Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊയ്തീന്‍ സിനിമയുമായുള്ള കാഞ്ചനമാലയുടെ പിണക്കംമാറണം: ദിലീപ്

dileep-story

ബി.പി. മൊയ്തീൻ സേവാമന്ദിർ പൂർത്തിയാകുമ്പോൾ അതിനു പിന്നിൽ എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ പ്രവർത്തകരും ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ കാഞ്ചനമാല പിണക്കം മാറ്റണമെന്നും ദിലീപ്. മൊയ്തീൻ സിനിമയുടെ പ്രവർത്തകരോട് തനിക്കു ദേഷ്യമില്ലെന്നും എന്നാൽ അവരുടെ പ്രവൃത്തികൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കും വിധം തന്നെ അസ്വസ്ഥയാക്കിയെന്നും കാഞ്ചനമാല.

ബി.പി. മൊയ്തീൻ സേവാമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങായിരുന്നു ദിലീപിന്റെ അഭ്യർഥനയ്ക്കും കാഞ്ചനമാലയുടെ മറുപടിക്കും വേദിയായത്. സേവാമന്ദിറിനായുള്ള കെട്ടിട നിർമാണത്തിന് സഹായവുമായി ആരും മുന്നാട്ടു വരുന്നില്ലെന്നു കണ്ടപ്പോഴാണ് താൻ അക്കാര്യം ഏറ്റെടുത്തത്. എന്നാൽ അതിനു ശേഷമാണ് മറ്റു പ്രശ്നങ്ങൾ കൂടി ഇതിനിടയിൽ ഉണ്ടെന്നു മനസിലായത്. നിയമകുരുക്കുവരെയെത്തി കാര്യങ്ങൾ എന്നും അറിഞ്ഞു. താൻ എന്ന് നിന്റെ മൊയ്തീൻ‍ സിനിമയുടെ സംവിധായകൻ ആർ. എസ്. വിമലിനോടും ചിത്രത്തിലെ നായകൻ പൃഥ്വിരാജിനോടും ഇക്കാര്യം സംസാരിച്ചു.

dileep-image

കാഞ്ചനമാലയുടെ പ്രണയം ലോകത്തെ അറിയിച്ചത് ആ സിനിമയാണ്. ചെറിയ പ്രശ്നങ്ങളുടെ പേരിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥവരെ സിനിമാ പ്രവർത്തകരും കാഞ്ചനമാലയും തമ്മിലുണ്ടായിരിക്കുന്നു. കേസ് പിൻവലിക്കണം. കാഞ്ചനമാലയുടെ സ്വപ്നം പൂവണിയുമ്പോൾ എല്ലാവരും ഒന്നിച്ചുണ്ടാകണം എന്നാണ് തന്റെ ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.

സിനിമാ പ്രവർത്തകരോട് തനിക്ക് ഒരു വിദ്വേഷവുമില്ലെന്നു പറഞ്ഞാണ് കാഞ്ചനമാല മറുപടി പറയാൻ ആരംഭിച്ചത് ആർ.എസ്. വിമലിൽ നിന്നു താൻ‍ പ്രതീക്ഷിക്കാത്തതാണ് ഉണ്ടായത്. ചിത്രീകരണം ആരംഭിക്കും മുൻപ് ഇതിന്റെ തിരക്കഥ ചോദിച്ചപ്പോൾ പലകാര്യങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറി. സ്ക്രിപ്റ്റ് പൂജിക്കാൻ കൊടുക്കുന്നതിനായി തന്റെ കൈയ്യിൽ തന്നു. തന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി പൂജയ്ക്കു ശേഷം അപ്പോൾ തന്നെ തിരികെ വാങ്ങുകയും ചെയ്തു.

dileep-mukkom

തേങ്ങാക്കച്ചവടക്കാരൻ തന്റെ അച്ഛനെ ഉന്തിവീഴ്ത്തുന്നുവെന്നോക്കെ തിരക്കഥയിലുണ്ടെന്നു മുക്കം ഭാസി പറഞ്ഞാണ് അറിഞ്ഞത്. എട്ടു കാര്യസ്ഥർവരെയുണ്ടായിരുന്ന തറവാടാണ് തന്റേത്. ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ചേർത്താൽ ഉണ്ടാകുന്ന അവസ്ഥ ഓർത്തു വിഷമിച്ചുപോയി. വിമലിനെ ഇക്കാര്യം പറയാൻ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഒടുവിൽ നിർമാതാവിനെ വിളിച്ചു കാര്യം പറഞ്ഞു. ഈ സീൻ കട്ട് ചെയ്യുമെന്നു നിർമാതാവ് പറയുകയും തിരക്കഥ വായിക്കാൻ തരികയും ചെയ്തു.

എന്നാൽ വായിക്കാൻ തുടങ്ങും മുൻപ് വിമൽ ബി.പി. റഷീദുമായി വരികയും ബലം പ്രയോഗിച്ചെന്ന മട്ടിൽ തന്നെ തിരക്കഥ റഷീദ് തന്റെ പക്കൽ നിന്നു വാങ്ങിക്കുകയും ചെയ്തു. പല തവണ വിമലിനെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇടയ്ക്കു നിർമാതാവ് മാറിയെന്നും സംഗീത സംവിധായകൻ രമേശ് നാരായണനാണു നിർമാതാവെന്നും പറഞ്ഞു.

kanchanamala-dileep

രമേശ് നാരായണൻ‍ എത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സേവാമന്ദിറിനു സംഭാവനയായി നൽകി. സിനിമയിൽ എന്തൊക്കെ വരുമെന്നറിയാതെ അസ്വസ്ഥയായിരുന്നപ്പോഴാണ് തന്റെ സഹോദരി അഡ്വ. ആനന്ദകനകം കോടതിയെ സമീപിച്ചത്. ഇതിനിടയിൽ പലതവണ വിമലിനെ വിളിച്ചപ്പോൾ തനിക്കു നൽകിയിരുന്ന ഫോൺ നമ്പർ പോലും അദ്ദേഹത്തിന്റേതല്ല എന്ന് അറിഞ്ഞു. സിനിമ ഇതുവരെ കണ്ടിട്ടില്ല. സഹോദരി കണ്ടു. കുഴപ്പമില്ലെന്നു പറഞ്ഞു. കേസ് നിലനിൽക്കുന്നുണ്ടെങ്കിലും വിമലിനും സഹപ്രവർത്തകർക്കും സേവാമന്ദിറിലേക്കു വരുന്നതിൽ തടസമില്ല. പക്ഷെ അവരുടെ മനസിലെ കറയാണു വരാതിരിക്കാനുള്ള കാരണമെന്നും കാഞ്ചനമാല പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.