Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അമ്മയെ വിശ്രമിക്കാൻ അനുവദിക്കൂ: ഡോ. ബിജു

bjiu

കേരള ജനതയെ മുഴുവൻ ഞെട്ടിച്ച സംഭവമാണ് പെരുമ്പാവൂര്‍ ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയ്ക്ക് നേരിടേണ്ടി വന്നത്. മകള്‍ മരിച്ചതിന്റെ ദു:ഖം താങ്ങാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ നിരവധി പ്രമുഖരാണ് എത്തികൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന കാലമായതിനാൽ പലരും രാഷ്ട്രീയലക്ഷ്യം വച്ചാണ് ഈ സന്ദർശനം നടത്തുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ഡോ. ബിജു എഴുതിയ കുറിപ്പ് വായിക്കാം...

‘മകൾ ദാരുണമായി കൊല്ലപ്പെട്ട ഒരു അമ്മയെ ആശുപത്രിയിലെങ്കിലും സ്വസ്ഥമായി അൽപ നേരം കിടക്കാൻ അനുവദിക്കൂ. രാഷ്ട്രീയ നേതാക്കന്മാരും സിനിമാ താരങ്ങളും ഫോട്ടോഗ്രാഫർമാരെയും വീഡിയോഗ്രാഫർമാരെയും ചാനൽ പത്ര റിപ്പോർട്ടർമാരെയും കൂട്ടി പോയി ആ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന നാടകം ഇനിയെങ്കിലും ദയവായി നിർത്തിക്കൂടേ.

ഒട്ടേറെ ജിഷമാർ ഇനിയും ഈ കേരളത്തിലുണ്ട്‌. അടച്ചുറപ്പില്ലാത്ത ഒറ്റ മുറികളിൽ ജീവിക്കുന്നവർ..കിടന്നുറങ്ങാൻ ഒരു കൂര പോലുമില്ലാത്തവർ..സാമൂഹികമായി അകറ്റി നിർത്തപ്പെടുന്നവർ.. .ഇത്രയേറെ സാമൂഹ്യ പ്രതിബദ്ധത ഉള്ള ഈ രാഷ്ട്രീയ നേതാക്കന്മാരും സിനിമാ താരങ്ങളും ദയവായി നമുക്കു ചുറ്റുമുള്ള ഈ യാഥാർഥ്യങ്ങളിൽ ഇനി നിങ്ങൾക്കെന്തു ചെയ്യാം എന്നു ചിന്തിക്കൂ. തല ചായ്ക്കാൻ ഒരിടമില്ലാതെ രാപാർക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങൾക്കു വേണ്ടി എന്തു ചെയ്യണം എന്നു ആലോചിക്കൂ..മനുഷ്യരായി പോലും കണക്കാക്കപ്പെടാത്ത ദളിത്‌ ജീവിതങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങളെയും എങ്ങനെ നോക്കിക്കാണണം എന്നു പറയൂ. അതിനു നിങ്ങൾക്ക്‌ എന്തൊക്കെ സഹായങ്ങൾ ചെയ്യാൻ സാധിക്കും എന്നു പറയൂ.

ഇനിയൊരു ജിഷ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ പുറത്തു ഇപ്പോഴും അടച്ചുറപ്പില്ലാത്ത മുറികളിൽ താമസിക്കുന്ന , താമസിക്കാൻ ഒരു കൂര പോലുമില്ലാത്ത ആയിരക്കണക്കിനു ജിഷമാർക്കു വേണ്ടി നിങ്ങൾക്കു എന്തു ചെയ്യാൻ സാധിക്കും. അതൊന്നും ഞങ്ങളുടെ ജോലി അല്ല, അല്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ ഞങ്ങൾ എന്തു ചെയ്യാൻ എന്നൊക്കെയുള്ള സ്ഥിരം മറുപടികളാണെങ്കിൽ പ്രിയപ്പെട്ടവരേ നിങ്ങൾ ജിഷയുടെ അമ്മയെ എങ്കിലും വെറുതെ വിടുക. ചാനൽ, പത്ര ക്യാമറകൾക്കു മുന്നിൽ നിങ്ങൾക്കു കെട്ടിപ്പിടിച്ചു കരയാനുള്ള ഒരു പ്രദർശന വസ്തുവായി ആ പാവം സ്ത്രീയെ മാറ്റാതിരിക്കുക. അവരൽപസമയമെങ്കിലും ശാന്തമായി ഒന്ന് ഉറങ്ങാൻ സമ്മതിക്കുക.

ജിഷ ജീവിച്ചിരുന്നപ്പോൾ പേടിയും ആധിയും കൊണ്ട്‌ ഒരു ദിവസം പോലും ഉറങ്ങാൻ സാധിച്ചിട്ടില്ല അവർക്ക്‌. ജിഷയുടെ മരണ ശേഷം ഈ ക്യാമറാ ബാഹുല്യത്തിനു നടുവിലുള്ള നിങ്ങളുടെ വലിയ സ്നേഹത്തിന്റെ ആലിംഗനങ്ങളാൽ അവരെ നിങ്ങൾ വീണ്ടും ഉറക്കാതിരിക്കുകയാണോ. ദയവായി അവരെ വെറുതെ വിടൂ..വീടില്ലാത്തതിനാൽ ഉറങ്ങാൻ പേടിച്ചു നിരവധി ജിഷമാർ ഇവിടെയുണ്ട്‌. , ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ പട്ടിണി മരണം സംഭവിക്കാൻ സാധ്യതയുള്ള നിരവധി കുഞ്ഞുങ്ങൾ ഉണ്ടിവിടെ..സാമൂഹികമായി ഇപ്പോഴും അയിത്തം കൽപ്പിക്കുന്ന ദളിത്‌ ജനവിഭാഗങ്ങൾ ജീവിക്കുന്നുണ്ടിവിടെ...ശോചനീയമായ നിലയിൽ ഒരു അവകാശങ്ങളും ലഭ്യമാകാതെ ജീവിക്കുന്ന ആദിവാസികൾ ഇവിടെയുണ്ട്‌..സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക്‌ വലിച്ചെറിയപ്പെട്ട എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു വലിയ വിഭാഗം പാർശ്വവൽക്രിത സമൂഹം ഇവിടെ ജീവിക്കുന്നുണ്ട്‌. നിങ്ങളുടെ ആലിംഗനങ്ങൾ അവരിലേക്കു നീളട്ടെ’..... 

Your Rating: