Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാക്കാരുടെ മനശ്ശാസ്ത്രത്തിലൂടെ ഒരു യാത്ര !

represetative-image Representative Image

റോക്കറ്റിൽ കയറിയവരെപ്പോലെ പെട്ടെന്ന് പ്രശസ്‌തിയിലേക്കു കുതിച്ചുയരുന്നവരുടെ മനോനില ഊഹിച്ചെടുക്കുക എളുപ്പമല്ല. പ്രശസ്‌തി മോഹിക്കാത്തവരായി ആരുമില്ലെങ്കിലും നിനച്ചിരിക്കാതെ അതിന്റെ കൊമ്പത്തുകയറി നിൽക്കുമ്പോൾ കണ്ണൊന്നു മഞ്ഞളിക്കും.

ആശിച്ചു കിട്ടിയതാണെങ്കിലും ‘ഇത്രയ്‌ക്കു കരുതിയിരുന്നില്ല’ എന്നേ ഏതു പ്രശസ്‌തരും പറയുകയുള്ളൂ. പ്രശസ്‌തി വരുന്നതു പലവഴിക്കാവും. ഒറ്റ രാത്രി ഇരുണ്ടു വെളുക്കുമ്പോഴേക്കും യു ട്യൂബ് ഗാനത്തിലൂടെ പ്രശസ്‌തരാകുന്നവരുണ്ട്. ഇങ്ങനെ തന്നെയാണ് കുപ്രശസ്‌തിയും. കുപ്രശസ്‌തരെ തൽക്കാലം നമുക്ക് വിടാം. അവർ മനോരോഗികളുടെ ആരാധനാപാത്രങ്ങൾ മാത്രമാണല്ലോ. ക്യാംപസുകളിൽ എത്രയോ പേർ പലതരം മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുണ്ടാകാമെങ്കിലും ഒരു മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിക്കപ്പെട്ടയാൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായത് എത്ര പെട്ടെന്നായിരുന്നു ! ദിവസങ്ങൾ കൊണ്ടാണ് ജെഎൻയുവിലെ ഒരു ചെറുപ്പക്കാരനിലേക്ക് ഇന്ത്യയുടെ മുഴുവൻ ശ്രദ്ധയും പതിഞ്ഞത്. ലോട്ടറി വിൽപനക്കാരന്റെ നീട്ടിപ്പറയലിലെന്ന പോലെ നാളത്തെ താരം ആരുമാകാം.

രാഷ്‌ട്രീയാധികാരം പലരെയും മോഹിപ്പിക്കുമെങ്കിലും സിനിമാതാര പദവിയോളം വരില്ല ഒരു സെലിബ്രിറ്റി സ്‌റ്റാറ്റസും. സിനിമയിൽ ക്രിയാത്മകമായ പല മേഖലകളിലും പ്രശസ്‌തരുണ്ടെങ്കിലും അഭിനേതാക്കളാണ് യഥാർത്ഥ താരങ്ങൾ. അവരെ ആരും എളുപ്പം തിരിച്ചറിയും. ഒറ്റ സിനിമകൊണ്ടു തന്നെ അവർ സാധാരണ മനുഷ്യരല്ലാതാവും. ‘ഇവരും മൂത്രമൊഴിക്കുമോ’ എന്ന് ആരും ശങ്കിക്കും വിധം അവർ അമാനുഷരായിത്തീരും ! ഇതിൽ ഒരുതരം പൊറുതിമുട്ടിക്കുന്ന സുഖവും ഒപ്പം വല്ലാത്ത പൊല്ലാപ്പുമുണ്ട്.

പ്രശസ്‌തരാവുക എന്നത് ഒരു തരം സംഭവിക്കലാണ്. അതിൽ ഭാഗ്യത്തിനുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നവരെല്ലാം പ്രശസ്‌തരാകണമെന്നില്ല. സുവർണാവസരം ലഭിച്ചിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ ഒടുങ്ങിപ്പോയവർ എത്രയോ കാണും. എന്നാൽ ഏതെങ്കിലും അപ്രധാന വേഷത്തിൽ ഒന്നു തലകാട്ടിയവർ നിനച്ചിരിക്കാതെ പ്രശസ്‌തിയിലേക്ക് എടുത്തുയർത്തപ്പെടുകയും ചെയ്യും.

പ്രശസ്‌തിയെക്കുറിച്ചും പ്രശസ്‌തരുടെ വീഴ്‌ചയെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക പിരിമുറക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ, സംശയമില്ല, ആദ്യം മനസ്സിലേക്കു വരിക പൂന്താനത്തിന്റെ ജ്‌ഞാനപ്പാനയാണ്. ലോകത്ത് അനേകം തത്വശാസ്‌ത്രങ്ങളും രാഷ്‌ട്രീയ ചിന്താപദ്ധതികളും ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യരുടെ ഏത് അവസ്‌ഥയെയും വ്യാഖ്യാനിക്കാൻ പൂന്താനത്തിന്റെ വരികൾ മാത്രം മതി. ‘മധ്യേയിങ്ങനെ കാണുന്ന നേരത്ത് മൽസരിക്കുന്നതെന്തിന്നു നാം വൃഥാ..’ എന്ന ഒറ്റവരിക്കവിത പോരേ മനുഷ്യർ നേരിടുന്ന ആഗോള പ്രതിസന്ധികൾ മുഴുവൻ പരിഹരിക്കാൻ. മധ്യപൂർവ ദേശങ്ങളിൽ ചെന്നു ജ്‌ഞാനപ്പാനയാണ് പാടേണ്ടത്. (ഒരു പ്രയോജനവുമില്ലെങ്കിലും)

മാളികമുകളിൽ നിന്നിറങ്ങാനും തോളിൽ മാറാപ്പു കേറാനും രണ്ടുനാലു ദിനം മതിയെന്ന് എല്ലാവർക്കുമറിയാം. പക്ഷേ മാളികപ്പുറത്തിരിക്കുമ്പോൾ പി. ലീല പാടുന്നതു കേട്ടു താളം പിടിക്കുമെങ്കിലും അതിന്റെ അർത്ഥത്തിലേക്ക് പ്രശസ്‌തർ കടക്കുകയേയില്ല. അതാണ് മനുഷ്യപ്രകൃതം.

അഭിനേതാക്കളെ അധിക്ഷേപിക്കുകയാണെന്ന് കരുതരുത്. പക്ഷേ ഒരു സത്യം പറയാതെ നിവൃത്തിയില്ല. അധികം ചിന്താശേഷിയില്ലാത്തവർക്കും വരുവരായ്‌കകളെപ്പറ്റി വലിയ പര്യാലോചനയൊന്നും ഇല്ലാത്തവർക്കുമാണ് നന്നായി അഭിനയിക്കാൻ കഴിയുക എന്നൊരു ചൊല്ലുണ്ട്. മറ്റുള്ളവരെന്തു കരുതിയാലും പുല്ലാണെന്നൊരു മനോഭാവവും ഇവർക്കുണ്ടായിരിക്കും. ഇക്കൂട്ടരാണ് അഭിനയ കലയിൽ കൂടുതൽ ശോഭിക്കുകയെന്ന് ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയവരൊക്കെ കണ്ടെത്തിയിട്ടുണ്ട്. (തെളിവിനായി പുസ്‌തകങ്ങൾ ഹാജരാക്കാം) വെള്ളം പോലെ ഒഴുകി നടക്കുന്നവരാണ് നല്ല അഭിനേതാക്കൾ. ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയാണല്ലോ വെള്ളത്തിന്.

ജീവിത ദുരിതങ്ങൾ നീന്തിക്കയറുന്നവരും അലിവുള്ളവരുമായ എത്രയധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും ഒരു നടനോ നടിയോ അതിൽ നിന്ന് എന്തെങ്കിലും വലിയ പാഠം പഠിക്കും എന്ന് ഉറപ്പിച്ചു പറയാനാവില്ല. പഠിക്കുന്നവരുമുണ്ടാകാം എന്നു മാത്രം. നാടകത്തിലേതു പോലെ ഏതെങ്കിലും കഥാപാത്രത്തെ ഉള്ളിലേക്കാവാഹിച്ച് തുടർച്ചയായി അരങ്ങത്ത് അവതരിപ്പിക്കുന്ന രീതിയല്ല സിനിമയിലുള്ളത്.

തെരുവിൽ പിറന്ന അനാഥയുടെ വേഷത്തിൽ ഭിക്ഷ യാചിക്കുന്ന നടിയും കട്ട് പറയുമ്പോൾ തനിക്ക് കുട പിടിക്കാത്ത അസിസ്‌റ്റന്റിനോട് തട്ടിക്കയറുമെന്ന് പ്രേക്ഷകർ ഊഹിക്കാനിടയില്ല. പക്ഷേ അതാണ് സംഭവിക്കുക.ഒന്നും ചിന്തിക്കേണ്ടാത്ത അവസ്‌ഥ. എപ്പോഴും ചുറ്റും പരിചാരകർ. അത്യാദരപൂർവം നോക്കുന്ന ആരാധകർ. എന്തു ഭക്ഷണം പറഞ്ഞാലും ഹനുമാനെപ്പോലെ പാചകപ്പുര തന്നെ എടുത്തുകൊണ്ടുവരാൻ തയാറായി അനുചരവൃന്ദം. പുകഴ്‌ത്താൻ മാത്രമായി കുറേ സുഹൃത്തുക്കൾ. ബാങ്ക് ലോൺ അടയ്‌ക്കുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ട. കുളിക്കാൻ ഗംഗാജലം വേണ്ടവർക്ക് ഗംഗാജലം, മിനറൽ വാട്ടർ വേണ്ടവർക്ക് മിനറൽ വാട്ടർ. ജലദോഷമോ വയറിളക്കമോ ഗ്യാസ്‌ട്രബിളോ അല്ലാതെ മറ്റൊന്നും പ്രശസ്‌തിയുടെ കൊടുമുടിയിൽ വിരാജിക്കുന്ന താരങ്ങളെ അലട്ടാറില്ല.

