Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തെ തിയറ്ററുകളിൽ ഇ–ടിക്കറ്റിങ് സംവിധാനം

theatre-story മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ സാങ്കേതിക വിദഗ്ധർ ഇ–ടിക്കറ്റിങ് പ്രവർത്തനം വിശദീകരിക്കുന്നു

സംസ്ഥാനത്തെ തിയറ്ററുകളിൽ ഇ–ടിക്കറ്റിങ് സംവിധാനം വരുന്നു. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ സാങ്കേതിക വിദഗ്ധർ ഇ–ടിക്കറ്റിങ് പ്രവർത്തനം വിശദീകരിച്ചു. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും പ്രതിനിധികളും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. മാർച്ച് അവസാനത്തോടെ സംവിധാനം എല്ലാ തിയറ്ററുകളിലും എത്തുമെന്നാണു പ്രതീക്ഷയെന്നു സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ ജി. സുരേഷ് കുമാർ പറഞ്ഞു. സംവിധാനം നിലവിൽവരുന്നതോടെ ടിക്കറ്റ് വരുമാനത്തിലെ വെട്ടിപ്പും നികുതിവെട്ടിപ്പും തടയാനാകും. സർക്കാരിനു വരുമാനം കൂടും.

സെർവർ സംവിധാനങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും വഹിക്കുന്നതു കെൽട്രോണാണ്. അക്കൗണ്ട്സുമായി ബന്ധപ്പെ‌ട്ടുള്ള ഇടപാ‌ടുകൾക്കു സാങ്കേതികസഹായം നൽകുന്നത് ഐകെഎമ്മാണ്. എറണാകുളത്തുള്ള ഐനറ്റ് വിഷൻസ് സിസ്റ്റംസ് എന്ന കമ്പനിയാണു സോഫ്റ്റ്‌വെയർ തയാറാക്കിയത്. മുപ്പതു കോടിയാണു മുടക്കുമുതൽ. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിങ്ങിലൂടെ പ്രവർത്തിക്കുന്നതിനാൽ ഹാക്കേഴ്സിന് കടന്നുകയറാനാകില്ലെന്നു കെൽട്രോൺ സോഫ്റ്റ്‌വെയർ ജനറൽ മാനേജർ ഷാജി പറഞ്ഞു.

തിയറ്ററുകളിൽ ടിക്കറ്റ് കൗണ്ടറുകളിൽ ഇന്റർനെറ്റ് കണക്‌ഷനോടുകൂടിയ ടിക്കറ്റ് മെഷീനുകൾ സ്ഥാപിച്ച് ഒരു സെൻട്രൽ സെർവറുമായി ബന്ധപ്പെടുത്തിയാണ് ഇ–ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ ടിക്കറ്റ് വിതരണം സുതാര്യമാകും. ഇലക്ട്രോണിക് സ്റ്റാംപിങ്ങും ബാർകോഡും ടിക്കറ്റിൽ ഉണ്ടാകും. ഏതു തിയറ്ററിൽ ഏതു ഷോയ്ക്ക് എത്രാമത്തെ സീറ്റ് എന്നതു കോഡിൽ നിന്ന് അറിയാനാകും. ഓൺലൈൻ വഴിയും ഇ–ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ എത്ര ടിക്കറ്റ് ഓൺലൈൻ വഴി കൊടുക്കാം എന്നതു തിയറ്റർ ഉടമകൾക്കു തീരുമാനമെടുക്കാനും സോഫ്റ്റ്‌വെയർ സൗകര്യമൊരുക്കുന്നു. സർക്കാരിലേക്ക് എത്തേണ്ട വിനോദനികുതി, ക്ഷേമനിധിക്കു ലഭ്യമാകേണ്ട സെസ്സ് എന്നിവ കൃത്യമായി എത്തും. ആവശ്യമെങ്കിൽ സിനിമാ നിർമാതാക്കൾക്കും, വിതരണക്കാർക്കും അവരുടെ സിനിമയുടെ ഓരോ ദിവസത്തെയും കലക്‌ഷൻ അതതു ദിവസം അറിയാനാകും.

കലാകാരൻമാരുടെ ക്ഷേമത്തിനായി തിയറ്ററുകളിൽ വിൽക്കുന്ന ഓരോ ടിക്കറ്റിൽ നിന്നും മൂന്നു രൂപ നൽകണമെന്നു സർക്കാർതലത്തിൽ തീരുമാനമുണ്ടായിരുന്നു. ഇതു പിരിച്ചെടുക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളെയാണു ചുമതലപ്പെടുത്തിയിരുന്നത്. അതുപോലെ ഇ–ടിക്കറ്റാക്കണമെന്ന നിർദേശവും ഉണ്ടായി. ഇതു രണ്ടും സമന്വയിപ്പിച്ചാണു പുതിയ സംവിധാനം. ഇനി തിയറ്റർ ഉടമകൾക്ക് ഓൺലൈൻ വഴി നികുതിയും സെസ്സും അടയ്ക്കാം. തിയറ്ററുകൾക്കു പുറമെ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ മൂവി ടിക്കറ്റ് കിയോസ്കുകൾ വരും.

ഇതോടെ സിനിമാസ്വാദകർക്കു ക്യൂവിൽ നിന്നു തിക്കിത്തിരക്കി ടിക്കറ്റ് വാങ്ങേണ്ടിവരില്ല. കൈരളി, ശ്രീ തിയറ്ററുകളിൽ രണ്ടു വർഷമായി പരീക്ഷിച്ചു വിജയിച്ച സംവിധാനമാണു നിലവിൽവരുന്നതെന്ന് ഐനറ്റ് വിഷൻ ടെക്നിക്കൽ കൺസൽറ്റന്റ് ഫിറോസ് പറഞ്ഞു. ഐകെഎം പ്രോജക്ട് തലവൻ നാരായൺ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്, മാക്ട പ്രസിഡന്റ് ജി.എസ് വിജയൻ എന്നിവർ പ്രതിനിധികളായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.