Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് വർഷത്തിന് ശേഷം ദിലീപും കാവ്യയും

dileep-kavya ശാസ്താംകോട്ട തേവലക്കരയിൽ ‘പിന്നെയും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ദിലീപിനും കാവ്യ മാധവനും നിർദേശം നൽകുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

അനന്തരം അടൂർ ഗോപാലകൃഷ്ണൻ കുന്നത്തൂരിലേക്കു വന്നു; ലോകസിനിമയ്ക്കു ‘പിന്നെയും’ സംഭാവന നൽകാൻ. മനസ്സിൽ സിനിമ ജനിക്കുമ്പോൾ അടൂരിന്റെ അന്വേഷണം കുന്നത്തൂരിൽ ആരംഭിക്കും. അങ്ങനെയാണു പുതിയ സിനിമയായ ‘പിന്നെയും...’ ചിത്രീകരിക്കാൻ അദ്ദേഹം വീണ്ടും കുന്നത്തൂരിൽ എത്തിയത്.

ദിലീപും കാവ്യ മാധവനും അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം കുന്നത്തൂരിലും സമീപത്തു തേവലക്കരയിലുമായി പൂർത്തിയാകുന്നു. കഥ പിറക്കാൻ പറ്റിയ പ്രദേശവും കഥാപാത്രങ്ങൾക്കു പാർക്കാനുള്ള വീടും കുന്നത്തൂരിൽ ഉണ്ടാകുമെന്ന് അടൂരിന് ഉറപ്പുണ്ട്. കറുപ്പിനും വെളുപ്പിനും മധ്യേ ജീവിതത്തിന്റെ യഥാർഥ നിഴലുകൾ കാണിച്ചു തന്നെ അടൂരിന്റെ കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം എന്നീ സിനിമകൾ കുന്നത്തൂരിലാണു പിറന്നത്. അനന്തരത്തിന്റെ കുറച്ചു ഭാഗം ചിത്രീകരിക്കാനും അടൂർ ഇവിടെ എത്തിയിരുന്നു. തേവലക്കര തെരുവിനു പടിഞ്ഞാറു കോതമംഗലത്ത് പുത്തൻവീട്ടിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്.

dileep-adoor

‘പിന്നെയും’ പറയുന്നതു പ്രണയത്തെക്കുറിച്ചാണെന്നു സംവിധായകൻ പറയുന്നു. ‘ആദ്യമായല്ല പ്രണയം എന്റെ സിനിമയിലേക്കു വരുന്നത്. സ്വയംവരവും അനന്തരവും ഒരർഥത്തിൽ നിഴൽക്കുത്തും പ്രണയ കഥയായിരുന്നുവല്ലോ. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണു ‘പിന്നെയും’ പറയുന്നത്’. ദിലീപ് പുരുഷോത്തമനാകുമ്പോൾ കാവ്യ മാധവൻ ദേവിയാകുന്നു. അധ്യാപികയുടെ വേഷമാണു കാവ്യയ്ക്ക്. അടൂരിന്റെ നാലു പെണ്ണുങ്ങൾ എന്ന സിനിമയിൽ കാവ്യ അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ അഭിനയിക്കണമെന്ന ദിലീപിന്റെ മോഹമാണു പിന്നെയും സാധ്യമാക്കുന്നത്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗ്യമാണു നിറവേറുന്നതെന്നു ദിലീപ് പറഞ്ഞു.

pinneyum-movie-2

‘വനിത’യുടെ ഫോട്ടോ മൽസരത്തിൽ നിന്ന് അടൂർ കണ്ടെത്തിയ മീര നല്ലൂരും ഈ സിനിമയിൽ അഭിനയിക്കുന്നു. ഒട്ടേറെ മികച്ച സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള എം.ജെ.രാധാകൃഷ്ണനാണ് അടൂരിനൊപ്പം പ്രവർത്തിക്കുന്നത്. പിന്നെയും സിനിമയിൽ ക്യാമറയ്ക്കു പിന്നിൽ മാത്രമല്ല ഗോപാലകൃഷ്ണൻ, മുന്നിലുമുണ്ട്. ദിലീപിന്റെ യഥാർഥ പേരാണു ഗോപാലകൃഷ്ണൻ. 

Your Rating: