Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യന്റെ ‘ബേൺ മൈ ബോഡി’ എം.ബി.ബി.എസ് പുസ്തകത്തിൽ

aaryan ആര്യൻ കൃഷ്ണ മേനോൻ

കാലികപ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കി നടന്‍ ആര്യൻ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ‘ബേൺ മൈ ബോഡി’ ഹ്രസ്വ ചിത്രം എം.ബി.ബി. എസ് വിദ്യാർഥികളുടെ പുസ്തകത്തിൽ റഫറൻസായി ഇടംപിടിച്ചു. ഫോറൻസിക് വിഷയത്തിന്റെ റിവൈസ്ഡ് എഡിഷനിലാണ് ഹ്രസ്വ ചിത്രം പഠനവിഷയമാകുന്നത്. ചിത്രത്തിന്റെ കവർ ഫോട്ടോ സഹിതമാണ് റഫറൻസുള്ളത്.

"BURN MY BODY" Short Film (With English Subtitles)

മൃതദേഹത്തിൽ തന്റെ കാമം തീർക്കുന്ന, തനിക്കു മുന്നിലെത്തുന്ന ഓരോ സ്ത്രീ ശരീരത്തിലും ലൈംഗികതയുടെ മേച്ചിൽ പുറങ്ങൾ തേടുന്ന മോർച്ചറി ജീവനക്കാരനിലൂടെ സമൂഹത്തിന്റെ മലിനമായ ലൈംഗീക ചിന്തകളെ തുറന്നു കാട്ടുകയാണ് ആര്യന്റെ ഈ ചിത്രം. സ്ത്രീകളുടെ മൃതശരീരത്തെപോലും ഭോഗിക്കുന്ന മോർച്ചറി സൂക്ഷിപ്പുകാരനെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രം ചെയ്തത് നടനും സംവിധായകനുമായ നാദിർഷ ആയിരുന്നു. അപർണ നായരാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇതിനോടകം ഇരുപത്തിയാറുലക്ഷം ആളുകളാണ് ചിത്രം യൂട്യൂബിൽ കണ്ടത്. ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണശേഷവും സ്ത്രീകളുടെ മൃതദേഹം പോലും പീഡനത്തിനിരയാക്കുന്നുവെന്നത് തുറന്നുകാട്ടുന്ന ചിത്രം ഏറെ ചർച്ചയായിരുന്നു.

വി വി പിള്ള എഡിറ്റ് ചെയ്ത ടെക്സ്റ്റ് ബുക് ഓഫ് ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി എന്ന പുസ്തകത്തിന്റെ പതിനേഴാമത് എഡിഷനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടോക്സിക്കോളജിയിൽ‌ ഇന്ത്യയിലെ തന്നെ അവസാന വാക്കാണ് വി വി പിള്ള. ശവരതി എന്ന രോഗാവസ്ഥയെക്കുറിച്ച് വിശദമാക്കുന്ന ഭാഗത്താണ് ഹ്രസ്വ ചിത്രം പരാമർശിക്കപ്പെടുന്നത്.