Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ഡോ.ബിജു

adoor-biju

പിന്നെയും എന്ന സിനിമ മോശമാണെന്ന് എഴുതിയ ഡോ.ബിജുവിനെതിരെ രൂക്ഷപ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയാത്തതിന്റെ അസൂയയാണ് ബിജുവിനെന്നും സിനിമയെന്തെന്ന് അറിയാത്ത വിവരദോഷിയാണ് അദ്ദേഹമെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ഡോ. ബിജു രംഗത്ത്.

ബിജു എഴുതിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങൾ വായിക്കാം–

അടൂരിനെ പോലെ ഒരു മാസ്റ്റർ ഫിലിം മേക്കറുടെ സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതിനാൽ ആ സിനിമയെ മുൻനിർത്തിയുള്ള ഒരു വിമർശനവും മറ്റ് മാസ്റ്റർ ഫിലിം മേക്കേഴ്സിന്റെ ചിത്രങ്ങളുമായി ഒരു താരതമ്യവും ആണ് ഞാൻ നടത്തിയത്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഏതൊരാൾക്കും ജനാധിപത്യ രാജ്യത്തിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ ആ ലേഖനത്തോടുള്ള അടൂരിന്റെ ഭക്തന്മാരുടെ പ്രതികരണം വളരെ മോശമായ ഭാഷയിലും സാംസ്കാരിക ഗുണ്ടായിസത്തിന്റെ രീതിയിലുള്ള തെറി വിളികളും ആയിരുന്നു . അത് പക്ഷെ അടൂർ അറിഞ്ഞിട്ടാവും എന്ന് ഞാൻ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല .

പക്ഷെ ഇന്നത്തെപത്രത്തിൽ അടൂരിന്റേതായി ഒരു പ്രതികരണം വന്നു. അത് വായിച്ചപ്പോൾ സത്യത്തിൽ ദുഃഖം തോന്നി. മലയാള സിനിമയുടെ സാംസ്കാരിക നായകൻ എന്ന് വിശേഷിപ്പിക്കുന്ന ഒരു സംവിധായകൻ ഇത്ര തരം താണ മോശമായ ഭാഷ ഉപയോഗിക്കും എന്ന് ഒരിക്കലും കരുതിയില്ല .വിമർശനങ്ങളെ ആശയപരമായാണ് നേരിടേണ്ടത് . തരം താണ പദ പ്രയോഗങ്ങളിലൂടെ വ്യക്തി ഹത്യ നടത്തിയില്ല.

അടൂരിന്റെ പ്രതികരണം ഇതോടൊപ്പം കൊടുക്കുന്നു . ലോക സിനിമാ മാസ്റ്റർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാളിന്റെ യഥാർത്ഥ സംസ്കാരം എന്താണ് എന്നത് വായിച്ച് തന്നെ എല്ലാവരും മനസ്സിലാക്കട്ടെ . അദ്ദേഹത്തിനോട് ആ ഭാഷയിൽ തന്നെ തിരികെ പ്രതികരിക്കുന്നത് എന്റെ സംസ്കാരത്തിന് യോജിച്ചതല്ല . മാത്രവുമല്ല സ്വയംവരം മുതൽ വിധേയൻ വരെ അദ്ദേഹത്തിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുകയും ആ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ ഏറെ ബഹുമാനത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന ഒരാളാണ് ഞാൻ.

അദ്ദേഹത്തോടെന്നല്ല ഒരാളോടും തരം താണ ഭാഷയിൽ പ്രതികരിക്കുന്നത് മാന്യതയ്ക്കും സംസ്കാരത്തിനും ചേർന്നതല്ല എന്നും ഞാൻ വിശ്വസിക്കുന്നു . ആശയപരമായി യാതൊരു കാര്യവും പറയാത്ത വെറും തരം താണ അസഭ്യ ഭാഷയിലുള്ള ശ്രീ അടൂരിന്റെ പ്രതികരണത്തോട് വലുതായൊന്നും മറുപടി പറയാനില്ല . ഒന്ന് രണ്ട് കാര്യങ്ങളിൽ ചില പരാമർശങ്ങൾ മാത്രം .

സിനിമയെ കുറിച്ച് പറയാൻ എനിക്ക് ഒട്ടും യോഗ്യത ഇല്ല നല്ല ഒരു ക്യാമറാമാൻ ഉണ്ടെങ്കിൽ ബിജുവിനെപ്പോലെ ആർക്കും സംവിധായകൻ ആകാം എന്നാണ് അദ്ദേഹം പറയുന്നത് .നമ്മൾ ഈ ഫിലിം ഇൻസ്റ്റിറ്റൂട്ടിലൊന്നും പഠിച്ചിട്ട് ഇല്ലാത്തതുകൊണ്ട് സിനിമയെ കുറിച്ച് പറയാൻ യോഗ്യത ഇല്ല എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത് . പിന്നെ നല്ല ക്യാമറാമാൻ ഉണ്ടെങ്കിൽ ബിജുവിനെപ്പോലെ

ആർക്കും സംവിധായകൻ ആകാം എന്ന് പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നാകാം. എന്റെ എല്ലാ സിനിമകളുടെയും ക്യാമറാമാൻ എം . ജെ . രാധാകൃഷ്ണൻ ആണ്. ഞാനും അദ്ദേഹവുമായി സഹോദര തുല്യമായ ഒരു ബന്ധം ആണുള്ളത്. പരസ്പരം ഒരു സംവിധായകനും ക്യാമറാമാനും തമ്മിലുള്ള എല്ലാ ആദരവോടെയും സ്നേഹത്തോടെയുമാണ് ഞങ്ങൾ സിനിമ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും . എം ജെ യ്ക്ക് ലഭിച്ച ആറ് സംസ്ഥാന പുരസ്കാരങ്ങളിൽ രണ്ടെണ്ണം എന്റെ സിനിമകളിലൂടെയാണ് ലഭ്യമായത്. എന്റെ സിനിമകളിലൂടെ ആണ് എം ജെ യ്ക്ക് രണ്ടു തവണ അന്തർ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത്.

ഇതേ എം ജെ തന്നെയാണ് അടൂരിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ക്യാമറ ചെയ്തത്. ആ സിനിമകളിലൂടെ ഒന്നുമല്ല എം ജെ യ്ക്ക് സംസ്ഥാനത്തോ അന്താരാഷ്‌ട്ര തലത്തിലോ ബഹുമതികൾ ലഭിച്ചത് എന്നത് അടൂർ തന്നെ തിരിച്ചറിയുന്നത് നന്നായിരിക്കും. പിന്നെ ഹോമിയോ ഡോക്ടർ ആയ ഞാൻ സിനിമ തട്ടകമായി തിരഞ്ഞെടുത്തത് ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു ഇത്തരക്കാർ അപകടത്തിലാക്കുന്നത് മലയാള സിനിമയെ ആണത്രേ.

ഫിലിം ഇൻസ്റ്റിറ്റൂട്ടിലൊന്നും പഠിക്കാത്തവർ സിനിമ ചെയ്തതിലുള്ള അസഹ്യത ആയി ആദ്യ പ്രതികരണത്തെ കണക്കാക്കിയാൽ മതി. പക്ഷെ മലയാള സിനിമയെ അപകടത്തിലാക്കി എന്ന് ഏത് മാനദണ്ഡം നോക്കി ആണ് താങ്കൾ വിലയിരുത്തുന്നത്. സിനിമ എന്തെന്നറിയാത്ത വിവര ദോഷി എന്ന് താങ്കൾ എന്നെ എന്ത് അടിസ്ഥാനത്തിലാണ് വിളിക്കുന്നത്. താങ്കളുടെ വീട്ടിലെ അലമാരയിൽ കുറച്ചു ദേശീയ പുരസ്കാരങ്ങൾ ഇരിപ്പുണ്ടാകുമല്ലോ. ദേശീയ പുരസ്കാരങ്ങൾ വിവര ദോഷികൾക്കാണ് നൽകുന്നത് എന്ന് താങ്കൾ കരുതുന്നുണ്ടോ (ചിലപ്പോഴൊക്കെ അങ്ങനെ ആകാറുണ്ട് എന്നത് യാഥാർഥ്യം ആണ് ).