ഇവ്വിധം ജീവിക്കുമ്പോൾ ചിലർ അൽപം ലഹരി കൂടി ആഗ്രഹിച്ചേക്കും. ലഹരി കയറുമ്പോൾ വിശിഷ്‌ടഭോജ്യങ്ങൾ തന്നെ വേണമല്ലോ. അതിനുമുണ്ടാവില്ല പഞ്ഞം. താരങ്ങളുടെ ജീവിതത്തിൽ എല്ലാ ദിവസവും ഓണവും വിഷുവും പെരുന്നാളും ക്രിസ്‌മസുമാണ്. അവർക്ക്.

ആഘോഷം അവസാനിക്കുന്നതേയില്ല. അവസാനിപ്പിക്കേണ്ട കാര്യവുമില്ല. എന്നാൽ ഇതിനിടയ്‌ക്കും മനസ്സുറപ്പുള്ളവർ തന്ത്രപരമായി ആരോഗ്യസംരക്ഷണം നടത്തുകയും ചെയ്യും. ലഹരിയാകട്ടെ എല്ലാവരെയും ഒരുപോലെ ദോഷകരമായി ബാധിക്കുകയുമില്ല. കുടി ദിനചര്യയാക്കിയ ജോൺ ഏബ്രഹാം കരൾ രോഗം മൂലമല്ല നമ്മോടു വിടപറഞ്ഞത്. നിർഭാഗ്യത്തിന് ഒരു കെട്ടിടത്തിൽ നിന്നു കാൽ തെന്നി വീഴുകയായിരുന്നു. കുടിയേക്കാൾ ദോഷകരം വാരിവലിച്ചുള്ള തീറ്റയാണെന്ന് ജോൺ ഓർമിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. അകാലത്തിൽ മരിച്ച പ്രശസ്‌തനായ ഒരു സംവിധായകന്റെ ശവശരീരത്തിനരികിൽ നിന്നു ജോൺ കരഞ്ഞതിനെപ്പറ്റി ഒരു കഥയുണ്ട്. ‘എത്ര വേണമെങ്കിലും കുടിച്ചോ, പക്ഷേ തീറ്റ കുറയ്‌ക്കണമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ...’ എന്നു പുലമ്പിക്കൊണ്ടായിരുന്നുവത്രേ ജോണിന്റെ കരച്ചിൽ.

കുടിയും തെറ്റായ ഭക്ഷണരീതിയും രണ്ടും ആരോഗ്യത്തിനു ദോഷകരം തന്നെ. എന്നാൽ രോഗം തന്നെ ബാധിക്കില്ല എന്ന അമിതമായ ആത്മവിശ്വാസം പ്രശസ്‌തിയുടെ പാർശ്വഫലങ്ങളിൽ ഒന്നാണ്. അഥവാ രോഗം ബാധിക്കുന്നെങ്കിലും പെട്ടെന്നു ജീവിതം തീരട്ടെ എന്ന ആത്മഹത്യാപരമായ ചിന്ത പ്രശസ്‌തിയിൽ നിന്നുള്ള വീഴ്‌ചയുടെ ഘട്ടത്തിൽ തലപൊക്കുന്നതും സ്വാഭാവികം. തികച്ചും സാധാരണ പശ്‌ചാത്തലത്തിൽ ജീവിച്ചുവളർന്ന് താരപദവിയിലേക്കുയരുന്നവരുടെ ജീവിതം പലവിധത്തിൽ മാറിമറിയലിനു വിധേയമാകും. ദുരിത കാലത്ത് നിഷേധിക്കപ്പെട്ടതെല്ലാം അനുഭവിക്കാനുള്ള ആവേശമാകും ആദ്യമുണ്ടാവുക. പ്രശസ്‌തി വല്ലാതെ തലയ്‌ക്കു പിടിക്കുമെങ്കിലും പ്രശസ്‌തിയൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള പ്രയാസവും ചില്ലറയല്ല. ഇതിനായി ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കലും നാട്ടിൻപുറത്തുകൂടി സൈക്കിളിൽ പോകലുമെല്ലാം വലിയ പൊല്ലാപ്പു തന്നെയാണ്. ഇതിനൊക്കെ പുറമെ സ്വകാര്യത നഷ്‌ടമാകുന്നതിന്റെ വേദന വേറെയും.

പ്രശസ്‌തിയിലേക്കുയരുന്ന സിനിമാ താരങ്ങളുടെ ഉള്ളിൽ രണ്ടോ അതിലധികമോ വ്യക്‌തിത്വങ്ങൾ രൂപപ്പെടുമെന്നാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയ ഒരു അമേരിക്കൻ ഗവേഷക അഭിപ്രായപ്പെടുന്നത്. ആരാധകർക്കു മുന്നിൽ അവർ ഒരു പ്രത്യേക ഇമേജ് രൂപപ്പെടുത്താൻ ശ്രമിക്കും. ഈ ഇമേജ് നിലനിർത്തുന്നതിന്റെ സംഘർഷം മുഴുവൻ സ്വകാര്യവേളയിൽ വേണ്ടപ്പെട്ടവരുടെ മേക്കിട്ട് കയറി തീർക്കാൻ ശ്രമിക്കും. അടിസ്‌ഥാന ജൈവചോദനകളുമായി ബന്ധപ്പെട്ട സൗഹൃദങ്ങളിലാകട്ടെ ഏറ്റവും മൃഗീയമായി പെരുമാറുന്ന ചിലരുമുണ്ടത്രേ. സാധാരണക്കാർ തന്നെ ദ്വിമുഖ വ്യക്‌തിത്വങ്ങളായി കുടുംബത്തിലും പുറത്തും ആടിത്തിമർത്ത് തകരുന്ന അവസ്‌ഥയിൽ താരപ്രഭയിൽ കുളിച്ചുനിൽക്കുന്നവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ഉറച്ച മനശ്ശക്‌തിയുള്ളവർ കൃത്യമായ ചിട്ടയോടെ തങ്ങളുടെ പ്രശസ്‌തി നിലനിർത്താൻ കിണഞ്ഞുപരിശ്രമിച്ചെന്നിരിക്കും.

പ്രശസ്‌തരുടെ ഏറ്റവും വലിയ വെല്ലുവിളി പ്രശസ്‌തി നിലനിർത്തുക എന്നതു തന്നെയാണ്. ഒറ്റ സിനിമയുടെ പരാജയം മതിയല്ലോ ആരാധകർ കയ്യൊഴിയാൻ. പ്രശസ്‌തിയും ആഘോഷവും തീർത്ത കെണിയിൽ ഹോമിക്കപ്പെട്ട എത്രയോ യുവതീയുവാക്കൾ ലോകമെമ്പാടുമുണ്ട്. വിറ്റ്‌നി ഹ്യൂസ്‌റ്റനും മൈക്കൽ ജാക്ക്‌സനും മുതൽ ആ നിര നീണ്ട് നമ്മുടെ കൊച്ചു കേരളം വരെ എത്തിനിൽക്കുന്നു. അഭിനേത്രികളിൽ ചിലർ താരറാണിയുടെ സിംഹാസനത്തിൽ നിന്നുള്ള പതനത്തിൽ മനംനൊന്ത് ജീവനൊടുക്കിയവരാണ്. ഇക്കൂട്ടത്തിൽ താരങ്ങളുമുണ്ട്. ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്ന ശ്രീനാഥ് തഴയപ്പെട്ടതിന്റെ സങ്കടത്തിൽ മാത്രം സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ചികിൽസയെ വകവയ്‌ക്കാതെയും സ്വന്തം ശരീരത്തെ വെല്ലുവിളിച്ചും ആത്മഹത്യാപരമായ ജീവിതത്തിലൂടെ പതുക്കെ മരണത്തെ പുൽകിയവരും ധാരാളമുണ്ട്.

ഈയിടെ നമ്മോടു വിടപറഞ്ഞ പ്രിയതാരം കലാഭവൻ മണിയുടെ അവസാന കാലത്തെ ഒരു ടെലവിഷൻ അഭിമുഖം ശ്രദ്ധേയമാണ്. ഇപ്പോൾ തന്നെ അവഗണിക്കുന്നവർ മരണശേഷം തന്നെ ആഘോഷിക്കും എന്ന് മണി ആ അഭിമുഖത്തിൽ പറയുന്നുണ്ട്.

മരണശേഷം അലയടിക്കുന്ന സ്‌നേഹത്തിന്റെ കടൽ ആരേയും കൊതിപ്പിക്കും. ആ കൊതിയിൽ ഉൾച്ചേർന്നിരിക്കുന്നത് മരണാസക്‌തിയാണെന്ന് ആരു ഓർക്കാറില്ലെങ്കിലും. പ്രശസ്‌തരുടെ മനോവ്യാപാരങ്ങളിലേക്കുള്ള യാത്രയുടെ ആമുഖമായാണ് ഇത്രയും കുറിച്ചത്.

related stories