Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ ഫോൺവിളി പരിധി വിടുമ്പോള്‍

mukesh-suraj-aju

നടനും പ്രേക്ഷകനും തമ്മിലുള്ള അകലം ഒരു വാട്സ് ആപ്പ് നമ്പറിലേക്കു ചുരുങ്ങുമ്പോൾ ആരാധന ഔചിത്യത്തിന്റെ പരിധി വിടുന്നുണ്ടോ? മലയാളത്തിലെ പ്രമുഖ നടനെ രാത്രി 11 മണിക്കു ഫോണിൽ വിളിച്ച് അപമര്യാദയായി സംസാരിച്ച ആരാധകനോടു നടൻ പൊട്ടിത്തെറിക്കുന്ന ഓഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. വാട്സ് ആപ്പിൽ നിരന്തരം മെസേജ് അയച്ചു ശല്യം ചെയ്ത ആരാധകനു മലയാളത്തിലെ യുവതാരം അൽപ്പം എരിവുള്ള ഭാഷയിൽ നൽകിയ ഉപദേശവും മൊബൈലുകളിൽ നിന്നു മൊബൈലുകളിലേക്കു പറക്കുന്നു. ആരാധകർ സ്നേഹിച്ചു സ്നേഹിച്ച് ഉപദ്രവിച്ച അനുഭവങ്ങളെക്കുറിച്ചു മലയാളത്തിലെ താരങ്ങൾ പറയുന്നു...

ഫോൺ എടുക്കാതിരിക്കുന്ന പ്രശ്നമില്ല

മുകേഷ്

കേരളത്തിലെ ഒരു പ്രശസ്ത രാഷ്ട്രീയ നേതാവ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, മലയാളത്തിൽ എപ്പോൾ വിളിച്ചാലും ഫോണെടുക്കുമെന്ന് ഉറപ്പുള്ള അപൂർവം സിനിമക്കാരിലൊരാളാണു മുകേഷ് എന്ന്. കഴിവതും ഫോൺ എടുക്കാൻ ശ്രമിക്കാറുണ്ട്. തിരക്കിലാണെങ്കിൽ പിന്നീടു തിരിച്ചു വിളിക്കും. ഇത്തരം മര്യാദകളെ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ കലാകാരനും പ്രേക്ഷകനും തമ്മിലുള്ള അകലം കൂടുകയേ ഉള്ളൂ. 50 പേരോടു മനസ്സു തുറന്നു സംസാരിച്ചിരുന്നവർ ഏറ്റവും അടുത്തറിയാവുന്ന അഞ്ചു പേരുടെ കോളുകൾ മാത്രം അറ്റൻഡ് ചെയ്യുന്ന അവസ്ഥയിലേക്കു ചുരുങ്ങും. ഔചിത്യബോധമില്ലാത്ത ഒരു കോളിനെ ഭയന്നു മര്യാദ പാലിക്കുന്ന 50 കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കാൻ ഏതായാലും തീരുമാനിച്ചിട്ടില്ല.

10 മണിക്കുശേഷം സ്വിച്ച് ഓഫ്

സുരാജ് വെഞ്ഞാറമ്മൂട് അടുത്തിടെ ഒരു ഷോയിൽ ഞാൻ പറഞ്ഞു. രാത്രി 10 മണിക്കു ശേഷം വിളിച്ചാൽ ഞാൻ ഓഫ് ആയിരിക്കും. കള്ളുകുടിച്ചു ഓഫാകുന്ന കാര്യമല്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്യുമെന്നാണ് ഉദ്ദേശിച്ചത്. നമ്മളെ വിളിച്ചു പ്രകോപിപ്പിക്കുക. കഷ്ടകാലത്തിനു നമ്മളെന്തെങ്കിലും ‘സംസ്കൃതം’ പറഞ്ഞാൽ റെക്കോർഡ് ചെയ്തു യൂട്യൂബിലിടുക. പിന്നെ അതു വൈറലാവുക. ഈ ഉപകരണം സ്വിച്ച് ഓഫ് ചെയ്താൽ ഇത്തരം തലവേദനയൊന്നും വേണ്ടല്ലോ?

എന്റെ കസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിക്കു മുന്നിൽ നിൽക്കുമ്പോൾ ഒരാൾ വന്നു കോമഡി പറഞ്ഞേ എന്നു നിർബന്ധിച്ചിട്ടുണ്ട്. ഇപ്പോൾ തമാശ പറയാൻ പറ്റിയ സാഹചര്യമല്ലെന്നു പറഞ്ഞിട്ട് അയാൾക്കു മനസ്സിലാവുന്നില്ല. ഓ, ഇവനൊക്കെ വലിയ ജാഡയായിപ്പോയി എന്നൊരു കമന്റും. നമ്മളും മനുഷ്യരല്ലേ, നമുക്കുമുണ്ടു സങ്കടങ്ങൾ.

അൽപം പരിഗണന വേണം

അജു വർഗീസ്

ഷൂട്ടിലോ മറ്റു തിരക്കുകളിലോ ആവുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിടുന്നതു കൊണ്ട് എനിക്ക് ഇത്തരം അനുഭവങ്ങൾ അധികമില്ല. സിനിമ കണ്ടു നമ്മളോടു സ്നേഹം തോന്നുന്നതു സന്തോഷമുള്ള കാര്യം തന്നെ. അപൂർവം ചിലർ മാത്രമാണ് ഔചിത്യബോധമില്ലാതെ പെരുമാറുന്നത്. സിനിമാതാരങ്ങൾ മാത്രമല്ല, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു വിശ്രമിക്കുന്ന നഴ്സ് ആയാലും മറ്റുള്ളവരിൽ നിന്ന് അൽപം പരിഗണന അർഹിക്കുന്നുണ്ട്. എത്രയോ സിനിമകളിൽ നമ്മളെ ചിരിപ്പിച്ച സന്തോഷിപ്പിച്ച, കുറഞ്ഞത് അതിനുവേണ്ടി പരിശ്രമിച്ച താരങ്ങളോട് എന്തിനാണു ശത്രുത?

പണി ഫോണിന്റെ രൂപത്തിൽ

രമേഷ് പിഷാരടി

പ്രമുഖ ചാനൽ പരിപാടിക്കിടെ അറിയാത്ത ഒരു നമ്പറിൽ നിന്നു തുടർച്ചയായി കോളുകൾ. ഏതോ അത്യാവശ്യക്കാരനായിരിക്കുമെന്നു കരുതി ഷൂട്ട് കഴിഞ്ഞ ഉടൻ തന്നെ തിരിച്ചു വിളിച്ചു. മറുതലയ്ക്കൽ ഒരു പുരുഷ ശബ്ദം. പിഷാരടിയല്ലേ, ഞാൻ പരിപാടികളൊക്കെ കാണാറുണ്ട്. എനിക്കു വലിയ ഇഷ്ടമാ എന്ന ആമുഖത്തോടെ കക്ഷി പറഞ്ഞു തുടങ്ങി. പരിപാടികളൊക്കെ ഇഷ്ടമാണെന്നു പറയുമ്പോൾ നമുക്ക് ഒരു സ്നേഹമൊക്കെ തോന്നുമല്ലോ. താങ്ക്സ് പറഞ്ഞിട്ടും അയാൾ വിടാൻ ഉദ്ദേശമില്ല. വീടെവിടെയാ, നാടെവിടെയാ, വീട്ടിലാരൊക്കെയുണ്ട്, മോൾക്ക് എത്ര വയസായി എന്നിങ്ങനെ അന്വേഷണങ്ങൾ പുരോഗമിച്ചു. എനിക്ക് അങ്ങോട്ടൊന്നും ചോദിക്കാൻ അവസരം തരാതെ തുടർച്ചയായി ഇങ്ങോട്ടു ചോദ്യങ്ങൾ. സംഭാഷണം ഏതാണ്ടു 10 മിനിറ്റ് കഴിഞ്ഞപ്പോൾ കക്ഷി ഗിയർ മാറ്റി. എന്റെ ഭാര്യയ്ക്കാണു പിഷാരടിയെ കൂടുതലിഷ്ടം. ഞാൻ ഭാര്യയ്ക്കു കൊടുക്കാം.

ഏതാണ്ട് ഇതേ ചോദ്യങ്ങൾ തന്നെ ഭാര്യയും ആവർത്തിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത ടേൺ, എന്റെ മോൾക്കു പിഷാരടിയെ വലിയ ഇഷ്ടമാ, അവളോടു കൂടി ഒന്നു സംസാരിക്കണം. മൂന്നു–മൂന്നര വയസു തോന്നിക്കുന്ന ഒരു കുഞ്ഞു ശബ്ദം എന്നോട് എന്തൊക്കെയോ ചോദിച്ചു. ഒടുവിൽ കറങ്ങിത്തിരിഞ്ഞു ഫോൺ നമ്മുടെ ആരാധകന്റെ കയ്യിൽത്തിരിച്ചെത്തി. മംഗളം പറഞ്ഞു വെക്കാനൊരുങ്ങുമ്പോൾ കക്ഷിയുടെ അന്വേഷണം–അവിടെ ക്ലൈമറ്റ് ഒക്കെ എങ്ങനുണ്ട്. ഞാൻ–ഇവിടെ നല്ല ചൂടാ. ആണോ. ഇവിടെ തണുപ്പ് മൈനസ് ഡിഗ്രിയാണെന്നു മറുപടി. എന്റെ തലയിൽ കൂടി ഒരു മിന്നൽ പോയി. അപ്പോൾ എവിടുന്നാ വിളിക്കുന്നത്? ഓ, ഞാനോ, പറയാൻ മറന്നു. ഞാൻ സ്വിറ്റ്സർലൻഡിൽ നിന്നാ വിളിക്കുന്നത്. ഏകദേശം 2000 രൂപ ആരാധകന്റെ സ്നേഹത്തിൽ ബില്ലായെന്നാണ് ഓർമ! അങ്ങോട്ടു വിളിച്ചു വാങ്ങിയ പണിയായതു കൊണ്ട് ആരോടും പരാതിയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.