ഏതായാലും താങ്കൾക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങൾ വിവര ദോഷത്തിനു കിട്ടിയതാണ് എന്ന് ആരും കരുതുന്നില്ല. ഏതാണ്ട് അൻപത് വർഷത്തെ സിനിമാ ജീവിതത്തിൽ താങ്കൾക്കു സിനിമകളിൽ വിവിധ വിഭാഗങ്ങളിലായി 17 ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് . വെറും പത്ത് വർഷത്തെ സിനിമാ ജീവിതം ആകുമ്പോൾ ഫിലിം ഇൻസ്റ്റിറ്റൂട്ടിലൊന്നും പോയിട്ടില്ലെങ്കിലും എനിക്കും കിട്ടിയിട്ടുണ്ട് സാർ വിവിധ വിഭാഗങ്ങളിലായി 4 ദേശീയ പുരസ്കാരങ്ങൾ. താങ്കൾക്ക് ലഭിക്കുമ്പോൾ മാത്രം ദേശീയ പുരസ്കാരങ്ങൾ മഹത്തരം, എന്നെപ്പോലെയുള്ള അധഃകൃതർക്ക് ലഭിക്കുമ്പോൾ വിവരദോഷം എന്നാണ് നിലപാടെങ്കിൽ അതിലൊട്ടും മുഷിച്ചിലില്ല.

അതെ പോലെ തന്നെ താങ്കളുടെ സിനിമകൾക്ക് ഏതാണ്ട് പതിനഞ്ചോളം അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . എനിക്കും ലഭിച്ചിട്ടുണ്ട് പത്ത് വർഷത്തിൽ 12 അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ . അങ്ങയെപ്പോലെയുള്ള വലിയ ആളുകൾക്ക് ലഭിക്കുമ്പോൾ മാത്രം വലിയതാവുകയും എന്നെപ്പോലെയുള്ള ചെറിയ മനുഷ്യർക്ക് ലഭിക്കുമ്പോൾ വിവര ദോഷവും ആകുന്നതാണ് അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ എങ്കിൽ അങ്ങനെ ആയിക്കോട്ടെ.

അതേപോലെ അങ്ങയുടെ സിനിമകൾ ലോകത്തെ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്റെ എട്ട് സിനിമകളും ലോകത്തെ ഏറ്റവും പ്രശസ്തമായ എ ഗ്രെയ്‌ഡ്‌ മേളകളിൽ തന്നെയാണ് പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. എന്റെ സിനിമകൾ വിവിധ രാജ്യങ്ങളിലായി നൂറിൽപ്പരം ചലച്ചിത്ര മേളകളിൽ പ്രദര്ശിപ്പിച്ചിട്ടുണ്ട് .അങ്ങയെപ്പോലെയുള്ളവരുടെ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ലോക മേളകൾ ഗംഭീരവും എന്നെപ്പോലെയുള്ളവരുടെ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ആ മേളകൾ വിവര ദോഷവും ആയി മാറുമായിരിക്കും അല്ലെ.

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് നിർത്താം ജീവിതത്തിൽ ഒന്നുമാകാൻ കഴിയാത്തതിന്റെ അസൂയ ആണ് എനിക്ക് എന്നാണ് അങ്ങയുടെ കണ്ടു പിടുത്തം . അല്ല സാർ എന്റെ സിനിമകൾ മോശമാണെന്നോ എനിക്ക് സിനിമ ചെയ്യാനേ അറിയില്ല എന്നുമൊക്കെ താങ്കൾക്ക് പറയാം . താങ്കൾക്കെന്നല്ല ഏതൊരു വ്യക്തിക്കും ഒരാളിന്റെ സിനിമകൾ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും വിമർശിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ട് . ആ സിനിമകൾ കണ്ടിട്ടായിരിക്കണം ആ വിമർശനവും ഇഷ്ടപ്പെടലും ഇഷ്ടപ്പെടാതിരിക്കലും ഒക്കെ ഉണ്ടാവേണ്ടത് എന്നതും പറയേണ്ടതില്ലല്ലോ .താങ്കൾ എന്റെ ഏതെങ്കിലും ഒരു സിനിമ എങ്കിലും കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.

അത് പോകട്ടെ കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമകൾ കൊള്ളത്തില്ല സിനിമ ചെയ്യാൻ അറിയില്ല എന്നൊക്കെ വിലയിരുത്താനുള്ള വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നപോലെ താങ്കൾക്കും ഉണ്ട് . പക്ഷെ വ്യക്തി ജീവിതത്തിൽ ഒന്നുമാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് താങ്കൾ എങ്ങനെയാണ് വിലയിരുത്തിയത് .എന്റെ ചുറ്റുപാടുകളോടും സഹ ജീവികളോടും മനുഷ്യരോടും പ്രകൃതിയോടും ഒക്കെ കഴിയുന്നത്ര സൗഹാർദത്തോടെയും സ്നേഹത്തോടെയും സന്തോഷത്തോടെയും ഇണങ്ങി ചേർന്ന് ജീവിച്ചു പോകുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ.

Your Rating: