈറ്റ് ഉൾപ്പെടെയുള്ള മറ്റു വരുമാന മാർഗങ്ങളും ഉള്ളതിനാൽ ഇതിനു മുൻപേ തന്നെ മുടക്കുമുതൽ തിരിച്ചുപിടിച്ച് ലാഭം നേടാനുമാവും.