Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ-ടിക്കറ്റ്: സിനിമ സംഘടനകളുടെ പോര് മുറുകുന്നു

may-movies

മേയ് രണ്ട് മുതൽ ഇ-ടിക്കറ്റ് ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് റിലീസിങ് തിയറ്ററുകൾ അടച്ചിടാനുള്ള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നീക്കത്തിനെതിരെ നിർമാതാക്കളുടെയും വിതരണക്കാരുടേയും സംഘടന രംഗത്ത്. തിയറ്റർ ഉടമകളുടെ ഏകപക്ഷീയ സമരത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും അറിയിച്ചു.

ടിക്കറ്റ് വിഹിതവും നികുതി പിരിവും സുതാര്യമാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനത്തെ തിയറ്ററുകാർ എതിർക്കുന്നത് സ്വാർഥതാൽപര്യത്തോടെയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാർ, സെക്രട്ടറി എം.രഞ്ജിത്ത്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ എന്നിവർ അഭിപ്രായപ്പെട്ടു.

ഇ-ടിക്കറ്റിങ് സംവിധാനം നിർമാതാക്കൾക്കും വിതരണക്കാർക്കും ഏറെ ഗുണം ചെയ്യും. പേപ്പർ ടിക്കറ്റുകൾക്കു പകരം കംപ്യൂട്ടർ അധിഷ്ഠിത ടിക്കറ്റ് വരുന്നതോടെ വിൽക്കുന്ന ടിക്കറ്റുകളുടെ കൃത്യമായ വിവരം ലഭിക്കും. നിർമാതാക്കൾക്കും വിതരണക്കാർക്കും തിയറ്ററിൽ നിന്നുള്ള വിഹിതം കൃത്യമായി ഉറപ്പാക്കാമെന്നതിനൊപ്പം സർക്കാരിനു നികുതി വെട്ടിപ്പും തടയാനാകും.

ടിക്കറ്റ് നിരക്കിന്റെ 25% വിനോദ നികുതിയും രണ്ട് രൂപ സേവന നികുതിയുമാണ്. പുറമേ മൂന്ന് രൂപ സാംസ്കാരിക ക്ഷേമനിധി സെസുമുണ്ട്. ബാക്കിയുള്ള തുകയുടെ 60-65% ആണ് നിർമാതാക്കളുടേയും വിതരണക്കാരുടേയും വിഹിതം. ബാക്കി തിയറ്ററുകൾക്കുള്ളതാണ്. ടിക്കറ്റ് വിൽപനയുടെ കണക്ക് ഉറപ്പാക്കാൻ വിതരണക്കാർ റപ്രസെന്റേറ്റീവുമാരെ തിയറ്ററുകളിൽ നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇ-ടിക്കറ്റിങ് വരുന്നതോടെ ടിക്കറ്റ് വിൽപനയുടെ കൃത്യമായ കണക്ക് ലഭിക്കും.

തിയറ്ററുകാർക്ക് ഒരു രൂപ പോലും ചെലവില്ലാതെയാണ് സർക്കാർ ഇ-ടിക്കറ്റിങ് മെഷീനുകൾ സ്വകാര്യ ഏജൻസി മുഖേന തിയറ്ററുകളിൽ സ്ഥാപിക്കുന്നത്. ഇതിന്റെ തിരിച്ചടവായി ഒരു ടിക്കറ്റിന് 42 പൈസ നിരക്കിൽ ഏജൻസിക്ക് അഞ്ചു വർഷത്തേക്കു ലഭിക്കും. ഇത് തങ്ങളുടെ വിഹിതത്തിൽ നിന്നു നൽകാൻ തയാറാണെന്നാണ് നിർമാതാക്കളുടെ നിലപാട്. ചുരുക്കത്തിൽ തങ്ങൾക്ക് ഒരു ബാധ്യതയുമില്ലാത്ത വിഷയത്തിൽ അടിസ്ഥാന രഹിതമായ എതിർപ്പാണ് തിയറ്റർ ഉടമകൾ ഉയർത്തുന്നതെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഡിസി തിയറ്ററുകളിൽ ഇ-ടിക്കറ്റിങ് നേരത്തെ തന്നെ വിജയകരമായി നടപ്പാക്കി. മാളുകളിലെ മൾട്ടി പ്ലക്സുകളിലും ഇ-ടിക്കറ്റിങ്ങാണ്. മേയ് രണ്ട് മുതൽ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും ഇ-ടിക്കറ്റിങ് നടപ്പാക്കണമെന്നാണു സർക്കാർ ഉത്തരവ്.

സാംസ്കാരിക ക്ഷേമനിധി സെസിന്റേയും ഇ-ടിക്കറ്റിങ്ങിനേയും എതിർത്ത് കഴിഞ്ഞ മാസം ഏഴിന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഏകപക്ഷീയമായി തിയറ്ററുകൾ അടച്ചിട്ടു നടത്തിയ സൂചനാ സമരത്തിലൂടെ പുതിയ സിനിമകളുടെ വരുമാനത്തിൽ വൻനഷ്ടം വന്നതായി നിർമാതാക്കൾ പറഞ്ഞു. കിങ്‌ലയർ എന്ന ചിത്രത്തിനു മാത്രം ഒറ്റദിവസത്തെ സമരം മൂലം 50 ലക്ഷം രൂപ നഷ്ടം വന്നതായി നിർമാതാവ് ഔസേപ്പച്ചൻ പറഞ്ഞു. മലയാള സിനിമയിൽ ഏറ്റവും അധികം തിയറ്റർ വരുമാനമുള്ള സമയമാണ് അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങൾ. ഈ സമയം തിയറ്ററുകൾ അടച്ചിട്ടാൽ കോടികളുടെ നഷ്ടമുണ്ടാകും. തിരഞ്ഞെടുപ്പ് വേളയിൽ സർക്കാരിനെതിരെ സമരം ചെയ്യുന്നത് അർഥശൂന്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇ-ടിക്കറ്റിങ് സംവിധാനം മുഴുവൻ ഒരു കുത്തക കമ്പനിയെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും തിയറ്ററുകളെല്ലാം അവരുടെ നിയന്ത്രണത്തിലാകുമെന്നതിനാലാണ് തങ്ങൾ എതിർക്കുന്നതെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു. തിയറ്ററുകളിൽ തങ്ങളുടെ സ്വന്തം സോഫ്ട്‌വെയർ ഉപയോഗിച്ച് ഇ-ടിക്കറ്റിങ് നടപ്പാക്കാൻ തയാറാണ്.

Your Rating: