Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനോണെ പുകഴ്ത്തി തോമസ് ഐസക്

thomas-issac-minon

മലയാളത്തിലെ ബാലനടന്മാരിൽ മിടുക്കനാണ് മിനോൺ ജോൺ. 101 ചോദ്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരവും മിനോൺ നേടിയിരുന്നു. അഭിനേതാവ് മാത്രമല്ല മികച്ചൊരു ചിത്രകാരൻ കൂടിയാണ് മിനോൺ. കഴിഞ്ഞ ദിവസം മിനോണിനെ കാണാൻ തോമസ് ഐസക് എത്തി. മിനോന്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം ഫേസ്ബുക്കിൽ ഇതിനെക്കുറിച്ച് എഴുതുകയും ചെയ്തു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–

സിനിമയില്‍ ദേശീയ അവാര്‍ഡ് നേടിയ നടനാണ് മിനോന്‍ ജോണ്‍. അരഡസ്സന്‍ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞു. 80 എക്‌സിബിഷനുകള്‍ നടത്തിയിട്ടുള്ള ചിത്രകാരനാണ്. നാലായിരത്തോളം പെയിന്റിംഗുകള്‍ സ്വന്തമായുണ്ട്. അറിയപ്പെടുന്ന ക്രാഫ്റ്റ്‌സ്മാനാണ്. പച്ചയോലകള്‍ കൊണ്ടുള്ള തൊപ്പിക്കുടയിലാണ് ഏറ്റവും കരവിരുത്. ഇപ്പോള്‍ ഫോട്ടോഗ്രാഫിയിലാണ് കമ്പം. ഇതിനെക്കുറിച്ച് ക്ലാസ്സെടുക്കാനും തയ്യാര്‍.

പലവിഷയങ്ങളെക്കുറിച്ചും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഗസ്റ്റ് ലക്ച്ചറിന് പോകാറുണ്ട്. പക്ഷേ മിനോന് ഇപ്പോഴും പ്രായപൂര്‍ത്തിയായിട്ടില്ല. 15 വയസ്സേയുള്ളൂ. നവകേരളമാര്‍ച്ചിന്റെ സ്വീകരണച്ചടങ്ങുകളില്‍ കലാപ്രതിഭകളെയും മറ്റും ആദരിക്കുന്ന ചടങ്ങുണ്ട്. ജാഥ ക്യാപ്റ്റന്‍ പിണറായി വിജയനില്‍ നിന്നും ആദരവ് ഏറ്റുവാങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍ ഒരുപക്ഷേ മിനോനായിരിക്കും.

minon-thomas

ഹരിപ്പാട്ടെ സ്വീകരണ ചടങ്ങില്‍ വച്ചാണ് മിനോനുമായി പരിചയപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പ് മുഹമ്മയില്‍ വച്ച് വേമ്പനാട് കായല്‍ മത്സ്യകണക്കെടുപ്പിന്റെ ഉദ്ഘാടനവേളയില്‍ മിനോനെ കണ്ടിരുന്നു . ഓര്‍മ്മിക്കാനൊരു കാരണമുണ്ട്. 10 വയസ്സുകാരന്‍ കുട്ടി നെയ്ത ഓലത്തൊപ്പി നല്‍കിക്കൊണ്ടായിരുന്നു അന്ന് സ്വീകരിച്ചത്. ഓലത്തൊപ്പി നിര്‍മ്മാണം വെറും ഹോബിയല്ല. കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്നു . പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകനായ ജോണ്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനാണ്.

ഓല, പുല്ല് തുടങ്ങിയവകൊണ്ടുള്ള 61 തരം നെയ്ത്തുകള്‍ തനിക്കറിയാമെന്നാണ് അവകാശവാദം. ചിലതെല്ലാം വീട്ടില്‍ കാണാനും കഴിഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിയത് ചെമ്പ് നൂലുകൊണ്ട് മെടഞ്ഞുണ്ടാക്കിയ വീവര്‍ കുരുവിയുടെ കൂടാണ്. ഓലയുടെ അരിക് ചീകിയെടുത്താണ് കുരുവി കൂട് കൂട്ടുക .

minon

സ്വീകരണ കേന്ദ്രത്തില്‍ നിും 15 കിലോമീറ്റര്‍ അകലെയുള്ള മിനോന്റെ വീടുവരെ പോകണമെന്ന് തോന്നി . വിയ്യപുരത്ത് വിശാലമായ നെല്‍പാടത്തിന്റെ ബണ്ടിന്‍മേലുള്ള കൊച്ചുവീട്. അവിടെയാണ് ജോണും ഭാര്യ മിനിയും മക്കള്‍ മിനോനും മിന്റുവും താമസിക്കുന്നത്. മിന്റു നല്ലൊരു ഡാന്‍സ്‌കാരിയാണ്. മിനി ചിത്രകാരിയും. എല്ലാവരും ഇവാന്‍ ഇലീച്ചിന്റെ ഡീ-സ്‌കൂളിംഗ് പക്ഷക്കാരാണ്. രണ്ട് കുട്ടികളും സ്‌കൂളില്‍ പോയിട്ടില്ല. വീട്ടില്‍ അച്ഛനമ്മമാരുമായി കളിച്ചും ചിരിച്ചും ജോലി ചെയ്തുമാണ് പഠിച്ചത്. ഇതുകൊണ്ടൊരു കുറവും സംഭവിച്ചിട്ടില്ല. ഏതൊരു സ്‌കൂള്‍ കുട്ടിയുടെ പഠനശേഷിയേക്കാള്‍ വളരെ ഉയര്‍ന്ന ശേഷി അവര്‍ തെളിയിച്ചുകഴിഞ്ഞു. തുടക്കത്തില്‍ സ്‌കൂള്‍തല പരീക്ഷയില്‍ സ്വകാര്യമായി ഇരിക്കുന്നതിനായിരുന്നു ആലോചന. മിനോന്‍ ഇപ്പോള്‍ അത് ഉപേക്ഷിച്ചു. തനിക്ക് അതിന്റെ ആവശ്യമില്ല എന്നതാണ് നിലപാട്.

മിനോന്റെ ആദ്യ സിനിമയായിരുന്നു 101 ചോദ്യങ്ങള്‍. ഇതിന് ഏറ്റവും നല്ല ബാലനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. കേരള സ്റ്റേറ്റ് അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചു. മുന്നറിയിപ്പ് (2014), ലാല്‍ബഹദൂര്‍ ശാസ്ത്രി (2014), എന്നും എപ്പോഴും (2015), ജിലേബി (2015) ഇവയാണ് മറ്റുചിത്രങ്ങള്‍. മിനോന് എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായമുണ്ട്. അത് പറഞ്ഞ് ഫലിപ്പിക്കാനും നന്നായറിയാം. തികച്ചും തനിമയാര്‍ന്ന വ്യക്തിത്വം.

ഫോട്ടോ ക്രെഡിറ്റ് - മനു വിശ്വനാഥ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.