വോട്ടിങ് ബഹിഷ്ക്കരിക്കണമെന്ന വാട്ട്സാപ്പ് ഫെയ്സ്ബുക്ക് സന്ദേശങ്ങൾ പരക്കുന്നതിനിടെ യുവാക്കൾക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമായി യുവതാരം ദുൽക്കർ സൽമാന്റെ വോട്ട്. തന്റെ ആദ്യ വോട്ടാണ് ദുൽക്കർ എറണാകുളത്ത് ചെയ്തത്. പനമ്പള്ളി നഗർ ജിഎച്ച്എസ്എസ്സിലെ ബൂത്തിലാണ് താരം വോട്ട് ചെയ്തത്. കഴിഞ്ഞ പ്രാവശ്യം ചെന്നൈയിലായിരുന്നു അദ്ദേഹത്തിന് വോട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് 3 മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിലാകെ 12.11% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ പലയിടങ്ങളിലും വൻ ക്യൂവാണ് കാണുന്നത്. എന്നാൽ ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും പോളിങ് മന്ദഗതിയിലാണ്.