Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമജന് വേണ്ടി ചൂടായ മമ്മൂക്ക

dharmajan-mammookka

2016ൽ കരിയറിലെ ഒരു ബ്രേക്ക് നൽകിയ കഥാപാത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷനിൽ ധർമജന്റെ ദാസപ്പൻ എന്ന കഥാപാത്രം. കഴിഞ്ഞ വർഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെപ്പറ്റി ധർമജൻ. പിഷാരടിയുമായുള്ള സൗഹൃദവും സിനിമാസ്വപ്നങ്ങളും റേഡിയോ മാംഗോ സ്പോട്ട് ലൈറ്റിൽ ധർമജൻ പങ്കുവക്കുന്നു.

പേരു വന്ന വഴി

ധർമജൻ എന്നുപേരിട്ടപ്പോൾ പണ്ട് സ്കൂളിൽ പോകുമ്പോഴൊക്കെ വിഷമമുണ്ടായിരുന്നു. എല്ലാവർക്കും രതീഷ്, സുനിൽ, ദിലീപ് എന്നൊക്കെ പേരിടുമ്പോൾ നമുക്കൊരു സങ്കടം. എന്നെ പലരും പല പേരിലാണ് വിളിച്ചുകൊണ്ടിരുന്നത്. ടീച്ചർമാർ ധർമരാജൻ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്.

ഭസ്മജൻ, ഹർഭജൻ , അമൃതാംഞ്ജൻ എന്നും വിളിക്കുന്നവരുണ്ടായിരുന്നു. ഈ പേരിട്ടതിന് അച്ഛനെ കുറെ ചീത്തപറഞ്ഞിരുന്നു. പിന്നീട് മിമിക്രിയിലേക്ക് വന്നപ്പോൾ വേറെ ആർക്കും ധര്‍മജൻ എന്നൊരു പേരില്ല. അപ്പോൾ അതൊരു അംഗീകാരമായി. മുളകുകാട് എന്നാണ് സ്ഥലത്തിന്റെ പേര്. അതിനൊരു പവറില്ലെന്ന് കണ്ടിട്ടാണ് ബോൾഗാട്ടി എന്ന പേരു കൂടി ചേർത്തത്.

പഴംപൊരി രതീഷ്

പഴംപൊരി ചോദിക്കുമ്പോൾ ഇപ്പോൾ ചേട്ടാ ഒരു രതീഷ് എന്നേ ചോദിക്കൂ. എനിക്ക് വളരെ അടുത്ത സുഹൃത്തുണ്ട്. ഈ സിനിമ റിലീസ് ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹം ഈ പടം കണ്ടു കഴിഞ്ഞ് എന്നെ വിളിച്ച് കുറേ ചീത്ത പറഞ്ഞു. ‘എന്നാലും നീ എന്റെ പേര് പഴം പൊരിക്കിട്ടില്ലേ എന്ന്’. ഞാനങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. പക്ഷേ ഈ സിനിമ ഇറങ്ങികഴിഞ്ഞപ്പോൾ പണിക്കാരൊക്കെ ചായക്കടയിൽ ചെന്നിട്ട് രണ്ട് രതീഷ് എന്നു പറയാൻ തുടങ്ങി. പണ്ട് മിമിക്രിക്കാരുടെ സ്ഥിരം പേരുകൾ ശശി, സോമൻ എന്നൊക്കെയായിരുന്നു. ഇപ്പോ രതീഷ് വന്നതോടെ ശശിയൊക്കെ അതിൽ നിന്ന് രക്ഷപ്പെട്ടു.

Dharmajan Bolgatty on Spotlight | Exclusive Interview

നല്ല തിരക്കഥ

ശക്തമായ തിരക്കഥയായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷനിലേത്. അതെല്ലാം ഭംഗിയായി എഴുതിവച്ചിരുന്നു. ഞാനും സലിം കുമാറൊക്കെ എഴുതി വച്ചത് അവർ എഴുതിവച്ച തമാശകളാണ്. സ്കിപ്റ്റിലൊന്നും കൈകടത്തിയിട്ടില്ല. ദിലീപേട്ടൻ ചോദിച്ചു എടാ സ്ക്രിപ്റ്റ് എങ്ങനെയുണ്ടെന്ന് നോക്കണമെന്ന്. ഞാൻ പറഞ്ഞു ‘എല്ലാം നല്ലതാ ചേട്ടൻ കൈകടത്താതിരുന്നാൽ മതിയെന്ന്’.

നേരത്തെ സ്ക്രിപ്റ്റ് റൈറ്ററായി പണി എടുത്തിട്ടുണ്ട്. പഫ്സ് എടുക്കുന്ന സംഭവം, വിളിക്കാത്ത കല്യാണത്തിന് പങ്കെടുക്കുന്ന രംഗത്തിലൊക്കെ ചിലത് കൈയിൽ നിന്ന് എടുത്ത് അഭിനയിച്ചിട്ടുണ്ട്.

എനിക്ക് വേണ്ടി ചൂടായ മമ്മൂക്ക

പടം ഇറങ്ങിയ ശേഷം ഫോണിന് വിശ്രമേ ഇല്ലായിരുന്നു. നാലായിരത്തിൽ കൂടുൽ വാട്ട്സാപ്പ് സന്ദേശം. പരിചയമില്ലാത്തവരും ഉള്ളവരും ഒരുപാട്പേർ അഭിനന്ദിച്ചു. ഇതിനൊക്കെ ഉപരി ദിലീപേട്ടന്റെ കല്യാണത്തിന് പോയദിവസം. മമ്മൂക്ക എന്നെഅവിടെ കണ്ടിട്ട് വിളിച്ചു. ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. അപ്പോൾ എടാ ഇങ്ങു വന്നേടാ എന്നൊരു വിളി. നോക്കിയപ്പോൾ മമ്മൂക്ക. ഞാൻ അടുത്ത് ചെന്നപ്പോൾ അദ്ദേഹം എന്നെ തോളത്ത് ചേർത്തുപിടിച്ചിട്ട് പറഞ്ഞു. ‘ഞാൻ സിനിമ കണ്ടു നീ അതിനെ തിന്നു കളഞ്ഞു എന്നു പറഞ്ഞു. അതു വലിയൊരു അംഗീകാരമായിരുന്നു. ‘നീ ആ സിനിമയിൽ നന്നായെടാ, നല്ല സംഭാവന നൽകി, നല്ലോണം ഞാൻ ആസ്വദിച്ച് ചിരിച്ചു. മമ്മൂക്ക എന്നോട് പറഞ്ഞു.

ആന്റോ ജോസഫ് ചേട്ടൻ തൊട്ടുപുറകിൽ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം മറ്റൊരു കാര്യം എന്നോട് പറഞ്ഞു. മമ്മൂക്ക എനിക്ക് വേണ്ടി മറ്റുള്ളവരോട് സംസാരിച്ചെന്നും നിന്റെ കാര്യത്തിന് വേണ്ടി ആരോടൊക്കെയോ ചൂടായെന്നും പറഞ്ഞു. അവനെ കണ്ടില്ലേ അവനെയൊന്നും ആരും ശ്രദ്ധിച്ചിട്ടില്ലെന്നും ഇപ്പോൾ ആ പടത്തില്‍ കലക്കിയെത് കണ്ടില്ലേയെന്നും മമ്മൂക്ക അവരോട് പറഞ്ഞെന്നാണ് ആന്റോ ചേട്ടൻ അറിയിച്ചത്. ഒരു അവാർഡ് കിട്ടുന്നതിന് തുല്യമായിരുന്നു അത്.

പിഷാരടിയുമായി പരിചയപ്പെടുന്നത്

വളരെ ഹിറ്റായ ഒരു തമാശപരിപാടി എഴുതുന്ന സമയം. ആ സമയത്താണ് പിഷാരടി വരുന്നത്. അങ്ങനെ ഞങ്ങൾ ഒരുമിച്ച് എഴുതാൻ തുടങ്ങി. ഒരുമിക്കാൻ പറ്റിയ കമ്പനിയാണെന്ന് രണ്ടാൾക്കും തോന്നി. പിന്നീട് ഒരു ചാനലിലേക്ക് പിഷാരടി പോകുകയും മറ്റൊരാൾ പോയതിന്റെ ഒഴിവിൽ എന്നെ വിളിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾ ഒരുമിച്ചപ്പോൾ പരിപാടിക്ക് വലിയ റേറ്റിങ് കിട്ടുകയും എന്നെ സ്ഥിരമാക്കുകയായിരുന്നു. പിന്നീട് മൂന്നുമൂന്നരവർഷം അവിടെ തന്നെ. അങ്ങനെ ഞങ്ങളെ ആളുകൾ സ്വീകരിച്ചു.

ജയിലിൽ പോയ ധർമജൻ

ഞങ്ങളുടെ നാട്ടിൽ കുടിവെള്ളക്ഷാമം വന്നിരുന്നു. അന്ന് ഒരു പാർട്ടിയുടെ യുവജനനേതാവായിരുന്ന സമയത്ത് വാട്ടർ അതോറിറ്റി തല്ലിപ്പൊളിച്ചതിന്റെ പേരിൽ മൂന്നുനാലു ദിവസം എറണാകുളം സബ് ജയിലിൽ കിടന്നിട്ടുണ്ട്.

തല്ലാനൊന്നും വന്നില്ല എന്നാലും പൊലീസുകാർ പേടിപ്പിക്കാനൊക്കെ വന്നു. ജയിലിൽ വന്ന ദിവസം മട്ടൻ കറിയായിരുന്നു. അന്ന് അവിടെ ഒരു പോക്കറ്റടിക്കാരൻ കിടപ്പുണ്ടായിരുന്നു. വന്നു ചാടിയപ്പോ തന്നെ നിനക്കൊക്കെ മട്ടൻ കറിയാണല്ലോ എന്നു പറഞ്ഞു. നാലുദിവസം കഴിഞ്ഞ് ഞങ്ങള്‍ക്ക് ജാമ്യംകിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ കിട്ടാൻ തുടങ്ങി.