Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴക്കടലിൽ അലിഞ്ഞുതീർന്ന ചാർലിയിലെ സങ്കടം

charlie-kalpana

മേരിയുടെ മുഖത്ത് എപ്പോഴും ദൈന്യത നിഴലിച്ചിരുന്നു. അവർ നിസ്സഹായയായിരുന്നു. ഭർത്താവും മകളുമുണ്ടായിട്ടും അവർ അനാഥയായിരുന്നു. പ്രതികൂല സാഹചര്യങ്ങളിൽ പെട്ട് ലൈംഗികത തൊഴിലായി അവർക്ക് സ്വീകരിക്കേണ്ടി വന്നു. ഒടുവിൽ ആ തൊഴിൽ സമ്മാനിച്ച മാരക രോഗവുമായി മുന്നോട്ട് എന്തെന്നറിയാതെ അവർ പകച്ചു നിന്നു.

ആഴക്കടലിന്റെ നടുവിൽ ആടിയുലയുന്ന ബോട്ടിൽ അനന്തമായ ഇരുട്ടിലേക്ക് നോക്കി മേരി നിന്നു. അന്ന് അവരുടെ പിറന്നാളായിരുന്നു. പക്ഷേ സന്തോഷിക്കാൻ അവർക്ക് ഒരിക്കലും ആവുമായിരുന്നില്ല. പിറന്നാളുകളുടെ തിളക്കം അവരുടെ ജീവിതത്തിൽ നിന്ന് എന്നേ മാഞ്ഞു പോയതാണ്.

ആ ബോട്ടിൽ വച്ച് ചാർലി മേരിയുടെ പിറന്നാൾ ആഘോഷിച്ചു. കേക്ക് മുറിക്കുന്നതിനു പകരം മീൻ മുറിച്ച്. കടൽ കണ്ട് വിസ്മയിച്ച അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഇതുവരെയുള്ള തന്റെ ജീവിതത്തിന് എന്തൊക്കെയോ അർത്ഥങ്ങളുണ്ടെന്ന് അവർ മനസ്സിലാക്കിയ നിമിഷം. വേദനകൾ അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ട ശരീരത്തിൽ ആശ്വാസത്തിന്റെ കണികയെത്തിയ ദിവസം.

ഒടുവിൽ ആ സന്തോഷ നിമിഷങ്ങളുടെ പരകോടിയിൽ കടലിന്റെ ആഴങ്ങളിലേക്ക് മേരി മുങ്ങാം കുഴിയിട്ടു. ആരോരുമറിയാതെ. അവരെ കാണാതെ ചാർലി പകച്ചു. മേരി മേരി എന്നുള്ള അവന്റെ വിളി മുഴങ്ങി. പക്ഷേ ആ വിളികൾക്കുമപ്പുറമുള്ള ലോകത്തേക്ക് അവർ അപ്പോഴേക്കും യാത്രയായിരുന്നു.

അറം പറ്റിയ കണക്കെ അവസാന സിനിമയിലെ പോലെ വിളി കേൾക്കാത്ത ലോകത്തേക്ക് മേരിയെ പോലെ കൽപനയും യാത്രയായി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്. ചിരിപ്പിച്ച് വന്ന് ഒടുവിൽ കരയിച്ച് മടക്കം. സിനിമയിൽ‌ നിന്നും ജീവിതത്തിൽ‌ നിന്നും.