Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫ് അലക്സ് അല്ല അതുക്കും മേലെ

parasanth-mammootty

കോഴിക്കോട്ടെ കലക്ടർ എങ്ങനെയാകണമെന്ന് മുൻകൂട്ടി കണ്ടയാളാണ് രൺജി പണിക്കർ. എന്നാൽ രൺജി പണിക്കരുടെ ജോസഫ് അലക്സ് തേവള്ളിപറമ്പിലിനും മേലെയാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായരുടെ പോക്ക്.

രണ്ടര മണിക്കൂർ സിനിമയിൽ കണ്ടതിനുമപ്പുറമുള്ള കാഴ്ചകളാണ് കോഴിക്കോട്ടെ കലക്ടർ - എംപി പോരിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. തന്റെ ഫെയ്സ്‌ബുക്ക് പേജിൽ കലക്ടർ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റു ചെയ്തതോടെ ശീതയുദ്ധം ചാനലുകളിലെ അന്തിച്ചർച്ചകളിലേക്കും കയറി. ഭൂരിഭാഗം പേരും കലക്ടറുടെ ഹാസ്യാത്മകമായ നിലപാടിന് കയ്യടിച്ചപ്പോൾ ചിലരെങ്കിലും കലക്ടറുടെ മാപ്പ് പോസ്റ്റ് ചെയ്യൽ അപക്വമായ സമീപനമാണെന്നും ജോസഫ് അലക്സ് സിൻഡ്രോം കേരളത്തിൽ അനുവദിക്കില്ല എന്നുമൊക്കെ സോഷ്യൽ മീഡിയയിൽ വിമർശനവുമായെത്തി.

mammootty maas king dialogue

കുന്നംകുളത്തിന്റെ ഭൂപടം പോസ്റ്റ് ചെയ്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാകുന്നതെങ്ങനെയാണ്. പ്രോട്ടോക്കോൾ പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം ബ്യൂറോക്രാറ്റിനേക്കാൾ ഒരുപടി മുകളിലാണ്. ജനപ്രതിനിധിയെ ബ്യൂറോക്രസി ബഹുമാനിക്കുകതന്നെ വേണം. നിയമം നടപ്പാക്കുന്നത് ബ്യൂറോക്രസിയുടെ അധികാരവും ജനപ്രതിനിധിയുടെ അവകാശവുമാണ്. ഇതുമൂലം പലപ്പോഴും ഈ രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള ഉരസലുകൾ സർവസാധാരണമാണ്.

ജനസേവനത്തിന് ഉദ്യോഗസ്ഥൻ തടസ്സം നിന്നാൽ ജനപ്രതിനിധിക്ക് മുഖ്യമന്ത്രിയോട് പരാതിപ്പെടാവുന്നതാണ്. അതുമല്ലെങ്കിൽ കാര്യകാരണസഹിതം പത്രസമ്മേളനം വിളിച്ചുകൂട്ടാവുന്നതാണ്. ഉന്നതതലത്തിൽനിന്നു വിശദീകരണം ആവശ്യപ്പെട്ടാൽ കലക്ടർ അതു നൽകാൻ ബാധ്യസ്ഥനുമാണ്. എന്നാൽ കോഴിക്കോട്ടു നടന്നത് ഇതൊന്നുമല്ല. പരസ്യമായി മാപ്പു പറയണമെന്നു ജനപ്രതിനിധി പറഞ്ഞാൽ ഉദ്യോഗസ്ഥന് അതനുസരിക്കാനുള്ള ബാധ്യതയില്ല. മാപ്പു പറയുകയോ പറയാതിരിക്കുകയോ കലക്ടറുടെ ഇഷ്ടമാണ്.

മാപ്പു പറച്ചിലിനു പകരം വളരെ സിംബോളിക്കായി സിനിമാറ്റിക്ക് രീതിയിൽ കുന്നംകുളത്തിന്റെ മാപ്പ് തന്റെ പേഴ്സണൽ ഫേസ്ബുക്ക് പേജിൽ കലക്ടർ പോസ്റ്റ് ചെയ്തു. അതാണ് കേരളത്തിൽ വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്. (അവിടെയും ഉണ്ട് ഒരു സിനിമാക്കഥ. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ മാപ്പ് വിൽക്കാൻ വീട്ടിലെത്തുന്ന നാരായണൻ കുട്ടിയുടെ കഥാപാത്രത്തോട് കുന്നംകുളത്തിന്റെ മാപ്പ് ആവശ്യപ്പെടുന്നുണ്ട് ഫിലോമിന അവതരിപ്പിച്ച കഥാപാത്രം.)

Manathe kottaram - comedy

ജനപ്രതിനിധിയെപ്പോലെ പരാതിപ്പെടാനോ പത്രസമ്മേളനം നടത്താനോ അവകാശമില്ലാത്ത ഉദ്യോഗസ്ഥൻ തന്റെ പ്രതികരണം ഈ രീതിയിലെങ്കിലും അറിയിച്ചില്ലെങ്കിൽ Freedom of speech and expression എന്ന മൗലികാവകാശത്തിന് എന്തു പ്രസക്തിയാണുള്ളത്.

കലക്ടർ കോഴിക്കോട് എന്ന പേജിലൂടെയാണ് ഇത്തരമൊരു പ്രതികരണം നടത്തിയിരുന്നതെങ്കിൽ അതിനെ ചട്ടലംഘനമെന്നോ അഹങ്കാരമെന്നോ തുക്കിടിസായിപ്പിന്റെ ബാധയുള്ള ഉദ്യോഗസ്ഥന്റെ ഹുങ്ക് എന്നോ വിളിക്കാമായിരുന്നു. എന്നാൽ കലക്ടറുടെ പ്രതികരണം തന്റെ സ്വകാര്യ പേജിലാണ്. ഇതിനു മുമ്പും പലവിഷയങ്ങളിലും ഹാസ്യാത്മകമായി പ്രതികരിച്ചിട്ടുണ്ട് അദ്ദേഹം. പ്രശാന്ത് നായർ എന്ന വ്യക്തിക്കും പ്രശാന്ത് നായർ എന്ന കലക്ടർക്കുമിടയിൽ കൃത്യമായ അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ കോണിൽ നിന്നുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ഓരോ നീക്കവും.

സിനിമയിലെ മന്ത്രിയെപ്പോലെ, പ്രോട്ടോക്കോൾ പ്രകാരം ഐഎഎസിനേക്കാൾ ഘനമുള്ള ജനാധിപത്യത്തിന്റെ വില കലക്ടർ ബ്രോയെ അറിയിക്കാൻ ചില യഥാർഥ ജനപ്രതിനിധികളും ശ്രമിച്ചു. കൊല്ലംതുളസിയെപ്പോലെ അവരും തട്ടിവിട്ടു ‘അല്ലെങ്കിലും ഒരെല്ല് കൂടുതലാ ഇയാൾക്ക്. കലക്ടർക്ക് ഫേസ്ബുക്ക് നോക്കാനേ സമയമൊള്ളൂ ഫോൺവിളിച്ചാൽ എടുക്കില്ല’ എന്നൊക്കെ. ജോസഫ് അലക്സിനെപ്പോലെ കലക്ടർ ബ്രോ പ്രതികരിച്ചില്ലെങ്കിലും അന്നും നമ്മളോർത്തത് അലക്സിന്റെ ആ വാചകങ്ങളായിരുന്നു.

Mammootty King

‘സ്വീകരിക്കാൻ വൈകി എത്തിയതിന് മന്ത്രി കലക്ടറെ ശാസിച്ചു എന്നൊരു നാലുകോളം വാർത്തയാണ് ലക്ഷ്യമെങ്കിൽ, പറഞ്ഞാൽ മതി സാർ ഞാൻ നിന്നു തരാം. ഇവരുടെയൊക്കെ മുന്നിൽ ഞാനൊരു വിനീത വിധേയന്റെ വിഡ്ഢി വേഷം അഭിനയിച്ചു തരാം. ജസ്റ്റ് ഫോർ ദ സേക്ക് ഓഫ് ദ സീൻ.’

ഇത്തവണയും പ്രകോപിപ്പിക്കാൻ പല രീതിയിൽ നോക്കിയിട്ടും ക്ഷുഭിതനാകാതെ സംയമനം പാലിക്കാൻ തന്നെയാണ് പ്രശാന്ത് നായർ ശ്രമിച്ചത്. പൊതുജനം ഭൂമിശാസ്ത്രം മനസിലാക്കാനാണ് കുന്നംകുളത്തിന്റെ മാപ്പിട്ടതെന്ന ഒറ്റവാചകത്തിൽ കലക്ടർ പ്രതികരണം ഒതുക്കി.

അടുത്തിെട മന്ത്രിമാരും എംഎൽഎമാരും ബ്യൂറോക്രാറ്റുകളും താരങ്ങളും വ്യവസായപ്രമുഖരും ഒന്നടങ്കം പങ്കെടുത്ത വിവാഹമാമാങ്കത്തിനു പോകാതെ കലക്ടർ ഓടിെയത്തിയത് രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ ജവാൻ സുബിനേഷിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായിരുന്നു. നിലപാടുകളുടെ കാര്യത്തിൽ നട്ടെല്ലു വളയ്ക്കാത്ത കലക്ടറെ കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു: അതുക്കും മേലെയാണ് കലക്ടർ ബ്രോ.

Your Rating: